Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാലിക്കറ്റിൽ എസ്എഫ്ഐ സമരത്തിനിടെ പരക്കെ അക്രമം; വിസിയെ ഉപരോധിച്ചു

calicut കാലിക്കറ്റ് സർവകലാശാലാ ഭരണകാര്യാലയത്തിൽ എസ്എഫ്ഐ സമരത്തിനിടെ വൈസ് ചാൻസലറുടെ നെയിം ബോർഡ് തകർന്ന നിലയിൽ (ഇടത്ത്). സമരത്തിനിടെ തകർന്ന കസേരയും വൈദ്യുത ഉപകരണങ്ങളും.

തേഞ്ഞിപ്പലം ∙ കായിക വിഭാഗം ഡയറക്‌ടർ ഡോ. വി.പി.സക്കീർ ഹുസൈനെ വിദ്യാഭ്യാസ ഫാക്കൽറ്റി ഡീനും സെനറ്റ് അംഗവുമായി നിയമിച്ചതിനെതിരെ കാലിക്കറ്റ് സർവകലാശാലാ ഭരണകാര്യാലയത്തിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ അക്രമം. മിന്നൽ സമരവുമായി എത്തിയ പ്രവർത്തകർ വിസി ഡോ. കെ.മുഹമ്മദ് ബഷീറിനെ ചേംബറിൽ 4 മണിക്കൂർ ഉപരോധിച്ചു. ഫർണിച്ചറും നെയിംബോർഡുകളുമുൾപ്പെടെ സാധനസാമഗ്രികൾ തകർത്തു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി.

ജൂനിയർ കായിക വിദ്യാർഥികളെ റാഗിങ്ങിനു വിധേയരാക്കിയെന്ന കേസിൽ സീനിയർ വിദ്യാർഥികൾക്ക് അനുകൂലമായി സക്കീർ ഹുസൈൻ യുജിസിക്ക് റിപ്പോർട്ട് നൽകിയെന്നാണ് എസ്എഫ്ഐ ആരോപണം. പരാതിയിൽ സിൻഡിക്കറ്റ് 3 മാസം മുൻപ് പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം വൈകുന്നതിനൊപ്പം അദ്ദേഹം സെനറ്റിൽ നിയമിതനാവുകകൂടി ചെയ്തതാണ് എസ്എഫ്ഐയെ പ്രകോപിപ്പിച്ചത്. 27ന് ഉപസമിതി ചേർന്ന് അന്വേഷണത്തിന് റിട്ട. ജഡ്‌ജിയെ നിയോഗിക്കാമെന്ന് വിസി ഉറപ്പുനൽകിയതിനെ തുടർന്നാണ് ഇന്നലെ സമരം അവസാനിപ്പിച്ചത്. മുൻ വിസിയുടെ കാലത്ത് കായികവിദ്യാർഥികളെ സർവലകാശാലാ ഹോസ്‌റ്റലിൽ താമസിപ്പിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷങ്ങളിലും സക്കീർ ഹുസൈനും എസ്എഫ്ഐ നേതാക്കളും 2 തട്ടിലാണ്.

രാവിലെ 10.45ന് 4 എസ്‌എഫ്‌ഐ നേതാക്കൾ വിസിയെ കണ്ടു മടങ്ങിയതിനു പിന്നാലെ നേതാക്കളും പ്രവർത്തകരും ഭരണകാര്യാലയത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു. ഗേറ്റുകളുടെ പൂട്ടുതകർത്ത്, സുരക്ഷാഉദ്യോഗസ്‌ഥരെ തള്ളിമാറ്റിയാണ് സമരക്കാർ അകത്തെത്തിയത്. വിസിയുടെയും പിവിസി ഡോ. പി.മോഹന്റെയും ബോർഡുകളും വിസിയുടെ ഡിജിറ്റൽ നെയിംബോർഡും തകർത്തു. കസേരകളും ഫാനുകളും ലൈറ്റുകളും നശിപ്പിച്ചു. വിസിയുടെ ചേംബർ തള്ളിത്തുറക്കാൻ ശ്രമമുണ്ടായെങ്കിലും സുരക്ഷാജീവനക്കാർ ചെറുത്തുനിന്നു.

എസ്‌ഐ ബിനു തോമസ് വിസിയെ വിളിച്ച് ചർച്ചയ്‌ക്കു കളമൊരുക്കിയതോടെയാണ് രംഗം ശാന്തമായത്. സക്കീർ ഹുസൈന്റെ പദവികൾ പുനഃപരിശോധിക്കാൻ ഗവർണർക്ക് വിസി റിപ്പോർട്ട് നൽകണമെന്നും തുടരാൻ അനുവദിച്ചാൽ സമരം ശക്തമാക്കുമെന്നും എസ്‌എഫ്‌ഐ അറിയിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ വി.പി.ശരത് പ്രസാദ്, ടി.പി.രഹന സബീന, കെ.പി.ഐശ്വര്യ, സംസ്‌ഥാന കമ്മിറ്റി അംഗങ്ങളായ കെ.എ.സക്കീർ, ജോബി എന്നിവരാണ് വിസിയുമായി ചർച്ച നടത്തിയത്.