കണ്ണൂർ∙ ജയിൽ വകുപ്പിൽ ഇപ്പോൾ ഐജി തസ്തികയില്ലെന്നും ഇല്ലാത്ത തസ്തികയിൽ ഐജിയായി എച്ച്.ഗോപകുമാറിനെ നിയമിച്ചതു റദ്ദാക്കണമെന്നും ധനവകുപ്പ്. ഗോപകുമാറിനെ ഐജിയാക്കി മുൻ സർക്കാർ മൂന്നു വർഷം മുൻപു പുറപ്പെടുവിച്ച ഉത്തരവിന് നിയമപരമായി നിലനിൽപില്ലെന്നും കണ്ടെത്തി. ഐജി ഗോപകുമാറിന് നിർബന്ധിത അവധി നൽകിക്കൊണ്ട്, മുതിർന്ന ഡിഐജി ബി.പ്രദീപിന് ഐജിയായി വിരമിക്കാൻ അവസരം നൽകാനുള്ള ജയിൽ വകുപ്പിന്റെ നീക്കം ഇതോടെ പൊളിഞ്ഞു. ഫയൽ ധനവകുപ്പിലെത്തിയപ്പോൾ ഡിഐജിക്കു സ്ഥാനക്കയറ്റമില്ലെന്നു മാത്രമല്ല, ഐജി തസ്തിക ഇല്ലാതാവുകയും ചെയ്തു.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് 2015 ജൂണിലാണ് തസ്തിക സൃഷ്ടിച്ച് എച്ച്.ഗോപകുമാറിന് ഐജിയായി സ്ഥാനക്കയറ്റം നൽകാൻ തീരുമാനിച്ചത്. ആദ്യം ധനവകുപ്പ് അനുകൂല നിലപാടെടുത്തെങ്കിലും ക്രമവിരുദ്ധമെന്നു ബോധ്യപ്പെട്ടതിനാൽ ഉത്തരവിറങ്ങുന്നതിനു മുൻപ് അനുമതി പിൻവലിച്ചു. എന്നാൽ ധനവകുപ്പ് ആദ്യം നൽകിയ അഭിപ്രായം മാത്രം കണക്കിലെടുത്ത് സ്ഥാനക്കയറ്റം നൽകി പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.
ഇതിനിടെയാണ് ഈ മാസം വിരമിക്കുന്ന ഡിഐജി പ്രദീപിനു ഐജിയായി വിരമിക്കുന്നതിനുള്ള അവസരമൊരുക്കാൻ ജയിൽ വകുപ്പ് വഴിവിട്ട നീക്കം നടത്തിയത്. ഇതിനായി ഐജി ഗോപകുമാർ മൂന്നു മാസത്തെ, ശമ്പളത്തോടെയുള്ള അവധിയിൽ പ്രവേശിച്ചു. ഐജിയുടെ ലീവ് വേക്കൻസിയിൽ ഡിഐജിക്കു സ്ഥാനക്കയറ്റം നൽകണമെന്ന് ജയിൽവകുപ്പ് ആഭ്യന്തര സെക്രട്ടറിക്കു ശുപാർശ ചെയ്തു. ഫയൽ ധനവകുപ്പിന്റെ മുൻപിലെത്തിയപ്പോഴാണ് ഐജി തസ്തിക തന്നെ നിലവിലില്ലെന്നു തീർപ്പുകൽപിച്ചത്.
ഐജി തസ്തിക ഐപിഎസ് കേഡറിലുള്ളതാണ്. ഇതിലേക്ക് ഐപിഎസ് ഇല്ലാത്തവർക്കു സ്ഥാനക്കയറ്റം നൽകണമെന്ന ശുപാർശ അംഗീകരിക്കാൻ കഴിയില്ല. ഗോപകുമാറിന്റെ സ്ഥാനക്കയറ്റം റദ്ദാക്കിയെങ്കിലും സാമ്പത്തികാനുകൂല്യം നഷ്ടപ്പെടാതിരിക്കാൻ, താൽക്കാലിക സ്ഥാനക്കയറ്റം ലഭിച്ച തീയതി മുതൽ 46640–58640 എന്ന ശമ്പളസ്കെയിൽ അനുവദിക്കാം. ഫയൽ ധനമന്ത്രി കൂടി പരിശോധിച്ച ശേഷമാണു തീരുമാനമെന്നു പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിൽ എടുത്തുപറയുന്നു. ഗോപകുമാറിനു കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഐജിയായി സ്ഥാനക്കയറ്റം നൽകിയതു വലിയ രാഷ്ട്രീയ വിവാദമായിരുന്നു. എൽഡിഎഫ് സർക്കാർ വന്ന ശേഷവും അതിനെതിരെ നടപടിയെടുത്തിരുന്നില്ല.