മിൽമയിലെ നിയമനങ്ങൾക്കായി പ്രത്യേക സമിതി

കോഴിക്കോട് ∙ മിൽമയിലെ നിയമനം പിഎസ്‍സിക്കു വിടേണ്ടെന്നു തീരുമാനിച്ച സർക്കാർ ഒടുവിൽ നിയമനങ്ങൾ നടത്താൻ പ്രത്യേക സമിതിക്കു രൂപം നൽകി. 3 മേഖലാ യൂണിയനുകളിലും നിയമന സമിതികൾ നിലവിൽ വരും. നിലവിലുണ്ടായിരുന്ന പഴ്സനേൽ കമ്മിറ്റി പുനഃസംഘടിപ്പിക്കുകയും ചുമതലകൾ പുതുക്കി നിശ്ചയിക്കുകയും ചെയ്തു. മിൽമ യൂണിയനുകൾ നേരിട്ടു നടത്തുന്ന നിയമനം ഇനിയുണ്ടാവില്ല.

മിൽമയുടെ മലബാർ, എറണാകുളം, തിരുവനന്തപുരം യൂണിയനുകളിൽ ഓരോന്നിലും നിയമന സമിതികൾ രൂപീകരിക്കണം. മിൽമ മാനേജിങ് ഡയറക്ടർ കൺവീനറായ സമിതിയിൽ ക്ഷീര വികസന വകുപ്പ് സെക്രട്ടറി, മിൽമ ചെയർമാൻ, ക്ഷീര സഹകരണ സൊസൈറ്റി റജിസ്ട്രാർ, ദേശീയ ക്ഷീര വികസന ബോർഡിന്റെ ദക്ഷിണേന്ത്യൻ മേധാവി, സർക്കാർ പ്രതിനിധി എന്നിവരും അതതു യൂണിയനുകളുടെ ചെയർമാനും എംഡിയുമാണ് അംഗങ്ങൾ. ഓരോ യൂണിയനിലും ഓഫിസർമാരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും നിയമനം സമിതിയാണു നടത്തേണ്ടത്. എന്നാൽ വർക്കർ, ഹെൽപ്പർ തുടങ്ങിയ ചെറുകിട തസ്തികകളിലേക്കുള്ള നിയമനത്തിനു പ്രത്യേക ഉപസമിതിയെ നിയോഗിക്കാമെന്നു വ്യവസ്ഥയുണ്ട്. 

മേഖലാ യൂണിയനുകളിലേക്ക് ഉദ്യോഗാർഥികളെ നേരിട്ടു നിയമിക്കാതെ പിഎസ്‍സി വഴി നിയമനം നടത്തണമെന്നായിരുന്നു മന്ത്രിയുടെ നിർദേശം. എന്നാൽ, ഒട്ടേറെ തസ്തികൾ ഒഴിഞ്ഞു കിടക്കുകയാണെന്നും പിഎസ്‍സിയെ ഏൽപിച്ചാൽ നിയമനം വൈകുമെന്നും പറഞ്ഞാണ് ആ നിർദേശം ഒഴിവാക്കിയതും നിയമന സമിതിക്കു രൂപം നൽകാൻ തീരുമാനിച്ചതും. 

അതതു മേഖലാ യൂണിയൻ ചെയർമാൻ അധ്യക്ഷനായാണു പഴ്സനേൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചത്. ഓരോ തസ്തികയ്ക്കും വേണ്ട യോഗ്യത, പരിചയം, സ്ഥാനക്കയറ്റം തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടതു കമ്മിറ്റിയാണ്.