സാലറി ചാലഞ്ച്: വിസമ്മതം അറിയിച്ച പൊലീസുകാരുടെ ശമ്പളം പിടിച്ചെടുത്തു

തൊടുപുഴ∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നൽകാൻ വിസമ്മതമറിയിച്ച ഇടുക്കി ജില്ലയിലെ പൊലീസുകാരുടെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് പിടിച്ചെടുത്തു.  ഇതിനെതിരെ  ഒരു പൊലീസുകാരൻ നൽകിയ പരാതി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.  

പൊലീസുകാരുടെ സെപ്റ്റംബറിലെ  ശമ്പളത്തിൽ നിന്നാണ് ദുരിതാശ്വാസ നിധിയിലേക്ക് തുക ഈടാക്കിയത്. കടുത്ത സമ്മർദം ഉയർന്നിട്ടും ഇതിനെ അതിജീവിച്ചു സമ്മതപത്രം നൽകാൻ കൂട്ടാക്കാതിരുന്ന ജില്ലയിലെ ഉദ്യോഗസ്ഥരുടെ ശമ്പളമാണു പിടിച്ചെടുത്തത്. ശമ്പളം നൽകാൻ വിസമ്മതിച്ചവരുടേത്  30 ദിവസത്തെ ലീവ് സറണ്ടർ വഴി എടുത്തു. 

ശമ്പളം നൽകാതിരിക്കുന്നത് ജില്ലയിലെ പൊലീസ് സേനയ്ക്കു നാണക്കേടാണെന്നും ഏതു വിധേനയും പരമാവധി പൊലീസുകാരിൽ നിന്നു സമ്മതപത്രം വാങ്ങിയെടുക്കണമെന്നും ഉന്നത നിർദേശമെത്തിയതോ‌ടെയാണ് പൊലീസുകാരെ നിർബന്ധിച്ച് സാലറി ചാലഞ്ചിൽ പങ്കെടുപ്പിച്ചത്.  

സ്ഥലംമാറ്റം ഉൾപ്പെടെയുള്ള ഭീഷണികൾ ചില ഡിവൈഎസ്പിമാർ ഉയർത്തിയിരുന്നു. സമ്മതപത്രം നൽകാൻ നിശ്ചിത സമയ പരിധിയും അനുവദിച്ചു. എന്നാൽ, ഇതിനു ശേഷവും വിസമ്മതം അറിയിച്ചവർക്കാണ് ശമ്പളം നഷ്ടപ്പെട്ടത്. 

വിസമ്മതപത്രം നൽകിയ 53 പൊലീസുകാരെ മൂന്നാറിൽ നീലക്കുറിഞ്ഞി സീസണിൽ സ്പെഷൽ ഡ്യൂട്ടിക്ക് അയച്ചതും വിവാദമായിരുന്നു.