ദുരിതാശ്വാസ സംഭാവന കുറഞ്ഞു; പഞ്ചായത്തുകൾക്ക് മന്ത്രി മണിയുടെ ശകാരം

എം.എം. മണി

കട്ടപ്പന ∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന കുറഞ്ഞതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭാരവാഹികൾക്കു മന്ത്രി എം.എം.മണിയുടെ ശകാരം. ‘ആരുടെയും കുടുംബ സ്വത്തല്ല തരാൻ ആവശ്യപ്പെട്ടത്. എന്റെയും കലക്ടറുടെയും വീട്ടിലേക്കു കൊണ്ടുപോകാനല്ല ഫണ്ട് സമാഹരിക്കുന്നത്. ഇക്കാര്യത്തിൽ തെറ്റുതിരുത്തി കൂടുതൽ തുക കൃത്യമായി കലക്ടറേറ്റിൽ ഏൽപിക്കണം. അല്ലാതെ പാലവും തോടുമെന്നൊക്കെ പറഞ്ഞ് ആരും വരരുത്. ഒന്നും ചെയ്യില്ല’ എന്നായിരുന്നു മണിയുടെ വാക്കുകൾ.

ജോയ്‌സ് ജോർജ് എംപിയും ഇടുക്കി കലക്ടർ കെ.ജീവൻ ബാബുവും പങ്കെടുത്ത ചടങ്ങായിരുന്നു. കട്ടപ്പന ബ്ലോക്കും ആറു പഞ്ചായത്തുകളും വിവിധ സർക്കാർ ജീവനക്കാരും തൊഴിലാളി–സന്നദ്ധ സംഘടനകളും സമാഹരിച്ച തുക കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ സ്വീകരിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ കുറ്റപ്പെടുത്തൽ. ചില പഞ്ചായത്തുകൾ 15 ലക്ഷം സമാഹരിച്ചപ്പോൾ, മറ്റു ചിലത് ഒരുലക്ഷം രൂപ മാത്രമാണു സമാഹരിച്ചത്. ഇതാണു മന്ത്രിയെ പ്രകോപിപ്പിച്ചത്. ഭൂരിഭാഗം പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തും ഭരിക്കുന്നത് എൽഡിഎഫ് ആണ്.