‘മഞ്ജു വാരിയർക്ക് ഒപ്പം; വിവരമുള്ളവര്‍ മതിലുകളില്‍ ചാരി നില്‍ക്കുക പോലുമില്ല’

കോഴിക്കോട്∙ വനിതാ മതിലിനോടൊപ്പമല്ല, മതിലിനു പിന്തുണ പിൻവലിച്ച നടി മഞ്ജു വാരിയർക്കൊപ്പമാണു താനെന്ന് നടൻ ജോയ് മാത്യു. സ്വതന്ത്ര ചിന്തയെ ഏറ്റവുമധികം ഭയപ്പെടുന്ന, കമ്യൂണിസ്റ്റുകാർ എന്നു നടിക്കുന്ന ഒരു വിഭാഗം തങ്ങളുടെ മണ്ടത്തരങ്ങൾക്കു കയ്യടിക്കാത്തവരെ പാർട്ടി ഫാൻസുകാരെക്കൊണ്ട് ആക്രമിക്കാനും ഒറ്റപ്പെടുത്താനും മടിക്കാത്തവരാണെന്ന് ജോയ് മാത്യു ഫെയ്സ്ബുക് പോസ്റ്റിൽ പറഞ്ഞു.

മതിലുകളില്ലാത്ത ആകാശം സ്വപ്നം കാണുന്നവരാണ് ഇന്നത്തെ പെൺകുട്ടികൾ. അതുകൊണ്ടാണ് മതിൽ കെട്ടുക എന്ന ചിന്ത തന്നെ സ്വാതന്ത്ര്യവിരുദ്ധമാകുന്നത്. വിവരമുള്ളവർ അത്തരം മതിലുകളിൽ ചാരി നിൽക്കുക പോലുമില്ലെന്നും മഞ്ജു ചെയ്തത് അതാണെന്നും ജോയ് മാത്യു പറഞ്ഞു. പാർട്ടി ജാഥയ്ക്ക് തൊപ്പിയും താലപ്പൊലിയുമായി പാർട്ടി പുരുഷ സംരക്ഷിത വലയത്തിൽ അടിവച്ചു നീങ്ങുന്നവരാണ് പാർട്ടി ഫാൻസുകാർ കാണുന്ന വനിതകൾ.

മഞ്ജുവാരിയർക്കെതിരെയുള്ള അസഭ്യവർഷം പൊതു മനഃസാക്ഷിയിൽ ഈ രാഷ്ട്രീയപ്പാർട്ടിക്കുണ്ടാക്കുന്ന ചീത്തപ്പേര് ചില്ലറയായിരിക്കില്ല– ജോയ് മാത്യു പറയുന്നു.