ചെറു ജലപദ്ധതികൾ നിലനിൽപ്പിന് ആവശ്യം: മന്ത്രി എം.എം.മണി

കോട്ടയം∙ കഴിയുന്നത്ര സാധ്യതകൾ ഉപയോഗിച്ച് ചെറുതും വലുതുമായ ജലവൈദ്യുത പദ്ധതികൾ ആരംഭിക്കേണ്ടത് കേരളത്തിന്റെ നിലനിൽപ്പിന് അനിവാര്യമാണെന്ന് മന്ത്രി എം.എം. മണി. ഡാം സുരക്ഷാ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് കാലാവധി കഴിഞ്ഞ ഡാമുകളുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടത് സംസ്ഥാനത്തിന്റ ഉത്തരവാദിത്വമായി ഏറ്റെടുക്കും. ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളുടെ കാലാവധി കഴിഞ്ഞെങ്കിലും അവയെ സംരക്ഷിച്ചു നിലനിർത്തേണ്ടത് സുരക്ഷയ്ക്ക് അനിവാര്യമാണ്. 50 വർഷത്തെ ഗാരന്റിയോടെ നിർമിച്ച മുല്ലപ്പെരിയാർ ഡാം 120 വർഷം കഴിഞ്ഞാലും നിലനിൽക്കുമെന്നു പറയുന്നത് യുക്തിക്കു നിരക്കുന്നതല്ല. ഡാമുകളുടെ സുരക്ഷാ കാര്യങ്ങളിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും യോജിച്ച നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകണമെന്നും മന്ത്രി പറഞ്ഞു. 

തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജോസ് കെ.മാണി എംപി, നഗരസഭ അധ്യക്ഷ ഡോ. പി.ആർ.സോന, നഗരസഭ അംഗങ്ങളായ സാബു പള്ളിവാതുക്കൽ, പി.എൻ.സരസമ്മാൾ, കെഎസ്ഇബി ഡയറക്ടർ എസ്.രാജീവ്, ഡാം സുരക്ഷ ആർഡ് ഡിഐആർഐപി ചീഫ് എൻജിനീയർ ബിബിൻ ജോസഫ്, കെഎസ്ഇബി ഡയറകടർ ഡോ. വി.ശിവദാസൻ, സിപിഎം ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ, സിപിഎം ഏരിയ സെക്രട്ടറി ബി. ശശികുമാർ, ഡാം സുരക്ഷാ ഓർഗനൈസേഷൻ ഡപ്യൂട്ടി ചീഫ് എൻജിനീയർ ഒ.ബാബുരാജ് എന്നിവർ പ്രസംഗിച്ചു. ഡാം സുരക്ഷാ ആസ്ഥാന മന്ദിരത്തിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥരെ മന്ത്രി ആദരിച്ചു. 

58 ഡാമുകളുടെ മേൽനോട്ടം

ഇടുക്കിഡാമിന്റെ മാതൃകയി‍ൽ നിർമിച്ചിരിക്കുന്ന ഡാം സുരക്ഷാ ആസ്ഥാന മന്ദിരത്തിനു കീഴിൽ കേരളത്തിലെ 58 ഡാമുകളാണുള്ളത്. ഡാമുകളുടെ ദൈനംദിന പരിപാലനം, നിരീക്ഷണം, നൂതന സാങ്കേതിക പരിശോധനകൾ, സുരക്ഷാക്രമീകരണങ്ങൾ, ആനുകാലിക റിപ്പോർട്ട് തയാറാക്കൽ, വിശകലനങ്ങൾ, പഠനങ്ങൾ, അണക്കെട്ടുകളുടെ ആരോഗ്യ പരിപാലന നിർദേശങ്ങൾ, പരിഹാരനടപടികൾ തുടങ്ങിയവയാണ് ഡാം സേഫ്റ്റി ഓർഗനൈസേഷന്റെ ചുമതലകൾ. മൂന്ന് നിലകളിലായി 33000 ചതുരശ്ര അടിയാണ് ഇതിന്റെ വിസ്തീർണം. 8.98 കോടിരൂപയാണു നിർമാണ ചെലവ്.