പുനലൂർ ∙ ശബരിമല യുവതീപ്രവേശ വിഷയത്തിൽ എൽഡിഎഫിനൊപ്പം നിന്നു സുപ്രീം കോടതിവിധിയെ അനുകൂലിച്ച മുന്നാക്ക വികസന കോർപറേഷൻ ചെയർമാനും കേരള കോൺഗ്രസ് (ബി) ചെയർമാനുമായ ആർ.ബാലകൃഷ്ണപിള്ള എൻഎസ്എസ് സ്ഥാപകദിനാഘോഷച്ചടങ്ങിൽ വിശ്വാസസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കഴിഞ്ഞ 24ന് കൊല്ലത്ത് എൽഡിഎഫ് യോഗത്തിലാണ് പിള്ള കോടതിവിധിയെ അനുകൂലിച്ചു പ്രസംഗിച്ചത്. അന്നു തന്ത്രിക്കെതിരെയും അദ്ദേഹം പ്രസ്താവന നടത്തിയിരുന്നു. ഇന്നലെ പുനലൂരിലെ യൂണിയൻ ആസ്ഥാനത്താണ് എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗവും പത്തനാപുരം താലൂക്ക് യൂണിയൻ പ്രസിഡന്റുമായ പിള്ള നൂറുകണക്കിന് കരയോഗം ഭാരവാഹികൾക്കു പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.
62 വർഷമായി യൂണിയൻ പ്രസിഡന്റാണ് പിള്ള. പത്തനാപുരം യൂണിയനിലെ 145 കരയോഗങ്ങളിലും 13 വരെ നാമജപം തുടരും. എൽഡിഎഫ് അനുഭാവികൾ ഭാരവാഹികളായുള്ള കരയോഗങ്ങളിലും നാമജപം നടക്കുന്നുണ്ട്. എല്ലാ എൻഎസ്എസ് യൂണിയനുകളിലും കരയോഗങ്ങളിലും വിശ്വാസസംരക്ഷണ നാമജപയജ്ഞം നടത്തണമെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ കർശന നിർദേശം നൽകിയിരുന്നു.