വനിതാ മതിലിന് പെൻഷൻ പണം: പ്രതിഷേധാർഹമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം ∙ ക്ഷേമ പെൻഷൻകാരെ പിഴിഞ്ഞു വനിതാമതിലിന് പണം സ്വരൂപിക്കാനുള്ള ഇടതുസർക്കാരിന്റെ നീക്കം പ്രതിഷേധാർഹമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ബക്കറ്റ് പിരിവ് നടത്തി കണക്ക് സമർപ്പിക്കാതെ ജനങ്ങളെ പറ്റിക്കുന്ന സിപിഎം നേതൃത്വം നൽകുന്ന സർക്കാരിൽ നിന്നും ജനങ്ങൾ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ല. 

കോൺഗ്രസ് നടപ്പിലാക്കിയ ഭക്ഷ്യസുരക്ഷാ നിയമത്തിലൂടെ ദുർബല വിഭാഗങ്ങൾക്കു ലഭ്യമാകുന്ന ഭക്ഷ്യധാന്യങ്ങൾ തട്ടിയെടുക്കാനാണു സംസ്ഥാന സർക്കാരിന്റെ നീക്കം. 'നിങ്ങളുടെ റേഷൻ നൽകു, അത് ചിലരുടെ വിശപ്പകറ്റും' എന്ന തലക്കെട്ടിൽ കോടിക്കണക്കിനു പണം ചെലവഴിച്ചു നൽകിയ പരസ്യം അതിനു തെളിവാണെന്നു മുല്ലപ്പള്ളി പറഞ്ഞു.