തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖ നിർമാണത്തിൽ അഴിമതിയില്ലെന്ന ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ടിനു പിന്നാലെ നിർമാണപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു. തുറമുഖ നിർമാണത്തിനു പ്രധാന തടസ്സമായ പാറക്ഷാമം യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കാൻ ചീഫ് സെക്രട്ടറി ടോം ജോസിനെ ചുമതലപ്പെടുത്തി.
വിഴിഞ്ഞം കരാറിൽ അഴിമതിയോ രാഷ്ട്രീയദുരുപയോഗമോ നടന്നിട്ടില്ലെന്നു സർക്കാർ നിയോഗിച്ച ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ കമ്മിഷൻ തിങ്കളാഴ്ച റിപ്പോർട്ട് നൽകിയതിനു പിന്നാലെ ചൊവ്വാഴ്ചയാണു യോഗം ചേർന്നത്. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു. കഴിഞ്ഞ ആറുമാസത്തെ നിർമാണ പ്രവർത്തനങ്ങളുടെ അവലോകനത്തിൽ പാറക്ഷാമം മൂലം പുലിമുട്ട് നിർമാണം പ്രതിസന്ധിയിലാണെന്നു കണ്ടതിനെത്തുടർന്നു പ്രശ്നം ഉടൻ പരിഹരിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.
65 ലക്ഷം ടൺ പാറയാണു പുലിമുട്ട് നിർമാണത്തിനു വേണ്ടത്. 10 ലക്ഷം ടൺ ബെർത്ത് നിർമാണത്തിനും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ 23 ക്വാറികളിൽ നിന്നു പാറഖനനത്തിനു സർക്കാർ അനുമതി നൽകിയെങ്കിലും തുടർനടപടികൾ ചുവപ്പുനാടയിൽ കുടുങ്ങി. ബന്ധപ്പെട്ട വകുപ്പു മേധാവികളെയും കലക്ടർമാരെയും വിളിച്ചുവരുത്തി പ്രശ്നം പരിഹരിക്കണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കൊല്ലം, മുതലപ്പൊഴി എന്നിവിടങ്ങളിൽ നിന്നു കടൽമാർഗം പാറ വിഴിഞ്ഞത്തെത്തിക്കാൻ 6 ബാർജുകൾ അദാനി ഗ്രൂപ്പ് വാങ്ങിയിട്ടുണ്ട്. പുലിമുട്ട് നിർമാണത്തിനായി മറ്റൊരു കമ്പനിക്ക് ഉപകരാർ നല‍്കിയെങ്കിലും പാറ ഇല്ലാത്തതിനാൽ പണി തുടങ്ങാനായിട്ടില്ല.
തുറമുഖം തുറക്കാൻ വൈകും
കരാർ പ്രകാരം അടുത്ത ഡിസംബറിലാണു തുറമുഖത്തിന്റെ നിർമാണം പൂർത്തിയാകേണ്ടത്. ഓഖി ചുഴലിക്കാറ്റിൽ വ്യാപകമായ നാശനഷ്ടങ്ങളുണ്ടായതിനെത്തുടർന്നു നിർമാണകാലാവധി നീട്ടണമെന്നു അദാനി കമ്പനി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണു പാറക്ഷാമമുണ്ടായത്.
പാറയുടെ ലഭ്യത ഉറപ്പായാൽ അടുത്ത വർഷം മധ്യത്തോടെ നിർമാണം പൂർത്തിയാക്കാമെന്നാണ് അധികൃതർ സർക്കാരിനെ അറിയിച്ചിരിക്കുന്നത്.