Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൗരിയമ്മ മുഖ്യമന്ത്രിയാകുമെന്ന വാക്ക് കമ്യൂണിസ്റ്റുകാർ മറന്നു: എം.ലീലാവതി

Dr M Leelavathy

തൃശൂർ∙ കെ.ആർ. ഗൗരിയമ്മ കേരളത്തിന്റെ മുഖ്യമന്ത്രിയാകുമെന്ന നിലയ്ക്കു പ്രചാരണം നടത്തിയ കമ്യൂണിസ്റ്റുകാർ തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ വാക്ക് മറന്നെന്ന് എഴുത്തുകാരി എം.ലീലാവതി. ‘സ്ത്രീശബ്ദം’ മാസികയും സാഹിത്യ അക്കാദമിയും ചേർന്നു സംഘടിപ്പിച്ച ‘സ്ത്രീ സമൂഹം സാഹിത്യം’ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു ലീലാവതി.

സുശീല ഗോപ‍ാലനും മുഖ്യമന്ത്രി ആകാൻ അർഹതയുണ്ടായിരുന്നു. നേതൃനിരയിൽ സ്ത്രീകളെ അംഗീകരിക്കാൻ രാഷ്ട്രീയക്കാർക്കു കഴിയുന്നില്ലെന്നതാണ് സത്യം. സ്ത്രീകളുടെ ഉന്നമനത്തെക്കുറിച്ച് എക്കാലവും വാചാലരാകുന്ന സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോയിൽ എത്ര സ്ത്രീകളുണ്ട്? പ്രാതിനിധ്യം ആനുപാതികമാണോ? സ്ത്രീകൾക്കു 33% സംവരണം ഏർപ്പെടുത്തുമെന്നൊക്കെ കേട്ടു. പക്ഷേ, സ്ഥാനാർഥിത്വത്തിന്റെ കാര്യത്തിൽ അഞ്ചു ശതമാനം പ്രാതിനിധ്യമെങ്കിലും ഏതെങ്കിലും പാർട്ടികൾ സ്ത്രീകൾക്കു നൽകാറുണ്ടോ?

സ്ത്രീകൾക്കു 33% സംവരണം ഉറപ്പാക്കുന്ന ബില്ല് പാർലമെന്റിൽ പാസാകാൻ പോകുന്നില്ല. സത്യത്തിൽ 33 ശതമാനമല്ല, 50% പ്രാതിനിധ്യമാണ് ആവശ്യം. അതു സംവരണമായല്ല, അവകാശമായി സ്ത്രീകൾക്കു ലഭിക്കേണ്ടതാണ്. ബില്ല് പാസായില്ലെങ്കിൽ 33% സംവരണം ഓരോ പാർട്ടിക്കും സ്വയം നടപ്പാക്കാവുന്നതേയുള്ളൂ. അവർ അതു ചെയ്യാത്തതു സ്ത്രീകൾ പൂച്ചകളെപ്പോലെ എക്കാലവും വിധേയത്വം പുലർത്തിക്കോളുമെന്ന് അറിയാവുന്നതുകൊണ്ടാണ്. സ്ത്രീകളെ അംഗീകരിക്കാനുള്ള ബിൽ അല്ല വിൽ ആണു രാഷ്ട്രീയകക്ഷികൾക്ക് ഉണ്ടാകേണ്ടതെന്നും ലീലാവതി പറഞ്ഞു.

പി.സതീദേവി അധ്യക്ഷത വഹിച്ചു. ടി.എൻ.സീമ, ഖദീജ മുംതാസ്, സി.എസ്.സുജാത, രാവുണ്ണി, ആർ.ബിന്ദു, കെ.പി.മോഹനൻ, ലളിത ലെനിൻ, കെ.പി.സുധീര, വിജയരാജമല്ലിക, സൂസൻ കോടി എന്നിവർ പ്രസംഗിച്ചു. തുടർന്നു സെമിനാർ, സംവ‍ാദം എന്നിവ നടന്നു. സമാപന സമ്മേളനം മേയർ അജിത ജയരാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷത വഹിച്ചു.

related stories