Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചി വിമാനത്താവളത്തിലെ വെള്ളപ്പൊക്ക നിവാരണം: കെപിഎംജിയുടെ സേവനം തേടുമെന്ന് മുഖ്യമന്ത്രി

cial-logo

കൊച്ചി ∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ വെള്ളപ്പൊക്ക നിവാരണ പദ്ധതികൾ ആവിഷ്കരിക്കാൻ കൺസൽറ്റന്റുമാരായ കെപിഎംജിയുടെ സേവനം ലഭ്യമാക്കാൻ സിയാൽ ഡയറക്ടർ ബോർഡ് ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കിറ്റ്കോ തയാറാക്കുന്ന മാസ്റ്റർ പ്ലാനിനു പുറമേയാണിത്. സിയാൽ വാർഷിക പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ സാമ്പത്തിക വർഷം സിയാലിന്റെ മൊത്തവരുമാനം 553.41 കോടി രൂപയാണ്. 2016–17 സാമ്പത്തിക വർഷത്തേക്കാൾ 13.57 % വളർച്ച രേഖപ്പെടുത്തി. പ്രവർത്തന ലാഭം 298.66 കോടി രൂപയിൽ നിന്ന് 387.93 കോടി രൂപയായി ഉയർന്നു. എന്നാൽ, പുതിയ രാജ്യാന്തര ടെർമിനലിന്റെ നിർമാണവും പലിശയും ചേർന്നതോടെ നികുതിക്കു ശേഷമുള്ള ലാഭം 158.42 കോടി രൂപയാണ്. ഓഹരി ഉടമകൾക്ക് 25% ലാഭവിഹിതം നൽകാനുള്ള തീരുമാനം പൊതുയോഗം അംഗീകരിച്ചു.

നവീകരിക്കുന്ന ആഭ്യന്തര ടെർമിനൽ ഡിസംബറിൽ പ്രവർത്തനം ആരംഭിക്കും. ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിലെ വർധന കണക്കിലെടുത്തു ടെർമിനലിന്റെ വിസ്തീർണം ഒരു ലക്ഷം ചതുരശ്രയടിയിൽ നിന്ന് 6 ലക്ഷം ചതുരശ്ര അടിയായി വർധിപ്പിച്ചിട്ടുണ്ട്. സൗരോർജ പ്ലാന്റിന്റെ ശേഷി 40 മെഗാവാട്ടായി ഉയർത്തും. വിമാന അറ്റകുറ്റപ്പണി കേന്ദ്രം ഈ വർഷം പ്രവർത്തനം തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയാനന്തര കേരളത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ലാഭവിഹിതത്തിന്റെ ഒരു ഭാഗം ഓഹരി ഉടമകൾ ദുരിതാശ്വാസ നിധിയിലേക്കു സംഭാവനയായി നൽകണമെന്നു  സിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി അഭ്യർഥിച്ചു.

ദുരിതാശ്വാസ നിധിയിലേക്കുള്ള സിയാൽ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളമായ 2.9 കോടി രൂപ സിയാൽ സ്റ്റാഫ്, ഓഫിസേഴ്‌സ് സംഘടനാ പ്രതിനിധികൾ കൈമാറി. ഐക്യരാഷ്ട്രസഭയുടെ ചാംപ്യൻ ഓഫ് എർത്ത് പുരസ്‌കാര ട്രോഫി യോഗത്തിൽ സിയാൽ എംഡി വി.ജെ. കുര്യൻ മുഖ്യമന്ത്രിക്കു സമർപ്പിച്ചു.

മന്ത്രിമാരായ തോമസ് ഐസക്, മാത്യു ടി. തോമസ്, വി.എസ്. സുനിൽകുമാർ, എംഡി വി.ജെ. കുര്യൻ, ഡയറക്ടർമാരായ കെ. റോയ് പോൾ, എ.കെ. രമണി, എം.എ. യൂസഫ് അലി, സി.വി. ജേക്കബ്, എൻ.വി. ജോർജ്, ഇ.എം. ബാബു, കമ്പനി സെക്രട്ടറി സജി കെ. ജോർജ്, ചീഫ് ഫിനാൻഷ്യൽ ഓഫിസർ സുനിൽ ചാക്കോ എന്നിവർ പ്രസംഗിച്ചു.