വനിതാ മതിലിന് സർക്കാർ പണം: നിയമപരമായി നേരിടുമെന്നു ഹസ്സൻ

പാലക്കാട്∙ വനിതാ മതിലിനായി സർക്കാർ പണം ചെലവഴിച്ചാൽ യുഡിഎഫ് നിയമപരമായി നേരിടുമെന്നു കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എം.എം. ഹസൻ. വിഭാഗീയതയും വർഗീയതയും സൃഷ്ടിക്കുന്നതിനാലാണു വനിതാ മതിലിനെ എതിർക്കുന്നത്. ഇതിനു സർക്കാർ പണം ചെലവഴിക്കില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയതാണ്. ആ നിലപാടിൽ ഉറച്ചുനിൽക്കണം.

പരിപാടിക്കു ശബരിമല വിഷയവുമായി ബന്ധമില്ലെന്നു മന്ത്രി കടകംപള്ളി പറയുമ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മറിച്ചാണു പറയുന്നത്. പിണറായി എൻഎസ്എസിനെ ഭീഷണിപ്പെടുത്താൻ നോക്കുകയാണ്. വിമോചന സമരകാലത്ത് ഇഎംഎസ് വിരട്ടാൻ നോക്കിയിട്ടു നടന്നിട്ടില്ല. അതുകൊണ്ടു പിണറായി വിജയൻ നോക്കിയാലൊന്നും എൻഎസ്എസ് കീഴടങ്ങില്ല.

വിഭാഗീയത വളർത്തി ആർഎസ്എസിനു പരോക്ഷ സഹായം ചെയ്യുന്ന സിപിഎം വനിതാ മതിലിലൂടെ സാമൂഹിക നവോത്ഥാനമല്ല സാമൂഹിക നശീകരണമാണു ലക്ഷ്യമാക്കുന്നതെന്നും ഹസൻ പറ‍ഞ്ഞു.