കുഞ്ഞാലിക്കുട്ടിയോട് ലീഗ് വിശദീകരണം തേടി; ജാഗ്രതക്കുറവ് ഉണ്ടായെന്ന് സാദിഖലി തങ്ങൾ

ഹൈദരലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, സാദിഖലി
ഹൈദരലി ശിഹാബ് തങ്ങൾ, പി.കെ.കുഞ്ഞാലിക്കുട്ടി, സാദിഖലി

മലപ്പുറം ∙ മുത്തലാഖ് ബിൽ ചർച്ച ചെയ്ത ദിവസം ലോക്സഭയിൽ എത്താതിരുന്നതു സംബന്ധിച്ച് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും പാർലമെന്ററി പാർട്ടി നേതാവുമായ പി.കെ.കുഞ്ഞാലിക്കുട്ടിയോട് പാർട്ടി വിശദീകരണം തേടി. ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയർമാൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണു വിശദീകരണം ആവശ്യപ്പെട്ടത്. ജാഗ്രതക്കുറവുണ്ടായെന്ന് ഉന്നതാധികാരസമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കുകയും ചെയ്തു. നേരത്തേ, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കുഞ്ഞാലിക്കുട്ടി പാർലമെന്റിൽ എത്താതിരുന്നതും വിവാദമായിരുന്നു.

ലീഗ് അണികൾക്കിടയിൽനിന്നും പരമ്പരാഗതമായി ലീഗിനൊപ്പം നിൽക്കുന്ന മതസംഘടനയായ ‘സമസ്ത’യിൽ നിന്നും  കുഞ്ഞാലിക്കുട്ടിക്കെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. ഇടതുപക്ഷത്തിന്റെ വിമർശനത്തിനു പുറമേ ഐഎൻഎൽ, എസ്ഡിപിഐ, വെൽഫെയർ പാർട്ടി തുടങ്ങിയവ പ്രത്യക്ഷ പ്രതിഷേധവുമായി രംഗത്തിറങ്ങുകയും ചെയ്തതോടെ പ്രതിരോധിക്കാനുള്ള തീവ്രശ്രമത്തിലാണു ലീഗ്. വിവാദം കത്തുമ്പോൾ കുഞ്ഞാലിക്കുട്ടി ദുബായിലായിരുന്നു എന്നത് പ്രശ്നം രൂക്ഷമാക്കി.

ലീഗിന്റെ 2 എംപിമാരിൽ ഇ.ടി.മുഹമ്മദ് ബഷീറാണ് സഭയിലുണ്ടായിരുന്നത്. മുസ്‍ലിം പുരുഷൻമാരെ ക്രിമിനലുകളായി മുദ്രകുത്തുന്ന ബിൽ അംഗീകരിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടി പ്രസംഗിച്ച അദ്ദേഹം നിഷേധവോട്ട് രേഖപ്പെടുത്തുകയും ചെയ്തു. സമസ്തയിലെ ഒരു വിഭാഗത്തിന്റെ പ്രത്യക്ഷപിന്തുണ ഇല്ലാതിരുന്ന ബഷീറിനെ സമൂഹമാധ്യമങ്ങളിൽ അനുമോദിക്കുന്ന തിരക്കിലാണ് ഇപ്പോൾ ലീഗ്, സമസ്ത പ്രവർത്തകർ. സംഭവത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽനിന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ് ഒഴിഞ്ഞുമാറിയതും എം.കെ.മുനീർ ഒഴികെയുള്ള ലീഗ് നേതാക്കളാരും കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ച് രംഗത്തു വരാതിരുന്നതും ശ്രദ്ധേയമാണ്. സംഭവം ലോക്സഭാ തിരഞ്ഞെടുപ്പിൽ ക്ഷീണമുണ്ടാക്കുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. 

ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കേണ്ടതിനാലാണ് കുഞ്ഞാലിക്കുട്ടി സഭയിൽ എത്താതിരുന്നതെന്നാണ് പാർട്ടി കേന്ദ്രങ്ങൾ ആദ്യം പറഞ്ഞത്. ഹൈദരാബാദിൽനിന്നുള്ള എഐഎംഐഎം എംപി അസദുദ്ദീൻ ഉവൈസി അദ്ദേഹത്തിന്റെ മകളുടെ വിവാഹദിവസമാണ് സഭയിലെത്തുകയും പ്രസംഗിക്കുകയും വോട്ട് ചെയ്യുകയും ചെയ്തതനെന്ന വാർത്ത കുഞ്ഞാലിക്കുട്ടിക്കു തിരിച്ചടിയായി. നേതൃത്വത്തെ അറിയിച്ചിരുന്നെന്നും പാർട്ടി പത്രത്തിന്റെ ഗവേണിങ് ബോർഡ് യോഗത്തിൽ പങ്കെടുക്കാൻ പോയതുകൊണ്ടാണ് സഭയിലെത്താതിരുന്നതെന്നുമുള്ള കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണത്തിനും വിവാദം തണുപ്പിക്കാൻ കഴിഞ്ഞില്ല.

ഇതിലപ്പുറമുള്ള ആരോപണങ്ങളെ അതിജീവിച്ചിട്ടുണ്ട്: കുഞ്ഞാലിക്കുട്ടി

ദുബായ്∙ മുത്തലാഖിനെതിരെ മുസ്‌ലിം ലീഗ് ശക്തമായ നിലപാടു തുടരുമെന്നു ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികളുമായി സഹകരിച്ചു രാജ്യസഭയിൽ ബിൽ പരാജയപ്പെടുത്താൻ ശ്രമിക്കും – ബിൽ അവതരണവേളയിൽ ലോക്സഭയിൽ പങ്കെടുക്കാതിരുന്നതിനെക്കുറിച്ചു വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

കെ.ടി.ജലീലിന്റെ അഴിമതി വിഷയത്തിൽ നിന്നു ശ്രദ്ധ തിരിക്കാനാണു സിപിഎം എനിക്കെതിരെ ആരോപണങ്ങളുന്നയിക്കുന്നത്. ഇതിലപ്പുറമുള്ള അരോപണങ്ങളെ അതിജീവിച്ചിട്ടുണ്ട്. മുത്തലാഖ് ബിൽ അവതരണവേളയിലും വോട്ടെടുപ്പിലും പല സിപിഎം അംഗങ്ങളും ലോക്സഭയിൽ ഉണ്ടായിരുന്നില്ല. കേരളത്തിൽ നിന്നുള്ള ഒരു സിപിഎം എംപിയും അതിനെതിരെ സംസാരിക്കുകയും ചെയ്തില്ല. ലീഗ് അധ്യക്ഷനെ കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ട് – കുഞ്ഞാലിക്കുട്ടി പറഞ്ഞു.