മുഴുവൻ കർഷകർക്കും വിള ഇൻഷുറൻസ്

തിരുവനന്തപുരം∙ സംസ്ഥാനത്തെ മുഴുവൻ കർഷകരെയും ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്താൻ തീരുമാനം. പ്രളയം മൂലമുണ്ടായ വ്യാപക കൃഷിനാശത്തിന്റെ പശ്ചാത്തലത്തിലാണു മുഴുവൻ കർഷകരുടെയും വിളകൾ ഇൻഷുർ ചെയ്യുന്നത്. കൃഷി വകുപ്പിൽ റജിസ്റ്റർ ചെയ്തിട്ടുള്ള 20 ലക്ഷം കർഷകരിൽ പ്രളയത്തെ തുടർന്നുള്ള ഇൻഷുറൻസ് സഹായം ലഭിച്ചത് 5% പേർക്കു മാത്രമാണ്.

വിള ഇൻഷുറൻസ് എടുക്കണമെന്നു കൃഷി വകുപ്പ് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ചെറിയ ശതമാനം പേരേ അതു ചെയ്തുള്ളൂ. സംസ്ഥാന സർക്കാരിന്റെ വിള ഇൻഷുറൻസ് പദ്ധതി, കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി ഫസൽ ഭീമാ യോജന, കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് എന്നിങ്ങനെ മൂന്നു പ്രധാന പദ്ധതികളിൽ രണ്ടെണ്ണത്തിൽ കർഷകർ ചേരണം. സംസ്ഥാന സർക്കാരിന്റെ വിള ഇൻഷുറൻസ് പദ്ധതി നിർബന്ധമാണ്. കേന്ദ്രത്തിന്റെ ഏതു പദ്ധതി വേണമെന്നു കർഷകർക്കു തീരുമാനിക്കാം.

കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയുമായി രണ്ടു ഇൻഷുറൻസ് ആനുകൂല്യങ്ങൾ ലഭിക്കുന്ന തരത്തിലാണു പദ്ധതി പൂർത്തിയാക്കുക. വിവരങ്ങൾ നൽകാൻ കൃഷിഭവനുകൾ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കും. കർഷകർക്കു സ്വന്തമായി റജിസ്റ്റർ ചെയ്യാൻ പറ്റുന്ന വിധത്തിൽ മലയാളത്തിലുള്ള വെബ്സൈറ്റും സജ്ജമാക്കും.

തെങ്ങ്, കമുക്, റബർ, കശുമാവ്, വാഴ, മരച്ചീനി, കൈതച്ചക്ക, േതയില, കൊക്കോ, ഗ്രാമ്പൂ, ജാതി, പയർവർഗങ്ങൾ, കിഴങ്ങുവർഗങ്ങൾ തുടങ്ങി പ്രധാന 25 ഇനം വിളകൾക്ക് പരിരക്ഷ ലഭിക്കും. പ്രകൃതിക്ഷോഭത്തിനു പുറമേ വന്യജീവി ആക്രമണം മൂലവും വിളകൾ നശിക്കുന്ന മലയോര ജില്ലകളിലെ കർഷകർക്കും പദ്ധതിയിൽ ഉൾപ്പെടുക വഴി അധിക പ്രയോജനം ലഭിക്കും.

പകുതിയിലേറെ വിളനാശം പൂർണനാശമായി കണക്കാക്കും

50 ശതമാനത്തിലധികമുള്ള നെൽക്കൃഷി നാശം പൂർണനാശമായി കണക്കാക്കി സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി പ്രകാരം നഷ്ടപരിഹാരം നൽകാൻ സർക്കാർ ഉത്തരവ്. വിള ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം, നഷ്ടപരിഹാരം എന്നിവയുടെ തോത് 2017 ലെ ഉത്തരവു പ്രകാരം പുതുക്കിയിരുന്നു. എന്നാൽ പ്രളയത്തിൽ നെൽക്കൃഷി നശിച്ച വലിയൊരു വിഭാഗം കർഷകർക്കും ഇതനുസരിച്ചുള്ള നഷ്ടപരിഹാരം ലഭിച്ചില്ല. അതിനാലാണ് ഈ ഉത്തരവ് റദ്ദാക്കി 50 ശതമാനത്തിലേറെ കൃഷിനാശം പൂർണനാശമായി കണക്കാക്കാൻ വ്യവസ്ഥ ചെയ്തത്. ഇതിന് 2018 ഏപ്രിൽ ഒന്നു മുതൽ പ്രാബല്യവുമുണ്ട്.