തിരുവനന്തപുരം ∙ ക്രെഡിറ്റ് കാർഡ് തട്ടിപ്പിന് പ്രതിരോധ വക്താവും ഇര. ക്രിസ്മസ് തലേന്ന് രാത്രിയിൽ തിരുവനന്തപുരത്തെ പ്രതിരോധ വക്താവ് ധന്യ സനലിന്റെ അക്കൗണ്ടിൽ നിന്ന് ഒറ്റയടിക്ക് 33,000 രൂപയാണ് നഷ്ടമായത്. (വൺ ടൈം പാസ്‌വേഡ്) ഒടിപി പോലുമില്ലാതെയാണു പണം തട്ടിയെടുത്തത്.
ഗോപ്രോ ക്യാമറ വെബ്സൈറ്റിൽ നിന്ന് 480 ഡോളറിന്റെ ഓൺലൈൻ ഇടപാടാണു തട്ടിപ്പുകാർ നടത്തിയത്. വിദേശ സൈറ്റ് ആയതിനാൽ ഡോളറിലാണു പണം പിൻവലിച്ചത്. ഒടിപി ചോദിച്ചതുമില്ല. പണം പിൻവലിച്ച ഉടൻ മൊബൈൽ ഫോണിലേക്ക് സന്ദേശം വന്നിരുന്നുവെങ്കിലും ക്രിസ്മസ് തിരക്കുകളിലായതിനാൽ അറിഞ്ഞില്ലെന്ന് ഉടമ പറഞ്ഞു.
ഇതിനു ശേഷം യുഎൻഎച്ച്സിആർ എന്ന സംഘടനയിലേക്ക് അഭയാർഥികൾക്കായി സഹായ ധനമായി 100 രൂപ നൽകാനും തട്ടിപ്പുകാർ ശ്രമം നടത്തി.
എന്നാൽ ഈ തുക രൂപ ആയാണ് പിൻവലിക്കാൻ ശ്രമിച്ചത്. അതിനാൽ ഒടിപി ആവശ്യപ്പെട്ടു സന്ദേശം വന്നു. അങ്ങനെ ആ ശ്രമം നടന്നില്ല. ഇടപാട് നടന്നതായി ബാങ്ക് സ്ഥിരീകരിച്ചു. വിദേശ വെബ്സൈറ്റുകളിൽ ഒടിപി ഇല്ലാതെ കാർഡ് നമ്പർ, കോഡ്, എക്സ്പയറി ഡേറ്റ് തുടങ്ങിയവ നൽകിയാൽ ഇടപാട് പൂർത്തിയാക്കാം. ഇതാണു തട്ടിപ്പുകാർ ചൂഷണം ചെയ്തത്. പൊലീസ് കേസെടുത്തു.
∙ ക്രെഡിറ്റ് കാർഡ് തട്ടിപ്പുകളിൽ ഒടിപി ഉണ്ടെങ്കിൽ മാത്രമേ പണം പിൻവലിക്കാനാവൂ എന്ന വിശ്വാസത്തെ തകിടം മറിക്കുന്നതാണു പുതിയ തട്ടിപ്പ്. വിദേശ ഓൺലൈൻ സൈറ്റുകളിൽ നിന്നു സാധനങ്ങൾ വാങ്ങണമെങ്കിൽ ഒടിപി വേണ്ടെന്ന സൗകര്യമാണ് തട്ടിപ്പുകാർ മുതലാക്കിയത്. ക്രെഡിറ്റ് കാർഡ് നമ്പർ, എക്സ്പയറി ഡേറ്റ്, സിവിവി കോഡ് എന്നിവ മാത്രം കൊടുത്താൽ മതി പണം പിൻവലിക്കാൻ. കാർഡ് കൈവശപ്പെടുത്തി ആർക്കും ഓൺലൈൻ സൈറ്റുകൾ വഴി പണം എടുക്കാം എന്നു സാരം. അതു മാത്രമല്ല എവിടെ നിന്നെങ്കിലും കാർഡിനു പകരം ഈ വിവരങ്ങൾ കിട്ടിയാലും മതി.