സ്വാശ്രയ മെഡിക്കൽ കോളജുകളിലെ സ്പെഷൽ ഫീസുകൾ നിശ്ചയിച്ചു

തിരുവനന്തപുരം∙ സംസ്ഥാനത്തെ 15 സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ കഴിഞ്ഞ അക്കാദമിക് വർഷത്തെയും ഈ വർഷത്തെയും സ്പെഷൽ ഫീസുകൾ നിശ്ചയിച്ചു ജസ്റ്റിസ് ആർ.രാജേന്ദ്രബാബു കമ്മിറ്റി ഉത്തരവിറക്കി.

ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ്, അൽ അസ്ഹർ, അസീസിയ, ഡിഎം വിംസ്, ജൂബിലി, കണ്ണൂർ, കെഎംസിടി, മലബാർ, മലങ്കര ഓർത്തഡോക്സ്, മൗണ്ട് സിയോൺ, പുഷ്പഗിരി, ശ്രീഗോകുലം, ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട്, എസ്ആർ, കരുണ എന്നീ മെഡിക്കൽ കോളജുകളിലെ സ്പെഷൽ ഫീസും ഹോസ്റ്റൽ ഫീസുമാണു നിശ്ചയിച്ചത്. ആറു സ്വാശ്രയ മെഡിക്കൽ കോളജുകളിലെ സ്പെഷൽ ഫീസുകൾ ഇന്നു പ്രഖ്യാപിക്കും. രണ്ടു സ്വാശ്രയ മെഡിക്കൽ കോളജുകൾ കണക്കുകൾ നൽകിയിട്ടില്ല. സ്വാശ്രയ ഡെന്റൽ കോളജുകളിലെ ഫീസ് അടുത്തയാഴ്ച പ്രഖ്യാപിക്കും. ഓരോ കോളജിനും ബാധകമായ ഫീസുകൾ പ്രവേശന മേൽനോട്ട–ഫീസ് നിർണയ സമിതിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാർഥികൾ ഇതു പരിശോധിച്ച് ഉറപ്പുവരുത്തണം.