പ്രവാസി മലയാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതി പരിഗണനയിൽ

തിരുവനന്തപുരം∙ പ്രവാസി മലയാളികൾക്കായി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നു. വിദേശത്തു ജോലി ചെയ്യുമ്പോൾ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലേക്കു വിഹിതം നൽകുന്നവർക്ക് അവർ കേരളത്തിലേക്കു മടങ്ങിയെത്തുമ്പോൾ സൗജന്യ ചികിൽസ ലഭ്യമാക്കുന്ന പദ്ധതിയാണ് പരിഗണിക്കുന്നത്. നോർക്ക വകുപ്പായിരിക്കും പദ്ധതി നടപ്പാക്കുക.

ലോകകേരളസഭയുടെ പ്രവാസി പുനരധിവാസ സ്ഥിരംസമിതിയുടെ ശുപാർശയാണ് സർക്കാർ പരിഗണിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലും മറ്റും ചെറിയ ശമ്പളത്തിനു ജോലി ചെയ്യുകയും കാര്യമായ സമ്പാദ്യമില്ലാതെ മടങ്ങിയെത്തുകയും ചെയ്യുന്നവർക്കു പ്രയോജനം ചെയ്യുന്ന വിധത്തിലാണ് പദ്ധതിയ‌െക്കുറിച്ച് ആലോചിക്കുന്നത്.

വിദേശരാജ്യങ്ങളിൽ ജോലി ചെയ്തുവെന്ന കാരണത്താൽ എപിഎൽ വിഭാഗത്തിൽപ്പെടുത്തുന്നതിനാൽ സർക്കാരിന്റെ ആനുകൂല്യങ്ങൾ പലതും ലഭിക്കുന്നില്ല. കൂടുതൽ ചികിൽസാച്ചെലവു വരുന്ന പത്തു രോഗങ്ങൾക്ക് സൗജന്യ ചികിൽസ ലഭ്യമാക്കും. എല്ലാ മാസവും ചെറിയ വിഹിതം പ്രവാസികൾ ഇൻഷുറൻസ് പദ്ധതിയിലേക്കു നൽകണം.പ്രവാസികളുടെ വിഹിതത്തിനൊപ്പം സർക്കാരിന്റെ വിഹിതവും ചേർത്താണ് പദ്ധതി നടപ്പാക്കുക. സ്ഥിരംസമിതി അധ്യക്ഷൻ ഡോ. ആസാദ് മൂപ്പനാണ് പദ്ധതിയുടെ രൂപരേഖ തയാറാക്കി സർക്കാരിനു സമർപ്പിച്ചത്.