കോൺഗ്രസ് പുനഃസംഘടനയ്ക്ക് ധാരണ; വൈകില്ല

തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപു തന്നെ സംസ്ഥാന കോൺഗ്രസിൽ പുനഃസംഘടന നടത്താൻ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ധാരണ. പുതിയ കെപിസിസി പ്രസിഡന്റിനെയും വർക്കിങ് പ്രസിഡന്റുമാരെയും നിയമിച്ചെങ്കിലും കെപിസിസി പുനഃസംഘടിപ്പിക്കാത്തതു പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു തീരുമാനം. എന്നാൽ, എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള പ്രമുഖ നേതാക്കൾ പലരും യോഗത്തിൽ പങ്കെടുക്കാത്തതിനാൽ പുനഃസംഘടനയുടെ കൂടുതൽ വിശദാംശങ്ങൾ ചർച്ച ചെയ്തില്ല.

ജനുവരി ഒന്നിനു സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരെ ശക്തമായ പ്രചാരണം സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. സർക്കാർ പണം നൽകുന്നില്ലെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും വകുപ്പുകൾക്ക് ഇതിനു പണം ചെലവഴിക്കുന്നതിനു തടസ്സമില്ല. ഔദ്യോഗിക സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു പാർട്ടി പ്രചാരണം നടത്താനുള്ള ശ്രമമാണു നടത്തുന്നത്. അതിനാൽ ശക്തമായി പ്രതികരിക്കാൻ യോഗം തീരുമാനിച്ചു. 5 സംസ്ഥാനങ്ങളിൽ കോൺഗ്രസിനുണ്ടായ വിജയത്തെ യോഗം അഭിനന്ദിച്ചു. ദേശീയ തലത്തിൽ കോൺഗ്രസ് ശക്തമായി തീരിച്ചുവരുമ്പോഴും കേരളത്തിൽ സിപിഎം സ്വീകരിക്കുന്ന നിലപാടു ബിജെപിക്ക് അനുകൂലമാണ്. കോൺഗ്രസിന്റെ വിജയം കുറച്ചുകാണാനാണു സിപിഎം ശ്രമിക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി.