പത്തനംതിട്ട∙ സംസ്ഥാനത്ത് വീടുകളിലെ വൈദ്യുതി മോഷണത്തിനു കുറവില്ലെന്നു കണക്കുകൾ. 4 വർഷത്തിനിടെ റജിസ്റ്റർ ചെയ്തത് 1100 കേസുകൾ. ഈടാക്കിയ പിഴ 8 കോടിയോളം രൂപ. വൈദ്യുതി മോഷണത്തിനു സ്വകാര്യ സ്ഥാപനങ്ങൾ പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്.
വൈദ്യുതി മീറ്ററിന്റെ നിശ്ചിത അകലത്തിൽ മറ്റൊരു ഉപകരണം സ്ഥാപിച്ച് റിമോട്ട് വഴി മീറ്റർ നിശ്ചലമാക്കി നടത്തുന്ന തട്ടിപ്പ് കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ കണ്ടെത്തി. വടക്കാഞ്ചേരി, പാലക്കാട് എന്നിവിടങ്ങളിലും വൈദ്യുതി മോഷണത്തിനു പുതിയ രീതികൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
മോഷണം പിടികൂടിയാൽ ജാമ്യമില്ലാ വകുപ്പിലാണു കേസ് റജിസ്റ്റർ ചെയ്യുന്നത്. ഒരു വർഷത്തെ വൈദ്യുതി ഉപയോഗത്തിന്റെ ശരാശരി കണ്ടെത്തി അതിന്റെ 2 മടങ്ങ് തുക പിഴ ഈടാക്കും. വൈദ്യുതിവിതരണത്തിൽ സംഭവിക്കുന്ന 15% നഷ്ടത്തിൽ 10 ശതമാനത്തോളം മോഷണം വഴിയുണ്ടാകുന്നതും ബാക്കി, കേടായ മീറ്ററുകൾ ഉപയോഗിക്കുന്നതുകൊണ്ടും ആണെന്നാണ് കെഎസ്ഇബിയുടെ കണക്ക്.
ആന്റി തെഫ്റ്റ് സ്ക്വാഡ് കാര്യക്ഷമമല്ല
കെഎസ്ഇബിയുടെ ആന്റി തെഫ്റ്റ് സ്ക്വാഡുകളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്നു വിമർശനം. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥരായിരുന്നു നേരത്തെ ചീഫ് വിജിലൻസ് ഓഫിസർ തസ്തികയിൽ. ഇപ്പോൾ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണു ചുമതല. ആന്റി തെഫ്റ്റ് സ്ക്വാഡിന്റെ മധ്യകേരള എക്സിക്യൂട്ടീവ് എൻജിനീയർ ഓഫിസ് നിർത്തലാക്കാനുള്ള നീക്കവും നടക്കുന്നു.