കോഴിക്കോട്∙ ദൈവശാസ്ത്ര പണ്ഡിതനും ഗ്രന്ഥകാരനും ഈശോസഭ വൈദികനുമായ ഡോ. സാമുവൽ രായൻ (98) അന്തരിച്ചു. സംസ്കാരം മലാപ്പറമ്പ് ക്രൈസ്റ്റ് ഹാൾ സെമിത്തേരിയിൽ നാളെ രാവിലെ 10.30ന്.
കേരളത്തിന്റെ ബൗദ്ധികമണ്ഡലത്തിനു പുതുപ്രഭ പകർന്ന ദാർശനികനും വിമോചന ദൈവശാസ്ത്രത്തിനു ഭാരതീയ ഭാഷ്യം നൽകാൻ നേതൃത്വം നൽകിയ പണ്ഡിതനുമായ അദ്ദേഹം ഒരു വർഷമായി കോഴിക്കോട്ട് ചികിത്സയിലായിരുന്നു. യൂറോപ്യൻ സംസ്കാരത്തിന്റെ സ്വാധീനത്തിൽക്കിടന്ന ക്രിസ്ത്യൻ ദൈവശാസ്ത്രത്തെ ഇന്ത്യ ഉൾപ്പെടുന്ന മൂന്നാം ലോകരാജ്യങ്ങളുടെ കാഴ്ചപ്പാടിലേക്കു മാറ്റിയെഴുത്താൻ മുൻകയ്യെടുത്തവരിൽ പ്രധാനിയാണ്.
ബൗദ്ധികതലത്തിൽ മാത്രം ചർച്ച ചെയ്യപ്പെട്ടിരുന്ന ദൈവശാസ്ത്രത്തെ സാധാരണക്കാരായ വിശ്വാസികളുടെ കാഴ്ചപ്പാടിലേക്കു പുനരാഖ്യാനം ചെയ്യുന്നതിനു കഠിനപരിശ്രമമാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയത്.
1920 ജൂലൈ 23ന് കൊല്ലം കുമ്പളത്ത് ക്രൂസ് രായന്റെയും ആഗ്‌നസിന്റെയും മകനായി ജനിച്ച അദ്ദേഹം 1939ൽ ആണ് ഈശോസഭയിൽ ചേർന്നത്. 1955ൽ വൈദികപട്ടം സ്വീകരിച്ചു. തത്വശാസ്ത്രത്തിൽ പഠനം പൂർത്തിയാക്കിയ ശേഷം കേരള സർവകലാശാലയിൽനിന്ന് ഒന്നാം റാങ്കിൽ ബിഎ മലയാളം പാസായി. റോമിൽനിന്നു തിയോളജിയിൽ ഡോക്ടറേറ്റ് നേടി.
1960 മുതൽ 71 വരെ കേരളത്തിലെ ഐക്കഫ് (ഓൾ ഇന്ത്യ കാത്തലിക് യൂണിവേഴ്സിറ്റി ഫെഡറേഷൻ) പ്രസ്ഥാനത്തിന്റെ ചാപ്ലിനായി. സംസ്ഥാനത്തെ ക്യാംപസുകളിൽ ഐക്കഫ് കെട്ടിപ്പടുക്കാൻ നിർണായക പങ്കുവഹിച്ചു. എക്യുമെനിക്കൽ അസോസിയേഷൻ ഓഫ് തേഡ് വേൾഡ് തിയോളജിയൻസിന്റെ സ്ഥാപകാംഗമാണ്. ഡൽഹി വിദ്യാജ്യോതി കോളജ് ഓഫ് തിയോളജി അധ്യാപകനായും പ്രിൻസിപ്പലായും സേവനം ചെയ്തു. ബഹുഭാഷാ പണ്ഡിതനാണ്.
കം ഹോളി സ്പിരിറ്റ്, ഹോളി സ്പിരിറ്റ് റിന്യൂ ദ് ഫെയ്സ് ഓഫ് എർത്ത്, ദി ആംഗർ ഓഫ് ഗോഡ് തുടങ്ങിയ ഗ്രന്ഥങ്ങൾ രചിച്ചു. ‘നാളേയിലേക്കൊരു നീൾക്കാഴ്ച’ ലേഖന സമാഹാരം.