തിരുവനന്തപുരം ∙ നെയ്യാറ്റിൻകര സ്വദേശി സനൽകുമാർ കൊല്ലപ്പെട്ട സംഭവത്തിൽ ജയിൽവാസം ഉറപ്പായതോടെ ഡിവൈഎസ്പി ബി.ഹരികുമാർ കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നു കൂട്ടുപ്രതിയും സുഹൃത്തുമായ ബിനുവിന്റെ മൊഴി. ഇതാകാം ഹരികുമാറിനെ ആത്മഹത്യയിലേക്കു നയിച്ചതെന്നാണു പൊലീസിന്റെ നിഗമനം.
എട്ടു ദിവസം ഒളിവിൽ കഴിഞ്ഞ ശേഷം രക്ഷയില്ലെന്നു കണ്ടതോടെ കീഴടങ്ങാനായാണു തിരിച്ചുവന്നതെന്ന് ഒളിവിൽ കൂടെയുണ്ടായിരുന്ന ബിനു വ്യക്തമാക്കി. സ്വകാര്യ പണമിടപാടു സ്ഥാപനം നടത്തുന്ന ബിനുവിന്റെ വീട്ടിൽ നിന്നിറങ്ങി വന്ന ഹരികുമാർ തന്റെ വാഹനത്തിനു തടസ്സമായി സനൽ കാർ പാർക്ക് ചെയ്തതു ചോദ്യം ചെയ്തു. ഈ തർക്കമാണു സനലിന്റെ മരണത്തിൽ കലാശിച്ചത്. തുടർന്നു ബിനുവിന്റെ കാറിലാണു ഹരികുമാറിനെ രക്ഷപ്പെടുത്തിയത്. താൻ അറസ്റ്റ് ചെയ്തവർക്കൊപ്പം നെയ്യാറ്റിൻകര സബ് ജയിലിൽ കിടക്കേണ്ടി വരുമെന്ന ഭയവും ഡിവൈഎസ്പിക്ക് ഉണ്ടായിരുന്നുവെന്നു ബിനു പറഞ്ഞു. കീഴടങ്ങാമെന്ന തീരുമാനത്തെ തുടർന്നാണ് അദ്ദേഹത്തെ തിങ്കളാഴ്ച രാത്രി കല്ലമ്പലത്തെ വീട്ടിലെത്തിച്ചത്.
സനൽ കൊല്ലപ്പെട്ട ശേഷം സുഹൃത്തായ മാർത്താണ്ഡം തൃപ്പരപ്പിലെ ലോഡ്ജ് ഉടമ സതീഷിനെയാണ് ആദ്യം ചെന്നുകണ്ടത്. അവിടെ നിന്ന് ഏർപ്പാടാക്കിയ ഡ്രൈവറുമായി മധുര വഴി കർണാടകയിലെ ധർമസ്ഥലയിലും മൂകാംബികയിലുമെത്തി. ഒരു ലക്ഷം രൂപ കൈവശം കരുതിയിരുന്നെങ്കിലും തിരിച്ചറിഞ്ഞേക്കാമെന്ന ഭയത്താൽ ലോഡ്ജിൽ താമസിച്ചില്ല. ആളൊഴിഞ്ഞ പ്രദേശത്തു നിർത്തിയിട്ട കാറിലാണു കഴിഞ്ഞുകൂടിയത്. കേസ് നിലനിൽക്കില്ലെന്ന വിശ്വാസത്തിലായിരുന്നു ആദ്യം ഹരികുമാർ. എന്നാൽ അഭിഭാഷകരുമായി ബന്ധപ്പെട്ടതോടെ കീഴടങ്ങാതെ പറ്റില്ലെന്ന ഉപദേശമെത്തി. ഇത് അംഗീകരിക്കാൻ ഹരികുമാർ തയാറായില്ല. ദീർഘകാലത്തേക്ക് ഒളിവിൽ പോകാമെന്നു പദ്ധതിയിട്ടു. അതു നടക്കില്ലെന്നു താനും വ്യക്തമാക്കിയതോടെയാണു മടങ്ങിവരാൻ തീരുമാനിച്ചത്. കല്ലമ്പലത്തെ വീട്ടിലേക്കു പുരയിടത്തിലൂടെ കയറിപ്പോകുന്നതു കണ്ടുവെന്നും ബിനു മൊഴി നൽകി. പിറ്റേന്നു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ആറ്റിങ്ങൽ ഡിവൈഎസ്പി അന്വേഷിക്കും
തിരുവനന്തപുരം ∙ നെയ്യാറ്റിൻകര സ്വദേശി സനൽകുമാർ കൊല്ലപ്പെട്ട സംഭവത്തിൽ ഒളിവിൽ പോയ മുഖ്യപ്രതി ഡിവൈഎസ്പി ബി.ഹരികുമാറിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ആറ്റിങ്ങൽ ഡിവൈഎസ്പി സി.അനിൽകുമാർ അന്വേഷിക്കും. സംഭവത്തിൽ കല്ലമ്പലം സ്റ്റേഷനിൽ കേസെടുത്തിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥന്റെ മരണമായതിനാലാണ് ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല നൽകിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതികളും പരിശോധിക്കും. ക്രൈം ബ്രാഞ്ച് ഓഫിസിൽ കഴിഞ്ഞ ദിവസം കീഴടങ്ങിയ കൂട്ടുപ്രതി ബിനുവിനെയും ഡ്രൈവർ രമേശിനെയും റിമാൻഡ് ചെയ്തു.
ഹരികുമാറിന്റെ വീട്ടിലെയും പരിസരത്തെയും സിസിടിവി ക്യാമറകൾ ഇന്നലെയും പൊലീസ് പരിശോധിച്ചില്ല. ആൾവാസമില്ലാത്തതിനാൽ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. അതിനാൽ വീട്ടിലെ ക്യാമറകൾ പ്രവർത്തിച്ചിരുന്നോയെന്നു വ്യക്തമല്ല. മരണാനന്തര ചടങ്ങ് നടക്കുന്നതിനാൽ രണ്ടു ദിവസം കൂടി കഴിഞ്ഞേ വീട്ടിലെ ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കൂ എന്ന് പൊലീസ് അറിയിച്ചു. ഒളിവിൽ പോയ പ്രതിയുടെ വീട്ടിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട പൊലീസ് നിരീക്ഷണം കാര്യക്ഷമമായിരുന്നില്ലെന്നും ആക്ഷേപമുണ്ട്.