തിരുവനന്തപുരം∙ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ പൊലീസ് സേനയ്ക്കു സ്വന്തമായി ഹെലികോപ്റ്റർ ആവശ്യമുണ്ടെന്നു ഡിജിപി. രക്ഷാപ്രവർത്തനങ്ങളിൽ സേനയ്ക്കു ഫലപ്രദമായി ഇടപെടാൻ ഒരു ഹെലികോപ്റ്റർ വാങ്ങുകയോ, സ്ഥിരമായി വാടകയ്ക്ക് എടുക്കുകയോ വേണമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ സർക്കാരിനെ അറിയിച്ചു. സർക്കാർ നിലപാടു വ്യക്തമാക്കിയിട്ടില്ല.
പ്രകൃതിദുരന്തങ്ങളിൽ രക്ഷാദൗത്യം വേഗത്തിലാക്കാൻ ഇതുവഴി സാധിക്കുമെന്നു ബെഹ്റ കത്തിൽ പറഞ്ഞു. മഹാപ്രളയം ഉണ്ടായപ്പോൾ പൊലീസ് സേനയ്ക്കു പല സ്ഥലത്തും പെട്ടെന്ന് എത്താൻ കഴിഞ്ഞില്ല. സംസ്ഥാനത്തിന്റെ ആവശ്യപ്രകാരം പിന്നീടെത്തിയ വ്യോമ- നാവിക സേനാ ഹെലികോപ്റ്ററുകളാണു രക്ഷയായത്.
ബെംഗളൂരു ആസ്ഥാനമായ കമ്പനികളിൽനിന്നു മൂന്നു വർഷത്തെ കരാറിൽ ഹെലികോപ്റ്റർ വാടകയ്ക്കു വേണമെങ്കിലും എടുക്കാം. ഇന്ധനം, പൈലറ്റിന്റെ ശമ്പളം, അറ്റകുറ്റപ്പണി എന്നിവ കമ്പനി വഹിക്കും. ഓരോ മാസവും നൽകേണ്ട തുക കമ്പനിയുമായി ചർച്ച ചെയ്തു നിശ്ചയിക്കണം. ശബരിമല തീർഥാടന കാലത്തും ഹെലികോപ്റ്റർ ഉപയോഗിക്കാം– ഡിജിപി ചൂണ്ടിക്കാട്ടുന്നു.
സമാന ശുപാർശ മുൻപ് ഡിജിപി നൽകിയപ്പോൾ സർക്കാർ അനുകൂലിച്ചിരുന്നില്ല. പ്രകൃതിക്ഷോഭവും രക്ഷാപ്രവർത്തനങ്ങളും ഇല്ലാത്ത സമയത്തു ഹെലികോപ്റ്റർ എന്തുചെയ്യുമെന്നാണു ചോദ്യം. വല്ലപ്പോഴും ഉണ്ടാകാവുന്ന പ്രകൃതിദുരന്തത്തിന്റെ പേരിൽ ഹെലികോപ്റ്റർ സ്ഥിരം വാടകയ്ക്കെടുത്താൽ അതു വൻ സാമ്പത്തിക ബാധ്യതയാകും. സുരക്ഷയുടെ പേരിൽ മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും സ്ഥിരം ഹെലികോപ്റ്ററിൽ സഞ്ചരിക്കാനും അവസരമാകും.
കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരിക്കെ അഗ്നിശമന സേനയുടെ പേരിൽ ഹെലികോപ്റ്റർ വാങ്ങാൻ നടത്തിയ നീക്കം വിവാദമായപ്പോൾ ഉപേക്ഷിച്ചിരുന്നു. ഇപ്പോൾ മുഖ്യമന്ത്രിക്ക് അത്യാവശ്യമുള്ളപ്പോൾ ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്നുണ്ട്. പ്രളയകാലത്തു 40 ഹെലികോപ്റ്ററാണു പ്രതിരോധസേന ദിവസങ്ങളോളം സൗജന്യമായി വിട്ടുനൽകിയത്.