കൊച്ചി ∙ പി.കെ. ശശി എംഎൽഎ മോശമായി പെരുമാറിയെന്ന യുവതിയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഹർജി. പാലക്കാട് സ്വദേശി ടി.എസ്. കൃഷ്ണകുമാറാണു ഹർജിക്കാരൻ. പരാതിക്കാരിയായ ഡിവൈഎഫ്ഐ പ്രവർത്തക സിപിഎം ജില്ലാ കമ്മിറ്റിയിലാണു പരാതി നൽകിയതെന്നു ഹർജിയിൽ പറയുന്നു.
പരാതി പൊലീസിനു വിടാതെ ആഭ്യന്തര അന്വേഷണം നടത്താനാണു പാർട്ടി തീരുമാനിച്ചത്. ശശിയെ പാർട്ടിയിൽ നിന്നു സസ്പെൻഡ് ചെയ്തതു പരാതിയിൽ കഴമ്പുണ്ടെന്നതിന്റെ തെളിവാണ്. ഗൗരവമേറിയ ആരോപണത്തിൽ ആഭ്യന്തര അന്വേഷണം മതിയെന്നു തീരുമാനിച്ച സിപിഎം നിയമസംവിധാനത്തെ വെല്ലുവിളിക്കുകയാണെന്നു ഹർജിയിൽ ആരോപിക്കുന്നു