ഒറ്റവിക്ഷേപണത്തിൽ 64 ഉപഗ്രഹങ്ങൾ; മലയാളിയുടെ ഉപഗ്രഹം ഭ്രമണപഥത്തിൽ

ക്രിസ് നായരുടെ എക്സീഡ് സാറ്റ്–I ഉൾപ്പടെ 64 ചെറു ഉപഗ്രഹങ്ങളുമായി സ്പെയ്സ് എക്സ് ഫാൽക്കൺ 9 റോക്കറ്റ് കാലിഫോർണിയയിലെ വാൻഡെൻബെർഗ് എയർ ഫോഴ്സ് ബേസിൽ നിന്ന് കുതിച്ചുയരുന്നു.

തിരുവനന്തപുരം∙ ഒറ്റവിക്ഷേപണത്തിൽ 64 ഉപഗ്രഹങ്ങളുമായി ഇലോൺ മസ്കിന്റെ എയറോസ്പെയ്സ് കമ്പനിയായ സ്പെയ്സ് എക്സ് നടത്തിയ ചരിത്രദൗത്യത്തിന്റെ ഭാഗമായി തിരുവനന്തപുരം സ്വദേശിയുടെ സ്റ്റാർട്ടപ്പ് വികസിപ്പിച്ച ഉപഗ്രഹവും വിജയകരമായി ഭ്രമണപഥത്തിൽ. നെയ്യാറ്റിൻകര സ്വദേശി ക്രിസ് നായരുടെ എക്സീഡ് സ്പെയ്സ് വികസിപ്പിച്ച എക്സീഡ് സാറ്റ്–1 (Exseed Sat-I) എന്ന നാനോ ഉപഗ്രഹമാണ് കാലിഫോർണിയയിലെ വാൻഡെൻബെർഗ് എയർ ഫോഴ്സ് ബേസിൽ നിന്ന് ഫാൽക്കൺ 9 റോക്കറ്റിൽ കഴിഞ്ഞ ദിവസം കുതിച്ചുയർന്നത്.

മറ്റാരുടെയും പങ്കാളിത്തമില്ലാതെ പൂർണമായും സ്വകാര്യമേഖലയിൽ വികസിപ്പിച്ച് വിക്ഷേപിക്കുന്ന ആദ്യ ഇന്ത്യൻ ഉപഗ്രഹമാണ് എക്സീഡ് സാറ്റ്. നിലവിൽ ഭൂമിയിൽ നിന്ന് 675 കിലോമീറ്റർ അകലെയുള്ള ഉപഗ്രഹത്തിൽ നിന്ന് സന്ദേശങ്ങൾ ലഭിച്ചുതുടങ്ങി. യുഎസ് ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം ഉപഗ്രഹങ്ങൾ ഒരുമിച്ചയക്കുന്നത്.

ഹാം റേഡിയോ ഓപ്പറേറ്റർമാർ‌ക്കു വേണ്ടിയാണ് ഒരു കിലോഗ്രാം ഭാരമുള്ള നാനോ ഉപഗ്രഹം വികസിപ്പിച്ചത്. ഐഎസ്ആർഒയ്ക്കു വേണ്ടി അടുത്ത മൂന്നു വർഷത്തേക്ക് 27 ഉപഗ്രഹങ്ങൾ സ്വകാര്യ പങ്കാളിത്തതോടെ വികസിപ്പിക്കാനായിയുള്ള പദ്ധതിയിലും എക്സീഡ് സ്പെയ്സ് ഭാഗമാണ്. സ്പെയ്സ് എക്സ് മിഷനിൽ ഇന്ത്യയിൽ നിന്നുള്ള ഏക ഉപഗ്രഹമാണ് എക്സീഡ് സാറ്റ്.