തൃശൂർ ∙ എൻഐഎ കേസുകളിലെ വിചാരണത്തടവുകാർ അടക്കമുള്ളവരെ പാർപ്പിച്ചിരിക്കുന്ന സംസ്ഥാനത്തെ ജയിലുകളിൽ വൻ സുരക്ഷാ വീഴ്ച. വിയ്യൂർ സെൻട്രൽ ജയിൽ ഉൾപ്പെടെ അഞ്ചിടത്തു മെറ്റൽ ഡിറ്റക്ടർ പോലുമില്ല. വിഡിയോ കോൺഫറൻസിങ് സംവിധാനം കേടായിക്കിടക്കുന്നതു 12 ജയിലുകളിൽ. എൻഐഎ തടവുകാരുള്ള വിയ്യൂരിന്റെ സ്ഥിതിയാണ് ഏറ്റവും പരിതാപകരം. ഇവിടെ സിസിടിവി, വിഡിയോ കോൺഫറൻസിങ് സംവിധാനങ്ങളും പ്രവർത്തനരഹിതം.
വിവരാവകാശ നിയമപ്രകാരമുള്ള അന്വേഷണത്തിലാണു പൂജപ്പുര, കണ്ണൂർ സെൻട്രൽ ജയിലുകൾ ഒഴികെയുള്ള സ്ഥലങ്ങളിലെ സുരക്ഷാ വീഴ്ചകൾ വ്യക്തമായത്. പൂജപ്പുരയിലെയും കണ്ണൂരിലെയും വിവരങ്ങളാകട്ടെ, സുരക്ഷാ കാരണങ്ങളാൽ പുറത്തുവിടാനാകില്ലെന്ന മറുപടിയാണു ലഭിച്ചത്. സംസ്ഥാനത്തു സിസിടിവി, മെറ്റൽ ഡിറ്റക്ടർ, വിഡിയോ കോൺഫറൻസിങ് സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നതു നാലു ജയിലുകളിൽ മാത്രം – ഹോസ്ദുർഗ് ജില്ലാ ജയിൽ, കോഴിക്കോട് സ്പെഷൽ സബ് ജയിൽ, തിരുവനന്തപുരം വനിതാ ജയിൽ, നെയ്യാറ്റിൻകര സ്പെഷൽ സബ് ജയിൽ.
വിയ്യൂർ സെൻട്രൽ ജയിലിനു പുറമേ മെറ്റൽ ഡിറ്റക്ടർ ഇല്ലാത്ത ജയിലുകൾ ഇവ: ചീമേനി തുറന്ന ജയിൽ, വിയ്യൂർ വനിതാ ജയിൽ, എറണാകുളം സബ് ജയിൽ, പൊൻകുന്നം സ്പെഷൽ സബ് ജയിൽ.
സംസ്ഥാനത്തെ ജയിലുകളിൽ വിഡിയോ കോൺഫറൻസിങ് സംവിധാനം സ്ഥാപിക്കാൻ നാലുവർഷം മുൻപു കേന്ദ്രസർക്കാരിൽ നിന്നു 11 കോടിരൂപ പൊതുമരാമത്തു വകുപ്പു കൈപ്പറ്റിയിരുന്നെങ്കിലും പദ്ധതി ഭാഗികമായി മാത്രമാണു നടപ്പായത്. നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ സഹായത്തോടെ സ്ഥാപിച്ച സംവിധാനങ്ങൾ പന്ത്രണ്ടിടത്തു കേടായിക്കിടക്കുന്നു. 23 ജയിലുകളിൽ ഇതു സ്ഥാപിച്ചിട്ടേയില്ല. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സംസ്ഥാനത്തെ ജയിലുകളിൽ നിന്നു പിടികൂടിയതു 39 മൊബൈൽ ഫോണുകളും 32 സിം കാർഡുകളും. തിരുവനന്തപുരം നെട്ടുകാൽത്തേരി, കാസർകോട് ചീമേനി തുറന്ന ജയിലുകളിൽ നിന്നുമാത്രം 24 ഫോണുകൾ പിടിച്ചു. വിവിധ ജയിലുകളിലായി 29 പേർക്കെതിരെ കേസെടുത്തു.
ഹൈ സെക്യൂരിറ്റി’ പേരിൽ മാത്രം
തീവ്രവാദ – രാജ്യദ്രോഹക്കേസുകളിലെ കുറ്റവാളികളെ പാർപ്പിക്കാൻ വിയ്യൂർ സെൻട്രൽ ജയിലിനോടു ചേർത്തു നിർമിച്ച ഹൈ സെക്യൂരിറ്റി ജയിൽ വർഷങ്ങളായി അടഞ്ഞുകിടക്കുന്നു. ഉദ്ഘാടനം നടത്തിയിട്ടു രണ്ടു കൊല്ലമായെങ്കിലും അതീവസുരക്ഷാ സംവിധാനങ്ങളൊന്നും സ്ഥാപിച്ചിട്ടില്ല. മുംബൈ ആർതർ റോഡ് ജയിൽ മാതൃകയിൽ സുരക്ഷാ സംവിധാനങ്ങളൊരുക്കാൻ 15 കോടിരൂപ ഇനിയും വേണ്ടിവരുമെന്നാണു ജയിൽ വകുപ്പിന്റെ കണക്കുകൂട്ടൽ. തീവ്രവാദക്കേസ് പ്രതികളടക്കമുള്ളവരെ ഇപ്പോൾ വിയ്യൂർ സെൻട്രൽ ജയിലിലെ പരിമിത സുരക്ഷയിലാണു പാർപ്പിച്ചിരിക്കുന്നത്.
പുതിയ ഹൈ സെക്യൂരിറ്റി ജയിലിൽ തടവുകാർ തമ്മിൽ ആശയവിനിമയത്തിനു സാഹചര്യമുണ്ടാകില്ല. തടവുകാരെ പരിശോധിപ്പിക്കാൻ ഫുൾബോഡി സ്കാനർ, ബാഗേജ് സ്കാനർ, ബയോ മെട്രിക് വെരിഫിക്കേഷൻ പവർ ഫെൻസിങ്, കംപ്യൂട്ടർവൽക്കൃത ഡേറ്റ മാനേജ്മെന്റ്, 15 മീറ്റർ ഉയരത്തിൽ നാലു നൈറ്റ് വിഷൻ വാച്ച് ടവർ, ഹൈ ബീം സെർച്ച് ലൈറ്റ്, ഇരുനൂറ്റിയൻപതിലേറെ സിസിടിവി ക്യാമറകൾ, വിഡിയോ കോൺഫറൻസിങ് സംവിധാനം, തടവുകാരുടെ മനഃപരിവർത്തനത്തിനു മനഃശാസ്ത്ര ലാബുകൾ, സായുധ കാവൽ, പ്രത്യേക ട്രാൻസ്ജെൻഡർ ബ്ലോക്ക് എന്നിവയടക്കമാണു ഹൈ സെക്യൂരിറ്റി ജയിൽ പദ്ധതിയിലുള്ളത്.