കണ്ണൂർ∙ സംസ്ഥാനത്തു ചില കമ്പനികൾ വിൽക്കുന്ന കുപ്പിവെള്ളത്തിൽ മാരക അളവിൽ ബാക്ടീരിയയുണ്ടെന്നു ഭക്ഷ്യസുരക്ഷാ വകുപ്പ്. മനുഷ്യ വിസർജ്യത്തിൽ കാണപ്പെടുന്ന ഇ കോളി, മൃഗങ്ങളുടെ അവശിഷ്ടങ്ങളിൽ കാണപ്പെടുന്ന കോളിഫോം ബാക്ടീരിയകളാണു വെള്ളത്തിൽ കണ്ടെത്തിയത്. കാലപ്പഴക്കം കൊണ്ടു ഫംഗസിന്റെയും പൂപ്പലിന്റെയും സാന്നിധ്യമുണ്ടെന്നും സ്ഥിരീകരിച്ചു. ആറു മാസത്തിനിടെ നടത്തിയ പരിശോധനയിൽ 10 കമ്പനികളുടെ വെള്ളം അതീവ ഹാനികരമാണെന്നു തെളിഞ്ഞതായും വിവരാവകാശ നിയമപ്രകാരം ഭക്ഷ്യസുരക്ഷാ വകുപ്പ് വെളിപ്പെടുത്തി. കമ്പനികളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പ്രോസിക്യൂഷൻ നടപടികൾ നടക്കുന്നതിനാൽ പേരുകൾ നൽകാൻ തടസ്സമുണ്ടെന്നാണു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വിശദീകരണം.
മാലിന്യം കലർന്ന ബാച്ച് കുപ്പിവെള്ളം വിപണിയിൽ നിന്നു പിൻവലിക്കുമെങ്കിലും അതേ കമ്പനിക്കു തുടർന്നും വെള്ളം വിപണിയിലിറക്കാൻ തടസ്സമില്ല. കോട്ടയം, ആലപ്പുഴ ജില്ലകളിലാണു ബാക്ടീരിയ കലർന്ന കുപ്പിവെള്ളം ഏറ്റവും കൂടുതൽ വിതരണം ചെയ്തിരിക്കുന്നത്. കുപ്പിയിൽ നിറയ്ക്കുന്നതു വിസർജ്യം കലർന്ന വെള്ളമായതു കൊണ്ടാണു ബാക്ടീരിയ കാണപ്പെടുന്നത്. തിളപ്പിച്ചാൽ കോളിഫോം ബാക്ടീരിയ നശിക്കുമെങ്കിലും ഇ–കോളി നശിക്കില്ല. ബാക്ടീരിയ കലർന്ന വെള്ളം കുടിച്ചാൽ ഗുരുതരമായ വയറിളക്കം, മഞ്ഞപ്പിത്തം എന്നിവയുണ്ടാകാം. ‘സുരക്ഷിതമല്ല (അൺ സേഫ്)’ എന്നു കണ്ടെത്തുന്ന ഉൽപന്നങ്ങൾ വിറ്റഴിക്കുന്നവർക്ക് ആറു മാസം തടവും രണ്ടു ലക്ഷം രൂപ പിഴയുമാണു ശിക്ഷ.
എന്നാൽ പരിശോധനയിൽ മായം കണ്ടെത്തിയാലും കേസെടുത്തു ശിക്ഷിക്കാൻ നാലോ അഞ്ചോ വർഷമെടുക്കും. അത്തരം ഉൽപന്നങ്ങൾ വിറ്റഴിച്ച കമ്പനികളുടെ പേരുവിവരങ്ങൾ പൊതുജനങ്ങൾക്കു ലഭിക്കാറുമില്ല. കടുക് മുതൽ ഇറച്ചി വരെ മായം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മായം കലർത്തി വിൽക്കുന്ന ഭക്ഷ്യവസ്തു വെളിച്ചെണ്ണയാണെന്നാണു കണക്ക്. 6 മാസത്തിനിടെ 87 സാംപിളുകൾ മതിയായ ഗുണനിലവാരമില്ലാത്തവയാണെന്നു കണ്ടെത്തി. മസാലപ്പൊടികളിൽ മല്ലിയാണ് ഏറ്റവും കൂടുതൽ മായം കലർത്തി വിൽക്കുന്നത്. കടുക്, അച്ചാർ, ശീതീകരിച്ച ഇറച്ചി, ബേക്കറി ഉൽപ്പന്നങ്ങൾ എന്നിവയിലും മായം കണ്ടെത്തിയിരുന്നു.