തിരുവനന്തപുരം∙ ലയനത്തിലൂടെ പിള്ള വിഭാഗം എൽഡിഎഫ് ഘടകകക്ഷിയായാൽ മന്ത്രിസഭയിലേക്കു കെ.ബി.ഗണേഷ്കുമാറിനായി വൈകാതെ അവകാശവാദം ഉയരും. എന്നാൽ, മുന്നാക്ക വികസന കോർപറേഷൻ ചെയർമാനായ ആർ.ബാലകൃഷ്ണപിള്ളയ്ക്കു നിലവിൽ കാബിനറ്റ് റാങ്ക് ഉള്ളതിനാൽ രണ്ടിൽ ആർക്കു പദവി വേണമെന്ന കാര്യം ആദ്യം അവർക്കിടയിൽ ധാരണയാകേണ്ടി വരും.
നിയമസഭാംഗമുള്ള ഘടകകക്ഷികൾക്കെല്ലാം മന്ത്രിസഭയിൽ അംഗത്വമെന്ന ഫോർമുലയാണു മന്ത്രിസഭാ രൂപീകരണവേളയിൽ ഇടതുമുന്നണി സ്വീകരിച്ചത്. അതുപ്രകാരമാണ് കോൺഗ്രസ്–എസിലെ ഏക എംഎൽഎ ആയ രാമചന്ദ്രൻ കടന്നപ്പള്ളിയെ ഉൾപ്പെടുത്തിയതും. എൽഡിഎഫ് വിപുലീകരണനീക്കങ്ങൾ ഊർജിതമായതോടെയാണ് ഇപ്പോൾ പിള്ളയും സ്കറിയാതോമസും ലയിക്കുന്നതിനുളള നീക്കം.
കേരള കോൺഗ്രസ് (സ്കറിയാ തോമസ്) നിലവിൽ ഘടകകക്ഷിയാണ്. പിള്ളയുടെ പാർട്ടി പുറത്ത് എൽഡിഎഫുമായി സഹകരിച്ചു പ്രവർത്തിക്കുന്നവരുടെ ഗണത്തിലും. ലയനം എങ്ങനെ എന്ന കാര്യവും നിർണായകമാകും. കേരള കോൺഗ്രസിന്റെ തന്നെ സ്ഥാപക നേതാവായ ആർ.ബാലകൃഷ്ണപിള്ള, സ്കറിയാ തോമസിന്റെ പേരിലുളള കക്ഷിയുടെ ഭാഗമാകുമോയെന്ന പ്രശ്നമുണ്ട്. തിരിച്ചു സ്കറിയാ തോമസ് വിഭാഗം അങ്ങോട്ടുലയിച്ചാൽ മുന്നണിക്കു പുറത്തുള്ള ഒരു കക്ഷിയുടെ ഭാഗമായി മാറുമെന്നതിനാൽ അതിനു തയാറാകുകയുമില്ല.
ഇരുപാർട്ടികളും ലയിച്ച് ഒരു പുതിയ കേരള കോൺഗ്രസിനുള്ള സാധ്യതയുണ്ട്. അപ്പോൾ, ഒരു പുതിയ പാർട്ടിയെ ഇടതുമുന്നണിയിലെടുക്കണമോ വേണ്ടയോ എന്ന അജൻഡയാകും. സിപിഎം ഇക്കാര്യത്തിൽ സ്വീകരിക്കുന്ന സമീപനമായിരിക്കും പ്രധാനം. മുഖ്യമന്ത്രിയുടെ ആശീർവാദത്തോടെയാണു ലയനനീക്കമെന്നത് ഇരുനേതാക്കൾക്കും ആത്മവിശ്വാസം പകരും.
രണ്ടുപാർട്ടികൾ പൂർണമായും ലയിക്കുന്നത് അയോഗ്യതാ തർക്കങ്ങൾക്കു വഴിവയ്ക്കുകയുമില്ല. ഇടതുമുന്നണിയുമായി ബന്ധപ്പെട്ടു നിൽക്കുന്ന കേരള കോൺഗ്രസുകൾ ഒറ്റപ്പാർട്ടിയാകുകയെന്ന സിപിഎമ്മിന്റെ അഭിപ്രായം മുൻനിർത്തിയാണു നീക്കമെങ്കിലും ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ കേരള കോൺഗ്രസ് ലയനത്തോട് അനുകൂലമല്ല.