തിരുവനന്തപുരം ∙ സർക്കാർ ജീവനക്കാർക്കായി 2013ൽ യുഡിഎഫ് സർക്കാർ നടപ്പാക്കിയ പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കാനാകുമോ എന്നു പഠിക്കാനുള്ള സമിതിക്ക് മുഖ്യമന്ത്രി അംഗീകാരം നൽകി. എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലും സർക്കാർ നിയമസഭയിലും നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. റിട്ട. ജില്ലാ ജഡ്ജി എസ്. സതീഷ് ചന്ദ്രബാബു ചെയർമാനും മുൻ അഡിഷനൽ ചീഫ് സെക്രട്ടറി പി. മാരപാണ്ഡ്യൻ, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ ഡയറക്ടർ ഡി. നാരായണ എന്നിവർ അംഗങ്ങളുമായാണ് സമിതി.
പരിഗണനാ വിഷയങ്ങൾ :
∙ പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കുന്നതിലെ നിയമപരവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ എന്തൊക്കെ?
∙ പുനഃപരിശോധന, കേന്ദ്ര ധനകമ്മിഷൻ നിബന്ധനകളെയും ധന ദൃഡീകരണത്തിനുള്ള ലക്ഷ്യങ്ങളെയും എങ്ങനെ ബാധിക്കും?
∙ എൻപിഎസ് ട്രസ്റ്റ്, എൻഎസ്ഡിഎൽ എന്നിവരുമായി ഏർപ്പെട്ടിട്ടുള്ള കരാറുകൾ സൃഷ്ടിക്കുന്ന ബാധ്യതകൾ, ഉത്തരവാദിത്തങ്ങൾ എന്നിവ ഏന്തൊക്കെ?
∙ പദ്ധതിയിൽ പങ്കാളികളായ ജീവനക്കാർ സ്റ്റാറ്റ്യൂട്ടറി പെൻഷനിലേക്കു മാറിയാൽ ഇതുവരെ ഒടുക്കിയ വിഹിതം ഏതു എത്തരത്തിൽ കൈകാര്യം ചെയ്യും?
∙ സർക്കാർ ഇതുവരെ ഒടുക്കിയ വിഹിതം തിരികെ കിട്ടുമോ?
∙ പദ്ധതിയിൽ ചേർന്ന് വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ സംബന്ധിച്ച നിയമവ്യവസ്ഥ എന്തായിരിക്കും? ഇവരും സർക്കാരും അടച്ച വിഹിതങ്ങളുടെ സ്ഥിതി എന്തായിരിക്കും?
∙ പങ്കാളിത്ത പെൻഷൻ നടപ്പിലാക്കിയ മറ്റു സംസ്ഥാനങ്ങളുടെ അനുഭവവും ഇപ്പോഴത്തെ സ്ഥിതിയും എങ്ങനെ?
∙ പങ്കാളിത്ത പെൻഷന്റെ കേരളത്തിലെ പ്രത്യേകതകൾ എന്തെല്ലാം? പുനഃപരിശോധിക്കുന്നതിൽ എന്തെങ്കിലും തടസ്സമുണ്ടായാൽ പദ്ധതി കൂടുതൽ ആകർഷകമാക്കാൻ എന്തൊക്കെ ചെയ്യാം?
എന്താണ് പങ്കാളിത്ത പെൻഷൻ?
2013ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കിയത്. സർക്കാരിന്റെ ഭീമമായ പെൻഷൻ ബാധ്യത കുറയ്ക്കുകയായിരുന്നു ലക്ഷ്യം. പങ്കാളിത്ത പെൻഷൻകാർക്ക് വിരമിക്കൽ പ്രായം 60 ആക്കി വർധിപ്പിക്കുകയും ചെയ്തു. അന്നു ജീവനക്കാരുടെ സംഘടനകൾ സർക്കാരിനെതിരെ നടത്തിയ പ്രക്ഷോഭത്തെ എൽഡിഎഫ് പിന്തുണച്ചിരുന്നു. എന്നാൽ, ഭാരിച്ച സാമ്പത്തിക ബാധ്യത ഭയന്ന് ഇപ്പോൾ എൽഡിഎഫ് സർക്കാരും പിൻവലിക്കൽ തീരുമാനം ബോധപൂർവം നീട്ടിക്കൊണ്ടു പോകുന്നു. 2014 ഏപ്രിൽ ഒന്നിനുശേഷം നിയമിക്കപ്പെട്ടവരാണ് പദ്ധതിക്കു കീഴിൽ വരുക. ഇവരുടെ ശമ്പളത്തിന്റെ 10% നാഷണൽ പെൻഷൻ സ്‌കീമിൽ നിക്ഷേപിക്കുന്നുണ്ട്. തുല്യമായ തുക സർക്കാരും നിക്ഷേപിക്കുന്നു.
എൽഐസി അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളാണ് ഇൗ ഫണ്ട് കൈകാര്യം ചെയ്യുന്നത്. ഫണ്ടിന്റെ വളർച്ചയനുസരിച്ച് പെൻഷൻ കൂടുകയോ കുറയുകയോ ചെയ്യാം. ഇൗ അനിശ്ചിതാവസ്ഥയിലാണ് സർക്കാർ ജീവനക്കാർക്ക് ആശങ്ക. ബാങ്കോ ഓഹരി വിപണിയോ തകർന്നാൽ പെൻഷൻകാർക്ക് വൻ തിരിച്ചടിയാകും. പരമ്പരാഗത പെൻഷൻ സ്കീമിൽപ്പെട്ടവർക്ക്, വിരമിക്കുമ്പോൾ തനിക്കെന്ത് പെൻഷൻ ലഭിക്കുമെന്ന് കണക്കുകൂട്ടാനാകുമായിരുന്നു. ശമ്പളക്കമ്മിഷനുകൾ പെൻഷൻതുക വർധിപ്പിക്കുമെന്ന ഉറപ്പുമുണ്ട്.