തിരുവല്ല ∙ ചലച്ചിത്ര സംവിധായകനും പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി പ്രവർത്തിച്ച ആദ്യ മലയാളിയുമായ ജോൺ ശങ്കരമംഗലം (84) അന്തരിച്ചു. നെഞ്ചുവേദനയെ തുടർന്ന് ഇരവിപേരൂരിലെ വീട്ടിൽ നിന്ന് ഇന്നലെ രാവിലെ ഒൻപതരയോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു അന്ത്യം. സംസ്കാരം നാളെ രണ്ടിന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം നാലിന് ഇരവിപേരൂർ ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ.
ഇരവിപേരൂർ ശങ്കരമംഗലം തൈപ്പറമ്പിൽ ടി.ഒ.ചാക്കോയുടെയും അന്നമ്മയുടെയും മകനായി 1934 ജൂലൈ 16ന് ആണ് ജോൺ ജനിച്ചത്. ഇരവിപേരൂർ സെന്റ് ജോൺസ് ഹൈസ്കൂൾ, ചങ്ങനാശേരി എസ്ബി കോളജ്, മദ്രാസ് ക്രിസ്ത്യൻ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. മദ്രാസ് ക്രിസ്ത്യൻ കോളജിൽ അധ്യാപകനായെങ്കിലും ജോലി ഉപേക്ഷിച്ച് പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാൻ ചേർന്നു.
പിന്നീട് സംവിധാന മേഖലയിലേക്ക് തിരിഞ്ഞു. ജന്മഭൂമി, അവൾ അൽപം വൈകിപ്പോയി, സാരാംശം, സമാന്തരം എന്നീ സിനിമകൾ സംവിധാനം ചെയ്തു. ജന്മഭൂമിക്ക് 1969ൽ മികച്ച ദേശീയോദ്ഗ്രഥന സിനിമയ്ക്കുള്ള അവാർഡ് ലഭിച്ചു. 1978ൽ മികച്ച ഹ്രസ്വചിത്ര സംവിധായകനുള്ള ദേശിയ അവാർഡും ജോണിനെ തേടിയെത്തി. കൂടാതെ സിനിമാ –ഡോക്യുമെന്ററിയിലെ മികവിന് സംസ്ഥാന സർക്കാരിന്റെ നാല് അവാർഡുകളും ലഭിച്ചു. പുണെയിലെ നാഷനൽ ഡിഫൻസ് അക്കാദമിയെപ്പറ്റിയുള്ള ഡോക്യുമെന്ററിയാണ് അവസാനമായി സംവിധാനം ചെയ്തത്.
ചങ്ങനാശേരി സെന്റ് ജോസഫ്‌സ് കോളജ് ഒാഫ് കമ്യൂണിക്കേഷന്റെ അക്കാദമിക് ചെയർമാനും പ്രിൻസിപ്പലുമായി പ്രവർത്തിച്ചുവരികയായിരുന്നു. ഭാര്യ എറണാകുളം പെരുങ്കുളം വെളിപ്പറമ്പിൽ മറിയാമ്മ ജോൺ. മക്കൾ: സുദർശൻ ജോൺ, ആനി ജോൺ (ഇരുവരും സോഫ്റ്റ്‌വെയർ എൻജിനീയർമാർ, പുണെ). മരുമക്കൾ: വാഴക്കുളം കുറുപ്പുംമഠത്തിൽ ജോയി ഇമ്മാനുവേൽ, ഷാരൺ ഏബ്രഹാം (മുംബൈ).