ഭരണഘടനാ സ്ഥാപനങ്ങളെ കേന്ദ്രം ‍തകർക്കുന്നു: എഐടിയുസി

കണ്ണൂർ ∙ എല്ലാ അധികാരവും പ്രധാനമന്ത്രിയുടെ ഓഫിസിൽ കേന്ദ്രീകരിക്കാനുള്ള ശ്രമമാണു രാജ്യത്തു നടക്കുന്നതെന്നു എഐടിയുസി ദേശീയ ജനറൽ സെക്രട്ടറി അമർജിത്ത് കൗർ. ഭരണഘടനാസ്ഥാപനങ്ങളെയെല്ലാം തകർക്കാനാണു കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. നോട്ടുനിരോധനത്തിലൂടെ റിസർവ് ബാങ്കിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു. ഇപ്പോൾ റിസർവ് ബാങ്കും സർക്കാരും തമ്മിൽ പോരു നടക്കുന്നു. സിബിഐയും സിബിഐയും തമ്മിലാണു പോര്.

ജർമനിയിലും ഇറ്റലിയിലും സംഭവിച്ചതുപോലെ എല്ലാ അധികാരവും ഒരിടത്തു കേന്ദ്രീകരിക്കുന്നതിനുള്ള ശ്രമമാണിത്. രാജ്യത്ത് അപകടകരമായ രീതിയിൽ ഫാഷിസം പിടിമുറുക്കുകയാണെന്നും എഐടിയുസി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് അമർജിത്ത് കൗർ പറഞ്ഞു. വർഗീയവിഷം കുടഞ്ഞു പ്രശ്നങ്ങളുണ്ടാക്കിയാണു ആർഎസ്എസ് ഓരോ സംസ്ഥാനത്തു പിടിമുറുക്കുന്നത്. കേരളത്തിൽ ഇതിനായി അവർ തിരഞ്ഞെടുത്തിരിക്കുന്നതു ശബരിമല വിഷയമാണ്. കേന്ദ്രസർക്കാരിന്റെ ഓരോ തീരുമാനവും വൻകിട കോർപറേറ്റുകളെ സഹായിക്കാനാണെന്നും അമർജിത്ത് കൗർ പറഞ്ഞു.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി, ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ, എഐടിയുസി ദേശീയ സെക്രട്ടറിമാരായ രാമകൃഷ്ണ പാണ്ഡെ, വഹിദ നിസാം, സംസ്ഥാന സെക്രട്ടറി കെ.പി.രാജേന്ദ്രൻ, വർക്കിങ് പ്രസിഡന്റ് ജെ.ഉദയഭാനു, സിപിഐ ജില്ലാ സെക്രട്ടറി പി.സന്തോഷ്കുമാർ എന്നിവർ പ്രസംഗിച്ചു. സമ്മേളനം നാളെ സമാപിക്കും.