ആലുവ കൂട്ടക്കൊല കേസ്: പ്രതി ആന്റണിയുടെ വധശിക്ഷ ജീവപര്യന്തമാക്കി

ന്യൂഡൽഹി ∙ ആലുവ കൂട്ടക്കൊല കേസിലെ ഏക പ്രതി എം.എ. ആന്റണിയുടെ (ആന്റപ്പൻ) വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തം തടവുശിക്ഷയാക്കി കുറച്ചു. ജസ്റ്റിസ് മദൻ ബി.ലൊക്കൂർ അധ്യക്ഷനായ 3 അംഗ ബെഞ്ച് ഉപാധികളില്ലാതെയാണ് ശിക്ഷ ഇളവു ചെയ്തത്. കഴിഞ്ഞ 14 വർഷമായി ആന്റണി പൂജപ്പുര സെൻട്രൽ ജയിലിലാണ്. ആന്റണിയെ തൂക്കിലേറ്റാനുള്ള നടപടികൾ ജയിലിൽ പുരോഗമിക്കുന്നതായി 2015 ഏപ്രിൽ 28നു മനോരമയിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ സുപ്രീം കോടതി അഭിഭാഷകൻ മനോജ് വി. ജോർജ് സമർപ്പിച്ച ഹർജിയിലാണ് ശിക്ഷാ ഇളവ്. 2001 ജനുവരി 6ന് അർധരാത്രിയിൽ ആലുവ മാഞ്ഞൂരാൻ വീട്ടിൽ അഗസ്റ്റിൻ (48), ഭാര്യ മേരി (42), മക്കളായ ദിവ്യ (14), ജെസ്മോൻ (12), അഗസ്റ്റിന്റെ മാതാവ് ക്ലാര (78), സഹോദരി കൊച്ചുറാണി (38) എന്നിവരെ വെട്ടിക്കൊലപ്പെടുത്തി എന്നായിരുന്നു ആന്റണിക്കെതിരായ കേസ്.

ഇളവു നൽകുന്നതിനു കോടതി സൂചിപ്പിച്ച പ്രധാന കാരണങ്ങൾ:

∙ ആന്റണി കൊടുംകുറ്റവാളിയെന്ന വിചാരണക്കോടതിയുടെ കണ്ടെത്തൽ തെറ്റാണ്. നേരത്തെ എന്തെങ്കിലും കുറ്റം ചെയ്തതിനു തെളിവില്ല.

∙ കുറ്റകൃത്യം സമൂഹമനഃസാക്ഷിയെ ഞെട്ടിച്ചെന്ന വിചാരണക്കോടതിയുടെ അനുമാനം തെറ്റാണ്. ഇത്തരമൊരു അനുമാനത്തെ ആധാരമാക്കി ശിക്ഷയുടെ തോത് തീരുമാനിക്കാനാവില്ല.

∙ ആന്റണിക്കു മനഃപരിവർത്തനത്തിനും പുനരധിവാസത്തിനും സമൂഹവുമായി ഇടപഴകി ജീവിക്കുന്നതിനും സാധിക്കുമോ എന്നതു സുപ്രീം കോടതി ഉൾപ്പെടെ ഒരു കോടതിയും കണക്കിലെടുത്തില്ല. പരിവർത്തനമോ പുനരധിവാസമോ സാധിക്കില്ല എന്നാണെങ്കിൽ അതേക്കുറിച്ചും ചർച്ചയുണ്ടായിട്ടില്ല.

∙ കേസിലെ വസ്തുതകൾ മാത്രമാണ് അപ്പീൽ തള്ളിയപ്പോൾ സുപ്രീം കോടതി പരിഗണിച്ചത്. ശിക്ഷയുടെ തോതു പരിഗണിച്ചില്ല.

∙ കുറ്റം ചെയ്തോ ഇല്ലയോ എന്നു തീരുമാനിക്കുന്നതിനു കുറ്റാരോപിതന്റെ സാമൂഹിക– സാമ്പത്തിക സ്ഥിതി പരിഗണിക്കേണ്ടതില്ല. എന്നാൽ, ശിക്ഷയുടെ തോതു തീരുമാനിക്കുമ്പോൾ അക്കാര്യങ്ങൾ പരിഗണിക്കണം. വിചാരണക്കോടതിയും ഹൈക്കോടതിയും അതു ചെയ്തില്ല.

∙ ആന്റണിക്കു നേരത്തെ മതിയായ നിയമസഹായം ലഭിച്ചോ എന്നതിൽ കോടതി സംശയം പ്രകടിപ്പിച്ചു.  

നടപടിക്രമങ്ങളിൽ കോടതികൾക്കു പിഴവെന്ന വാദം ശരിവച്ച് സുപ്രീം കോടതി

ന്യൂഡൽഹി∙ ആലുവ മാഞ്ഞൂരാൻ വീട്ടിലെ 6 പേരെ കൊന്നത് ആന്റണി തന്നെയോ എന്ന വിഷയത്തിലേക്കു കടക്കാതെയാണ് വധശിക്ഷ ഇളവു ചെയ്തുള്ള സുപ്രീം കോടതി വിധി. എന്നാൽ, കേസിന്റെ നടപടിക്രമങ്ങളിൽ വിചാരണക്കോടതിയിൽ തുടങ്ങി സുപ്രീം കോടതിയിൽ വരെ പിഴവുകൾ സംഭവിച്ചുവെന്ന വാദം ജഡ്ജിമാരായ മദൻ ബി.ലൊക്കൂർ, എസ്.അബ്ദുൽ നസീർ, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ച് ശരിവച്ചു.

ഇന്നലെ മഹാരാഷ്ട്രയിൽ നിന്നുള്ള കേസിൽ ഇതേ ബെഞ്ച് മറ്റൊരു പ്രതിയുടെ വധശിക്ഷ ഇളവു ചെയ്ത് ജീവപര്യന്തമാക്കിയപ്പോൾ, പ്രതി ജീവിതാന്ത്യം വരെ തടവിലായിരിക്കണമെന്ന് എടുത്തുപറഞ്ഞു. അത്തരമൊരു ഉപാധി ആന്റണിയുടെ വിധിയിലില്ല. ആ നിലയ്ക്ക് സർക്കാർ തീരുമാനിച്ചാൽ ആന്റണിക്കു തടവുശിക്ഷയിൽ ഇളവു ലഭിച്ചേക്കാം.

രാഷ്ട്രപതി ദയാഹർജി തള്ളിയതിന്റെ പിറ്റേന്ന് 2015 ഏപ്രിൽ 28നു മനോരമയിൽ വന്ന വാർത്തയിൽ പറഞ്ഞ പ്രധാനകാര്യം ആന്റണിക്കു കേസ് നടത്താൻ ഭാര്യയുടെയോ ബന്ധുക്കളുടെയോ സഹായമില്ലെന്നതാണ്. ഇതു ശ്രദ്ധയിൽപ്പെട്ട സുപ്രീം കോടതി അഭിഭാഷകൻ മനോജ് വി.ജോർജ്, പൂജപ്പുര സ്വദേശി ജയകുമാർ ആർ.നായരുടെ പേരിൽ പൊതുതാൽപര്യ ഹർജി നൽകി. ഈ ഹർജി പരിഗണിച്ചപ്പോൾതന്നെ വധശിക്ഷ നടപ്പാക്കുന്നത് കോടതി തടഞ്ഞു. എന്നാൽ, ആന്റണിയുടെ കാര്യത്തിൽ എന്തു പൊതുതാൽപര്യമെന്നു ചോദിച്ച് ജയകുമാർ നായരുടെ ഹർജി കോടതി തള്ളി. വധശിക്ഷയ്ക്കെതിരെയുള്ള പുനഃപരിശോധനാ ഹർജി തുറന്ന കോടതിയിൽ അരമണിക്കൂർ വാദം കേട്ട് തീർപ്പാക്കണമെന്ന് 2014ൽ മുഹമ്മദ് ആരിഫ് കേസിൽ സുപ്രീം കോടതി വിധിച്ചിരുന്നു. ഈ വിധിയുടെ ചുവടുപിടിച്ചാണ് ആന്റണിക്കുവേണ്ടി മനോജ് രണ്ടാമത്തെ പുനഃപരിശോധനാ ഹർജി നൽകിയത്.

ഡൽഹി ദേശീയ നിയമ സർവകലാശാലയിലുള്ള ഡെത്ത് പെനൽറ്റി ക്ലിനിക്കിന്റെ പ്രവർത്തകരും അഭിഭാഷൻ സഞ്ജയ് പരീഖും സഹായത്തിനെത്തി. ഡെത്ത് പെനൽറ്റി ക്ലിനിക്കുകാരാണ് ആവശ്യമായ രേഖകളെല്ലാം സംഘടിപ്പിച്ചത്. വിചാരണക്കോടതിയിലെ രേഖകൾപോലും പരിഗണിക്കാതെയാണ് സുപ്രീം കോടതി നേരത്തേ വധശിക്ഷ ശരിവച്ചതെന്ന് അഭിഭാഷകൻ കോടതിയെ ബോധ്യപ്പെടുത്തി. ആന്റണിയുടെ കാര്യത്തിൽ കീഴ്ക്കോടതികളുടെ വിലയിരുത്തലിലും സുപ്രീം കോടതിയുടെതന്നെ നടപടിയിലും വീഴ്ചയുണ്ടെന്ന വാദം രണ്ടാമത്തെ പുനഃപരിശോധനാ ഹർജിയിൽ സുപ്രീം കോടതി സമ്മതിക്കുകയായിരുന്നു  

മനസ്സുകളിൽ മാറാത്ത സംശയം; നിയമവഴിയിൽ അപൂർവം

കൊച്ചി∙ ഇരകളിൽ ഒരാൾക്കുപോലും രക്ഷപ്പെടാൻ അവസരം നൽകാതെ ഒരാൾക്ക് ഒറ്റയ്ക്ക് 6 പേരെ കൊലപ്പെടുത്താനാവുമോ? ആലുവ മാഞ്ഞൂരാൻ വീട്ടിലെ കൂട്ടക്കൊലക്കേസിൽ ജനങ്ങളുടെ മനസ്സിൽ മായാതെ നിൽക്കുന്ന സംശയമാണ്. ഈ കേസിലെ പ്രതി ആന്റണിക്ക് (ബ്ലാക്ക് ബെൽട്ട് അന്റപ്പൻ) വിചാരണ കോടതി വിധിച്ച വധശിക്ഷ ഇന്നലെ സുപ്രീംകോടതി ജീവപര്യന്തമായി ഇളവു ചെയ്തപ്പോൾ 17 വർഷങ്ങൾക്കുശേഷവും അതേ ചോദ്യം അവശേഷിക്കുന്നു.

ശാസ്ത്രീയമായി കുറ്റം തെളിയിച്ച അന്വേഷണ സംഘങ്ങൾക്കും വിചാരണക്കോടതിക്കും ഇക്കാര്യത്തിൽ സംശയമുണ്ടായിരുന്നില്ല. കാരണം, തെളിവുകൾ അത്രയ്ക്കു ശക്തമായിരുന്നു. ആദ്യം ഹൈക്കോടതിയും തുടർന്നു സുപ്രീംകോടതിയും ഈ കേസ് അപൂർവങ്ങളിൽ അത്യപൂർവമായി പരിഗണിച്ച് ആന്റണിയുടെ വധശിക്ഷ ശരിവച്ചതാണ്. പ്രതി സമർപ്പിച്ച ദയാഹർജി രാഷ്ട്രപതിയും തള്ളി. പിന്നീടു സുപ്രീംകോടതി തുറന്ന കോടതിയിൽ വീണ്ടും പ്രതിയുടെ ഹർജി പരിഗണിച്ചു. വധശിക്ഷ ഇളവു ചെയ്തത് നിയമവിദഗ്ധർക്കും അതിശയമായി. സാധാരണ നിലയിൽ ദയാഹർജി തള്ളിയാൽ ഇത്തരം നടപടിയുണ്ടാകാറില്ല.

ആദ്യം കേസ് അന്വേഷിച്ച ലോക്കൽ പൊലീസ്, ക്രൈംബ്രാഞ്ച് പ്രത്യേക സംഘം, ഒടുവിൽ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം സിബിഐ – ഈ മൂന്ന് അന്വേഷണ സംഘങ്ങളുടെ നിഗമനങ്ങളും സമാനമായിരുന്നു. 6 പേരെ കൊലപ്പെടുത്തിയത് ഒരാൾ ഒറ്റയ്ക്ക്. തെളിവുകൾ മുഴുവൻ ആന്റണിക്കു പ്രതികൂലം. കരാട്ടെ ബ്ലാക്ക് ബെൽട്ട് നേടിയ അഭ്യാസിയാണ് ആന്റണി. കൊല്ലപ്പെട്ട 6 പേരിൽ ഒരാൾ മാത്രമായിരുന്നു ആന്റണിയെ പ്രതിരോധിക്കാൻ ശേഷിയുണ്ടായിരുന്ന മുതിർന്ന പുരുഷൻ. മറ്റ് 5 പേരിൽ 3 സ്ത്രീകളും 2 കുട്ടികളും. വീടിനുള്ളിൽ പതിയിരുന്ന് അപ്രതീക്ഷിതമായി അക്രമിച്ചതോടെ ആർക്കും ആന്റണിയെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല.

ഇന്നത്തെ ശാസ്ത്രീയ കുറ്റാന്വേഷണ രീതികളിൽ പലതും ആദ്യമായി കേരള പൊലീസും സിബിഐയും പ്രയോഗിച്ച കേസാണിത്– പ്രതിയുടെ രക്തസാംപിൾ പരിശോധന, നുണപരിശോധന ബ്രെയിൻ മാപ്പിങ്, ഒടുവിൽ കോടതി മുൻപാകെ കുറ്റസമ്മത മൊഴി.

കൊല്ലപ്പെട്ട കൊച്ചുറാണി, ബന്ധുകൂടിയായ പ്രതി ആന്റണിയെ സാമ്പത്തികമായി സഹായിക്കുമായിരുന്നു. ജോലി തേടി വിദേശത്തു പോകാനുള്ള തുക നൽകാമെന്ന വാക്കു കൊച്ചുറാണി പാലിക്കാതെ വന്നതിലുള്ള വൈരാഗ്യമാണ് അവരെ അടിച്ചു വീഴ്ത്താനും പേനാക്കത്തികൊണ്ടു പ്രത്യാക്രമണം നടത്തിയപ്പോൾ കൊലപ്പെടുത്താനും കാരണമായി അന്വേഷണ സംഘം കണ്ടെത്തിയത്. കൊച്ചുറാണിയെ കൊല്ലുന്നതു കണ്ട അമ്മ ക്ലാരയെയും വകവരുത്തി. അഗസ്റ്റിനും ഭാര്യ മേരിയും 2 കുഞ്ഞുങ്ങൾക്കൊപ്പം അന്നു സിനിമയ്ക്കു പോവുമ്പോൾ ആന്റണി വീട്ടിലുണ്ടായിരുന്നു. മടങ്ങിവരുമ്പോൾ കൊലപാതകത്തിൽ ആദ്യം സംശയിക്കുമെന്നതു തന്നെയാണ് സിനിമ കഴിഞ്ഞ് അവർ മടങ്ങിവരാൻ കാത്തിരുന്നതും കൊലപ്പെടുത്തിയതും. ആലുവ കൂട്ടക്കൊല സംബന്ധിച്ച് സിബിഐ കുറ്റപത്രത്തിൽ പറയുന്നതിങ്ങനെയാണ്.