Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അകത്തും പുറത്തും എതിർക്കുന്നവരെ ഒറ്റപ്പെടുത്തും: സുകുമാരൻ നായർ

G Sukumaran nair

ചങ്ങനാശേരി ∙ പുറത്തു നിന്ന് എതിർക്കുന്നവരെ നേരിടാനും അകത്തുനിന്നു കൊണ്ടു വിള്ളലുണ്ടാക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്താനുമുള്ള ശേഷി എൻഎസ്എസിനുണ്ടെന്നു ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ‘പ്രബല കക്ഷികളുടെ 2 നേതാക്കളും ഇപ്പോൾ ചേക്കേറിയ മറ്റൊരു നേതാവുമാണു എൻഎസ്എസിനെതിരെ രൂക്ഷപ്രതികരണം നടത്തുന്നത്. ഇവർ നായർ സമുദായാംഗങ്ങൾ കൂടി ആകുമ്പോൾ എന്തുമാകാം എന്നാണല്ലോ’– സുകുമാരൻ നായർ പറഞ്ഞു.

‘ഈ പരിപ്പൊന്നും വേവുകയില്ലെന്ന് 3 പേരും മനസ്സിലാക്കണം. എൻഎസ്എസിന്റെ അടിത്തറയും സംഘടനയും ശക്തമാണ്. എൻഎസ്എസ് സമദൂരം തെറ്റിച്ചു, ഇനി സമദൂരത്തെക്കുറിച്ചു പറയാൻ അവകാശമില്ല, സുകുമാരൻ നായർക്കു സമദൂരത്തിൽ നിന്നു മാറാൻ അവകാശമില്ല എന്നൊക്കെയാണു 3 നേതാക്കളുടെയും വിമർശനം’– കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനും ആർ. ബാലകൃഷ്ണ പിള്ളയും കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ വിമർശനങ്ങൾക്കു മറുപടിയായി ഇവരുടെ പേരു പറയാതെ സുകുമാരൻ നായർ പറഞ്ഞു.

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണു സർക്കാർ നവോത്ഥാനത്തിന്റെ പേരിൽ വനിതാ മതിൽ തീർക്കാൻ നോക്കുന്നത്. വനിതാ മതിൽ ആചാരലംഘനത്തിനുള്ള നടപടിയാണെന്നു മനസിലാക്കിയാണ് എൻഎസ്എസ് വിട്ടു നിന്നത്. സർക്കാർ സന്നാഹങ്ങളും സമ്മർദങ്ങളും ഉപയോഗിച്ചു മതിൽ തീർത്താൽ നവോത്ഥാനമാകുമോ ? ആചാരങ്ങൾ സംരക്ഷിക്കുകയെന്നതാണ് എൻഎസ്എസ് നിലപാട്. യുവതീ പ്രവേശത്തിലും ഇതാണു നിലപാട്. ഇതിനായി നിയമനടപടികൾ സ്വീകരിക്കുന്നതിനൊപ്പം വിശ്വാസികൾക്കൊപ്പം പ്രതിഷേധവുമായി മുന്നോട്ടു പോകും.

ശബരിമല കർമസമിതിയുടെ അയ്യപ്പ ജ്യോതിയിൽ വിശ്വാസികൾ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്നു നിലപാട് എടുത്ത എൻഎസ്എസ് പക്ഷേ, ഔദ്യോഗികമായി പങ്കെടുത്തില്ല. ഇതേസമയം സമദൂരത്തിന്റെ കാര്യങ്ങളിൽ മുൻനിലപാടിൽ ഉറച്ചു നിൽക്കുമെന്ന് സുകുമാരൻ നായർ വ്യക്തമാക്കി.