കൊച്ചി ∙ നിസാമുദ്ദീൻ–തിരുവനന്തപുരം രാജധാനി എക്സ്പ്രസിൽ വെള്ളിയാഴ്ച പുലർച്ചെ എറണാകുളത്ത് എത്തുമെന്ന് അറിയിച്ചിരുന്ന തോമസ് മാർ അത്തനാസിയോസിനെ സ്വീകരിക്കാനായി പ്രൈവറ്റ് സെക്രട്ടറി ഡീക്കൻ സോളമൻ ബാബു, സഹായി പ്രീ സെമിനാരി വിദ്യാർഥി ജിതിൻ ജോസഫ് എന്നിവർ പുലർച്ചെ 2.30ന് സ്റ്റേഷനിലെത്തിയിരുന്നു.
ട്രെയിൻ എത്തിയിട്ടും മെത്രാപ്പൊലീത്തയെ കാണാതിരുന്നതിനെ തുടർന്നു സോളമനും ജിതിനുമാണു വിവരം റെയിൽവേ പൊലീസിനെയും ആർപിഎഫിനെയും അറിയിച്ചത്. അടുത്ത ബന്ധുവിന്റെ ഞായറാഴ്ച നടക്കേണ്ട വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എറണാകുളത്തേക്കു വരികയായിരുന്നു അദ്ദേഹം.
ബാഗും ഒരു ട്രോളി ബാഗും മെത്രാപ്പൊലീത്ത യാത്ര ചെയ്തിരുന്ന എസി കോച്ചിന്റെ വാതിലിനു സമീപം ഉണ്ടായിരുന്നു. ബാഗുകൾ കണ്ടതോടെ എന്തെങ്കിലും അപകടം സംഭവിച്ചിട്ടുണ്ടാകാമെന്ന് അവർ സംശയിച്ചു. ആർപിഎഫ് അടുത്ത സ്റ്റേഷനുകളിലേക്കു സന്ദേശം കൈമാറിയെങ്കിലും വിവരങ്ങളൊന്നും ലഭിച്ചില്ല. നേരം പുലർന്നപ്പോൾ സംഭവം അറിഞ്ഞ നാട്ടുകാരാണു വിവരം പൊലീസിനെ അറിയിച്ചത്. ഉടനെ റെയിൽവേ പൊലീസിനൊപ്പം സോളമനും മറ്റുള്ളവരും സ്ഥലത്ത് എത്തി തിരിച്ചറിഞ്ഞു. അസിസ്റ്റന്റ് കമ്മിഷണർ കെ.ലാൽജിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം അപകടം നടന്ന സ്ഥലത്തെത്തി പരിശോധന നടത്തി. ഭൗതികദേഹം എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചു.
ഓഗസ്റ്റ് ഏഴിനാണു മെത്രാപ്പൊലീത്ത വഡോദരയിലേക്കു പോയത്. ഒറ്റയ്ക്കാണു മിക്കപ്പോഴും യാത്ര. 17ന് തിരികെ വരേണ്ടതായിരുന്നു. എന്നാൽ വെള്ളപ്പൊക്കം മൂലം ട്രെയിനിൽ വരികയുമായിരുന്നു. ചെങ്ങന്നൂരിലെ ദുരിതാശ്വാസപ്രവർത്തനങ്ങൾക്കു വേണ്ട നിർദേശം നൽകുകയും അതിൽ സജീവമായി പങ്കെടുക്കാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചിരുന്നുവെന്നു വൈദികർ പറഞ്ഞു. വഡോദരയിൽ അദ്ദേഹം മുൻകൈയെടുത്തു നടത്തിയിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ സന്ദർശിക്കാനാണു പോയത്.