നെടുമ്പാശേരി∙ കൊച്ചി രാജ്യാന്തര വിമാനത്താവളം വീണ്ടും പ്രവർത്തനസജ്ജമായി. ഇൻഡിഗോയുടെ ബെംഗളൂരുവിൽ നിന്നുള്ള വിമാനമാണ് ഇന്ന് ഉച്ചയ്ക്ക് 2.05ന് ആദ്യമിറങ്ങുക. ആദ്യം പറന്നുയരുന്നതും (3.25) ഈ വിമാനം തന്നെയായിരിക്കും. ഇതുൾപ്പെടെ 32 വിമാനങ്ങൾ ഇന്നു വന്നുപോകും.
എയർ ഇന്ത്യ എക്സ്പ്രസിന്റെയും ജെറ്റ് എയർവേയ്സിന്റെയും മസ്കത്തിൽ നിന്നുള്ള വിമാനങ്ങളും ഇൻഡിഗോയുടെ ദോഹ, ജെറ്റ് എയർവേയ്സിന്റെ ദുബായ്, ഗോ എയറിന്റെ ഷാർജ, ഇത്തിഹാദിന്റെ അബുദാബി, എയർ ഏഷ്യയുടെ ക്വാലലംപുർ വിമാനങ്ങളുമെത്തി മടങ്ങുന്നുണ്ട്. ബാക്കി എല്ലാം ആഭ്യന്തര സർവീസുകളാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ എല്ലാ സർവീസുകളും പുനരാരംഭിക്കാൻ കഴിയുമെന്ന് എയർപോർട്ട് ഡയറക്ടർ എ.സി.കെ.നായർ അറിയിച്ചു.
ആയിരത്തിലേറെപ്പേർ എട്ടു ദിവസവും 24 മണിക്കൂറും ജോലി ചെയ്താണു വിമാനത്താവളം പുനരാരംഭിക്കാവുന്ന നിലയിലാക്കിയത്. കഴിഞ്ഞ 15നാണു വിമാനത്താവളം അടച്ചത്. വിമാനത്താവളത്തിന്റെ 10 കിലോമീറ്റർ ചുറ്റുമതിലിൽ രണ്ടര കിലോമീറ്റർ തകർന്നു. പാർക്കിങ് ബേ, ടെർമിനലുകൾ എന്നിവിടങ്ങളിൽ വെള്ളം കയറി. റൺവേയിൽ ചെളി അടിഞ്ഞുകൂടി. ഏതാണ്ട് 300 കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
വെള്ളം ഇറങ്ങിയതോടെ 20 മുതൽ നവീകരണപ്രവർത്തനങ്ങൾ സിയാൽ മാനേജിങ് ഡയറക്ടർ വി.ജെ.കുര്യന്റെ നേതൃത്വത്തിൽ ആരംഭിച്ചു. തകർന്ന മതിൽ താൽക്കാലികമായി പുനർനിർമിച്ചു. കേടുപറ്റിയ നാലു കൺവെയർ ബെൽറ്റുകൾ, 22 എക്സ്റേ മെഷീനുകൾ, വൈദ്യുതി വിതരണ സംവിധാനം, ജനറേറ്ററുകൾ, എണ്ണൂറോളം റൺവേ ലൈറ്റുകൾ എന്നിവയെല്ലാം പൂർവസ്ഥിതിയിലാക്കി. തകർന്ന സൗരോർജ പ്ലാന്റുകളിൽ പകുതിയോളം പ്രവർത്തനക്ഷമമാക്കി. ചെളിക്കെട്ടുണ്ടായ 30 ലക്ഷം ചതുരശ്ര അടി ഭാഗം വൃത്തിയാക്കി.
വിമാനക്കമ്പനികൾ, ഗ്രൗണ്ട് ഹാൻഡ്‌ലിങ് ഏജൻസികൾ, കസ്റ്റംസ്, ഇമിഗ്രേഷൻ വിഭാഗങ്ങളെല്ലാം ഇന്നലെ ഉച്ചയോടെ പ്രവർത്തനം ആരംഭിച്ചു. നാവിക വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾക്കും ഇന്നു വിരാമമാകും.