മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രിക്കും സ്വീകരണം; വിമാനത്താവളത്തിൽ രാഷ്ട്രീയപ്പോര്

മട്ടന്നൂർ (കണ്ണൂർ) ∙ ഒരേ വിമാനത്തിലെത്തിയ നേതാക്കളുടെ സ്വീകരണത്തെച്ചൊല്ലി കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ രാഷ്ട്രീയപ്പോര്. തലശ്ശേരിയിൽ ബൈപാസ് നിർമാണോദ്ഘാടനത്തിനായി കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും എത്തിയത് ഒരേ വിമാനത്തിൽ. എന്നാൽ, സ്വീകരണം കിട്ടിയതു മുഖ്യമന്ത്രിക്കും പരിഗണന ലഭിച്ചതു സിപിഎം നേതാക്കൾക്കും മാത്രം. ഇതിൽ പ്രതിഷേധിച്ചു നിധിൻ ഗഡ്കരിയെ തിരിച്ചുവിളിച്ചു ബിജെപി നേതാക്കൾ സ്വീകരണം നൽകി.

വിമാനത്താവളത്തിനുള്ളിൽ സിപിഎം നേതാക്കൾക്കു മാത്രം പ്രവേശനം അനുവദിച്ചെന്നാരോപിച്ചു ബിജെപി നേതാക്കൾ സുരക്ഷാ ഉദ്യോഗസ്ഥരുമായി വാക്കേറ്റത്തിലേർപ്പെടുകയും ചെയ്തു. ഉച്ചകഴിഞ്ഞു മൂന്നോടെ ബിജെപി നേതാക്കൾ കേന്ദ്രമന്ത്രിയെ സ്വീകരിക്കാനെത്തി. ടെർമിനൽ കെട്ടിടത്തിലെ ഡിപ്പാർച്ചർ കവാടത്തിലൂടെ ഗഡ്കരി എത്തുമെന്നാണ് അറിയിച്ചിരുന്നത്. 2 നേതാക്കൾക്ക് അകത്തു പ്രവേശിക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും ഇത് അനുവദിക്കാതെ ടെർമിനൽ കെട്ടിടത്തിനു പുറത്തു തടയുകയായിരുന്നെന്നു ബിജെപി ആരോപിച്ചു. അതേസമയം, മന്ത്രി കെ.കെ.ശൈലജയുടെ ഭർത്താവും സിപിഎം നേതാവുമായ കെ.ഭാസ്കരനെ അകത്തേക്കു വിട്ടു. കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയും പുറത്തുവരുന്നതു ഡിപ്പാർച്ചർ കവാടത്തിലൂടെയല്ല ഫയർ സ്റ്റേഷൻ കവാടത്തിലൂടെയാണെന്ന് ഇതിനിടെ വിവരം പരന്നു. സിപിഎം പ്രവർത്തകർ ഫയർ സ്റ്റേഷൻ കവാടത്തിലേക്കു നീങ്ങി. എന്നാൽ, ബിജെപി പ്രവർത്തകർ ഡിപ്പാർച്ചർ കവാടത്തിൽ തന്നെ നിലയുറപ്പിച്ചു.

ഫയർ സ്റ്റേഷൻ കവാടത്തിലൂടെ ആദ്യം പുറത്തിറങ്ങിയതു മുഖ്യമന്ത്രിയുടെ കാർ. നഗരസഭാധ്യക്ഷ അനിതാ വേണു, ഉപാധ്യക്ഷൻ പി.പുരുഷോത്തമൻ, സിപിഎം പ്രാദേശിക നേതാക്കൾ എന്നിവർ സ്വീകരണം നൽകി. പിന്നാലെ കേന്ദ്രമന്ത്രിയെത്തിയെങ്കിലും സിപിഎം ജനപ്രതിനിധികളും നേതാക്കളും സ്വീകരണത്തിനു മുതിർന്നില്ല. ഫയർഫോഴ്സ് കവാടത്തിലൂടെ കേന്ദ്രമന്ത്രി പോയതറിഞ്ഞ ബിജെപി നേതാക്കൾ കാറിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന വി.മുരളീധരൻ എംപിയെ വിളിച്ചു തങ്ങൾ സ്വീകരിക്കാൻ കാത്തുനിൽക്കുന്ന വിവരമറിയിച്ചു.

വിമാനത്താവളത്തിന്റെ പുറത്തേക്കു നീങ്ങുകയായിരുന്ന ഗഡ്കരിയെയും കൊണ്ടു കാർ തിരികെ ഡിപ്പാർച്ചർ കവാടത്തിലെത്തി. അവിടെ ദേശീയ സമിതി അംഗം സി.കെ.പത്മനാഭൻ, സംസ്ഥാന സെൽ കോ–ഓർഡിനേറ്റർ കെ.രഞ്ജിത്ത്, ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ്, മണ്ഡലം പ്രസിഡന്റ് രാജൻ പുതുക്കുടി എന്നിവർ ചേർന്നു കേന്ദ്രമന്ത്രിയെ സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ ധാർഷ്ട്യം മൂലമാണു വിമാനത്താവളത്തിൽ അനിഷ്ട സംഭവമുണ്ടായതെന്നും കേന്ദ്ര വ്യോമയാന മന്ത്രിക്കു പരാതി നൽകുമെന്നും ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് പറഞ്ഞു.

കൊച്ചിയിൽനിന്നാണു ഗഡ്കരിയും പിണറായിയും ഒരേ വിമാനത്തിലെത്തിയത്. മുഖ്യമന്ത്രിക്കായി ഏർപ്പെടുത്തിയ വിമാനത്തിൽ അതിനു മുൻപു മന്ത്രി കെ.കെ.ശൈലജ എത്തി. ഇതോടെ അമിത് ഷായ്ക്കു ശേഷം വിമാനത്താവളത്തിൽ ഇറങ്ങുന്ന ‘ആദ്യ യാത്രക്കാരി’യായി മന്ത്രി ശൈലജ.