പിരിച്ചുവിടും, വായ്പ വൈകിപ്പിക്കും; വനിതാ മതിലിനായി ഭീഷണിയുമായി നേതാക്കൾ

തിരുവനന്തപുരം ∙ വനിതാ മതിൽ വിജയിപ്പിക്കാനുള്ള സർക്കാർ ഉത്തരവുകളും സർക്കുലറുകളും മാധ്യമങ്ങളിലൂടെ വിവാദമാകുന്ന സാഹചര്യത്തിൽ രേഖാമൂലം ഉത്തരവ് ഇറക്കുന്നത് അവസാനിപ്പിച്ചു. പകരം വാക്കാൽ നിർദേശം നൽകിയുള്ള സമ്മർദ തന്ത്രമാണു പയറ്റുന്നത്.

വനിതാ മതിൽ എങ്ങനെയും വിജയിപ്പിക്കുക എന്ന ലക്ഷ്യവുമായി ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ രംഗത്തിറങ്ങിയിട്ടുണ്ട്. പങ്കെടുക്കാത്ത കുടുംബശ്രീ യൂണിറ്റുകൾ പിരിച്ചുവിടാൻ നിർദേശമുണ്ട്. യൂണിറ്റുകളെ സമ്മർദത്തിലാക്കി പങ്കെടുപ്പിക്കുകയാണു ലക്ഷ്യം. കുടുംബശ്രീയിൽ  30 ലക്ഷം വനിതകളുണ്ട്. പകുതി പേർ പങ്കെടുത്താൽ പോലും മതിൽ വിജയിക്കുമെന്നാണു വിലയിരുത്തൽ. പങ്കെടുക്കാത്തവരുടെ വായ്പ അടക്കം വൈകിപ്പിക്കുമെന്ന ഭീഷണിയുമുണ്ട്. പ്രതിപക്ഷം ഭരിക്കുന്ന പഞ്ചായത്തുകളിൽ പഞ്ചായത്തു സെക്രട്ടറിമാരെ ഉപയോഗിച്ചു കുടുംബശ്രീ പ്രവർത്തകരെ ഭീഷണിപ്പെടുത്തുന്നെന്നും ആക്ഷേപമുണ്ട്. വാർഡ് തലത്തിൽ കുടുംബശ്രീ പ്രവർത്തകർ, അംഗനവാടി ഹെൽപ്പർ, തൊഴിലുറപ്പു മേറ്റുമാർ, ആശാ വർക്കർമാർ, സാക്ഷരതാ പ്രേരക്മാർ, എസ്‌സി എസ്ടി പ്രമോട്ടർമാർ എന്നിവരുടെ യോഗം ഇന്നു  വിളിച്ചു ചേർക്കും. 30, 31 തീയതികളിൽ വാർഡ് തലത്തിൽ സ്ക്വാഡ് പ്രവർത്തനത്തിനും നിർദേശിച്ചിട്ടുണ്ട്.

മതിലിനായി സ്വകാര്യ ബസുകളും സ്കൂൾ ബസുകളും വിട്ടുകൊടുക്കാൻ നിർബന്ധമുണ്ടെന്നും ആരോപണം ശക്തമാണ്. പങ്കെടുക്കുന്നവരെ എത്തിക്കാനായി ഡീസൽ നിറച്ച്, ഡ്രൈവർ ഉൾപ്പെടെ ബസ് വിട്ടു നൽകണമെന്നാണു നിർദേശം. മതിൽ ദിനമായ ജനുവരി ഒന്നിനു തൊഴിലുറപ്പു തൊഴിലാളികൾക്കു ഹാജർ നൽകാനും ബ്ലോക്കുകൾക്കു നിർദേശം നൽകി.