സരിതയുടെ വിവാദ കത്ത് ഗണേഷിന്റെ ഗൂഢാലോചനയെന്ന് ഉമ്മൻ‌ചാണ്ടി

കൊട്ടാരക്കര ∙ സോളർ കേസിലെ പ്രതി സരിത നായരുടെ വിവാദ കത്തിൽ തനിക്കും യുഡിഎഫ് നേതാക്കൾക്കുമെതിരെ ലൈംഗിക ആരോപണങ്ങൾ ഉൾ‍പ്പെടെ ഉന്നയിക്കുന്ന നാലു പേജുകൾ കൂട്ടിച്ചേർത്തതു കെ.ബി. ഗണേഷ്കുമാർ എംഎൽഎയും സരിതയും നടത്തിയ ഗൂഢാലോചനയെ തുടർന്നാണെന്നും ഗണേഷ്കുമാറിന്റെ വിരോധമാണ് ഇതിനു പിന്നിലെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൊഴി. 

കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണു സാക്ഷിയായി ഉമ്മൻചാണ്ടി മൊഴി നൽകിയത്. യുഡിഎഫ് മന്ത്രിസഭയിൽ അംഗമായിരുന്ന ഗണേഷ്കുമാറിനു രാജിവച്ച ശേഷം പല കാരണങ്ങളാൽ മന്ത്രിസഭയിൽ തിരികെ പ്രവേശിക്കാൻ കഴിഞ്ഞില്ല. ഇതുമൂലം മുഖ്യമന്ത്രി എന്ന നിലയിൽ തന്നോടും യുഡിഎഫ് നേതാക്കളോടും വിരോധമുണ്ടായി. 

സരിത നായരുടെയും ബിജു രാധാകൃഷ്ണന്റെയും നേതൃത്വത്തിലുള്ള ടീം സോളർ കമ്പനിക്കെതിരെ പരാതി ഉയർന്നപ്പോൾ അതേക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. ഇവർക്കെതിരെ ക്രിമിനൽ കേസുകളും റജിസ്റ്റർ ചെയ്തു. മന്ത്രിസഭാ തീരുമാനപ്രകാരം സോളർ കേസിൽ കമ്മിഷനെയും നിയമിച്ചു. 

പത്തനംതിട്ട ജയിലിൽ സരിത നായർ തന്റെ അഭിഭാഷകനായ ഫെനി ബാലക‍ൃഷ്ണനു ജയിൽ സൂപ്രണ്ടിന്റെ സാന്നിധ്യത്തിൽ കൈമാറിയ 21 പേജുള്ള കത്ത് സോളർ കമ്മിഷനു മുന്നിൽ പിന്നീടു നാലു പേജു കൂടി കൂട്ടിച്ചേർത്താണു നൽകിയതെന്നും ഉമ്മൻചാണ്ടി മൊഴി നൽകി. ഗണേഷിന്റെയും സരിതയുടെയും ഗൂഢാലോചനയിൽ കൂട്ടിച്ചേർത്ത ഈ നാലു പേജുകളിലാണു തനിക്കും യുഡിഎഫ് നേതാക്കൾക്കുമെതിരെ ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കമ്മിഷൻ പുറപ്പെടുവിച്ച റിപ്പോർട്ട് റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നു റിപ്പോർട്ട് ഭാഗികമായി റദ്ദു ചെയ്തു. 

കത്തിലെ അധികമായി എഴുതിച്ചേർത്ത പേജുകളും തുടർന്നുണ്ടായ കണ്ടെത്തലുകളും സർക്കാർ നടപടി ക്രമങ്ങളും പരിശോധിക്കണമെന്നും പേജുകളെ അടിസ്ഥാനമാക്കിയുള്ള വാർത്തകളും പ്രചാരണങ്ങളും അവസാനിപ്പിക്കണമെന്നും ഹൈക്കോടതി ഈ വർഷം മേയ് 15നു വിധി പുറപ്പെടുവിച്ചെന്നും ഉമ്മൻചാണ്ടി മൊഴി നൽകി. 

കത്തിലെ കൂട്ടിച്ചേർ‍ത്ത പരാമർശങ്ങൾക്കു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇതിന്റെ സത്യാവസ്ഥ തെളിയിക്കണമെന്നും ആവശ്യപ്പെട്ടു സുധീർ ജേക്കബ് ഫയൽ ചെയ്ത കേസിലാണ് ഇന്നലെ ഉമ്മൻചാണ്ടി കോടതിയിൽ മൊഴി നൽകിയത്. 

കേസ് അടുത്ത മാസം ഒന്നിനു വീണ്ടും പരിഗണിക്കും. കേസിൽ ഫെനി ബാലകൃഷ്ണന്റെയും പത്തനംതിട്ട ജയിൽ സൂപ്രണ്ടിന്റെയും മൊഴി കോടതി രേഖപ്പെടുത്തിയിരുന്നു.