ഡോ. സാമുവൽ രായൻ: മഹത്തരമായ പ്രാർഥനയായ ജീവിതം

Samuel_Rayan
SHARE

മനുഷ്യനെ അരികത്തുചേർത്തു നിർത്തി ക്രൈസ്തവ ദൈവചിന്തയെ വ്യാഖ്യാനിച്ചാണ് ഫാ.സാമുവൽ രായൻ ശ്രദ്ധേയനായത്. വർഷങ്ങൾ മുൻപ് രായനച്ചനുമായി നടത്തിയ സംഭാഷണത്തിലെ ഒരു ചോദ്യവും ഉത്തരവുമാണ് ഒാർക്കുന്നത്. അച്ചന്റേത് ഒരു ക്രിസ്ത്യൻ ദൈവമാണോ എന്നു  ചോദ്യം. ഉത്തരം: ‘‘ക്രിസ്ത്യൻ ദൈവമെന്നും ഇസ്‌ലാം ദൈവമെന്നുമൊക്കെ പറയുന്നത് തെറ്റായ ഭാഷയാണ്. ക്രിസ്ത്യൻ ദൈവമെന്നൊന്നില്ല. ഒരു ദൈവമേയുള്ളു. ആ ദൈവം എല്ലാവരെയും സൃഷ്ടിച്ചു, എല്ലാവരെയും സ്നേഹിക്കുന്നു, എല്ലാവർക്കും ദൈവത്വം സമ്മാനിക്കുന്നു. എല്ലാവരുടെയും ജീവിതങ്ങളെ മനോഹരമായി വളർത്തിയെടുക്കാൻ ശ്രമിക്കുന്നു. ഞാൻ കല്ലടയിൽ പഠിച്ചിരുന്ന മിഡിൽ സ്കൂളിൽ എന്നും കാലത്ത് ഞങ്ങളൊരു പാട്ടു പാടും, ശ്രീനാരായണ ഗുരുവിന്റെ പാട്ടാണ്. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നു തുടങ്ങുന്ന ആ പാട്ട് വരാന്തയിൽനിന്ന് ഞങ്ങൾ പാടും. ശരിയാണത്, ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്.’’

കൊല്ലത്തിനു വടക്ക് കുമ്പളയിൽ, തൊമ്മൻപുരയിടത്തിൽ ക്രൂസ് രായന്റെയും ആഗ്നസിന്റെയും ആറു മക്കളിൽ രണ്ടാമനായാണ് രായൻ ജനിച്ചത്. പത്രോസ് എന്നതിന്റെ തെലുങ്ക്–തമിഴ് തർജമയാണ് രായൻ. പാറ അല്ലെങ്കിൽ കല്ല് എന്നർഥം. കുമ്പളത്ത് സെന്റ് മൈക്കിൾസ് പള്ളി ഇടവകയുടെ സ്കൂളിലും കല്ലടയിലെ സ്കൂളിലും, ഫോർത് ഫോറം മുതൽ സെന്റ് അലോഷ്യസിലും പഠിച്ചു. കൊല്ലം രൂപതയുടെ സെന്റ് റാഫേൽസ്, സെന്റ് തെരേസാസ് സെമിനാരികളിലും. സെമിനാരിയിലായിരിക്കെ, കൊടൈക്കനാലിെല ചെമ്പകനൂരിൽ വച്ചാണ് സംസ്കൃതം പഠിക്കുന്നത്. ഋഗ്വേദത്തിൽ ഏക ദൈവവിശ്വാസത്തിന്റെ ലാഞ്ഛനയുണ്ടെന്നു സ്ഥാപിക്കുന്ന പ്രബന്ധവുമെഴുതി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ മലയാളം ബിഎക്ക് എസ്.ഗുപ്തൻ നായരുടെയും എൻ.കൃഷ്ണപിള്ളയുടെയുമൊക്കെ വിദ്യാർഥിയായി, ഡിസ്റ്റിങ്ഷനോടെ പാസായി. പിന്നീട് റോമിൽ, വിൻസെന്റ് ടെയ്‌ലറുടെ യേശുചിന്ത വ്യാഖ്യാനിച്ച് ഡോക്ടറേറ്റും നേടി . 30 വർഷത്തിലേറെ ഡൽഹിയിൽ, താനുൾപ്പെട്ട ജസ്വിറ്റ് സഭക്കാരുടെ കേന്ദ്രമായ വിദ്യാജ്യോതിയിൽ പ്രിൻസിപ്പലായുൾപ്പെടെ പ്രവർത്തിച്ചശേഷമാണ് വിശ്രമത്തിനായി കേരളത്തിലേക്കു പോകുന്നത്.

1960കളിൽ, കേരളത്തിൽ ഒാൾ ഇന്ത്യ കാത്തലിക് യൂണിവേഴ്സിറ്റി ഫെഡറേഷൻ (ഐക്കഫ്) വളർത്തുന്നതിൽ രായനച്ചൻ പ്രധാന പങ്കുവഹിച്ചു ജസ്വിറ്റ് സഭയിലെ സാമൂഹിക പഠന സമിതിക്കുവേണ്ടി 1971ൽ എഴുതിയ ദീർഘമായ ലേഖനമാണ് രായനച്ചനെ കത്തോലിക്കാസഭാസദസുകളിൽ ശ്രദ്ധേയനാക്കുന്നത്. പലയിടത്തും വിമോചനദൈവശാസ്ത്രത്തിന്റെ നാമ്പുകൾ ദൃഡമാകുന്ന കാലമാണത്. സുവിശേഷവത്കരണവും വികസനവും എന്ന തലക്കെട്ടിലുള്ള ലേഖനം രായനച്ചൻ റോമിൽ അവതരിപ്പിച്ചു. അതു പല ഭാഷകളിൽ തർജമ ചെയ്യപ്പെട്ടു. പല രാജ്യങ്ങളിലും തന്റെ ചിന്തകൾ അവതരിപ്പിക്കാൻ,ധ്യാനിപ്പിക്കാൻ രായനച്ചൻ ക്ഷണിക്കപ്പെട്ടു. വിമോചനദൈവശാസ്ത്രത്തിന്റെ, ഇന്ത്യയിൽനിന്നുള്ള ഈടുറ്റ ശബ്ദമായി വിശേഷിപ്പിക്കപ്പെട്ടു. വിമോചകനായ ക്രിസ്തുവിൽ ഊന്നൽ നൽകിയപ്പോൾ, കേരളത്തിൽ ചിലയിടങ്ങളിലെങ്കിലും,   രായനച്ചൻ പ്രസംഗിക്കുന്നതിനു വിലക്കുണ്ടായ കാലവുമുണ്ട്. 

മനുഷ്യനില്ലാതെ മതമില്ല

ഇന്ത്യൻ മാനവികതയാണ് തന്റെ ചിന്തകൾക്കു പിന്നിലുള്ളതെന്ന് രായനച്ചൻ പറയുമായിരുന്നു. ‘‘ദൈവമില്ലെങ്കിൽ ദൈവശാസ്ത്രമില്ല, മനുഷ്യനില്ലെങ്കിൽ ദൈവശാസ്ത്രമില്ല. ദൈവശാസ്ത്രം ദൈവത്തിന്റേതു മാത്രമല്ല, മനുഷ്യന്റേതുമാണ്. ഒന്നില്ലാതെ മറ്റൊന്നില്ല... . മനുഷ്യനെ ആദരിക്കുന്ന പാരമ്പര്യങ്ങൾ ഏതു മതത്തിലുണ്ടോ, ഈശ്വരനെ അംഗീകരിക്കുകയും യഥാർഥത്തിൽ അംഗീകരിക്കുകയും ചെയ്യുന്ന മതം എവിടെയുണ്ടോ, അവിടെയൊക്കെ ദൈവത്തിന്റെ നേതൃത്വമാണുള്ളത്... മറ്റൊരു മതത്തെയോ ആരാധനാ രീതികളെയോ ഭക്തിയഭ്യാസങ്ങളെയോ പരിഹസിച്ചു സംസാരിക്കരുത്. എല്ലാ മതങ്ങളും മഹത്തരമാണ്. ചില മതങ്ങളിൽ അത്ര ഭംഗിയില്ലാത്ത ചില ആചാരങ്ങളുണ്ടാവാം. എന്നുവച്ച് ആ മതം മുഴുവൻ തെറ്റാണെന്നു പറയരുത്. 

ആത്മീയതയുടെ നിർവചനം

‘‘യാഥാർഥ്യത്തെ അഭിമുഖീകരിക്കലും മനുഷ്യത്വപരമായി അതിനോടു പ്രതികരിക്കലുമാണ് ആത്മീയത. യാഥാർഥ്യം പലതുമാവാം – മുറിക്കു പുറത്തെ മരം, പക്ഷികളുടെ പാട്ട്... ആ പാട്ട് ആസ്വദിക്കാം. അതിനു കാരണമായവനു നന്ദി പറയാം. മരങ്ങളും പൂക്കളും എന്നിൽ മനുഷ്യത്വം നിറയ്ക്കട്ടെ. ടഗോറിന്റെ ഒരു കവിതയുണ്ട്.. ബീ സ്റ്റിൽ മൈ ഹാർട്ട് , ദീസ് ഗ്രേറ്റ് ട്രീസ് ആർ പ്രെയേഴ്സ്... ഇതാണ് ആത്മീയത.’’ 

മതം ദുരുപയോഗിക്കപ്പെടുന്നതിനെ ശക്തമായിത്തന്നെ രായനച്ചൻ എതിർത്തു.‘‘മതം ഉപയോഗിക്കപ്പെടുന്നുണ്ട്. ദുരുപയോഗിക്കപ്പെടുന്നുമുണ്ട്.ജനത്തെ ശകാരിക്കാൻ, അവരുടെ മേൽ കുതിരകയറാൻ അനാവശ്യമായ ഭാരം അവരുടെമേൽ ചെലുത്താൻ ഒക്കെ മതം ദുരുപയോഗിക്കപ്പെടുന്നു.’’ ക്രിസ്തുമതം പാശ്ചാത്യമെന്ന പ്രതിഛായ തിരുത്തപ്പെടുക മാത്രമല്ല, അതിൽനിന്നു മോചിപ്പിച്ച് അതിനെ പ്രാദേശികമാക്കണമെന്നും രായനച്ചൻ വാദിച്ചു. ഏഷ്യയിൽനിന്നൊന്നു മാർപ്പാപ്പ വന്നാൽ മാറ്റങ്ങൾ വരുമെന്നു പ്രതീക്ഷിച്ചു. സ്ത്രീകൾക്കു പൗരോഹത്യം നൽകുന്നതിനെക്കുറിച്ച്, ദൈവം തന്നെത്തന്നെ അമ്മയായി ചിത്രീകരിക്കുന്ന ഭാഗങ്ങളും ബൈബിളിലുണ്ടെന്നു പറഞ്ഞ് നിലപാടു വ്യക്തമാക്കി. 

ഒരു സ്വകാര്യം

2007ലാണ് അച്ചനൊരു സ്വകാര്യം, പരസ്യമായിക്കോട്ടെയെന്ന ആമുഖത്തോടെ പറഞ്ഞത്, ഒരു പ്രണയത്തെക്കുറിച്ച്. താൻ സെമിനാരിയിൽ പോകാൻ തയ്യാറെടുത്തിറങ്ങുന്ന ദിവസം കരഞ്ഞുകൊണ്ട് ഒാടിവന്ന അയൽപക്കക്കാരിയെക്കുറിച്ച്. താനറിയാതിരുന്ന പ്രണയം.  ‘‘കുറെയേറെ വർഷങ്ങൾ കഴിഞ്ഞാണ്, എനിക്കവളൊരു കത്തയച്ചു. ഒരാവശ്യം പറഞ്ഞാണ് – ഒരു വാച്ച് വേണം. ഞാൻ വാച്ച് മേടിച്ച് അയച്ചുകൊടുത്തു. അവൾ ആശുപത്രിയിലായിരിക്കുമ്പോഴാണ്– ഒന്നു കാണണമെന്നു പറഞ്ഞു. ഞാൻ ചെന്നു. ഞങ്ങൾ കുറേ നേരമിരുന്ന് വർത്തമാനം പറഞ്ഞു. മൂന്നോ നാലോ ദിവസത്തിനുശേഷം അവൾ മരിച്ചു.’’ 87ാം വയസിൽ ഇതുപറഞ്ഞിട്ട് രായനച്ചൻ സ്നേഹമസൃണമായി പുഞ്ചിരിച്ചു.

അരി പങ്കുവയ്ക്കപ്പെടാനുള്ളതാണെന്നും അപ്പം മുറിച്ചു വിതരണം ചെയ്യപ്പെടണമെന്നും ഒാർമ്മിപ്പിച്ചിരുന്ന രായനച്ചൻ, തന്റെ നിലപാടുകൾ പലപ്പോഴും വിവാദമായതിനെക്കുറിച്ചും പറയുമായിരുന്നു, ഭയമുള്ളവന് ദൈവശാസ്ത്രജ്ഞനായിരിക്കാൻ പറ്റില്ലെന്നും. അതിങ്ങനെ വിശദീകരിച്ചു:‘‘ഭയവും ദൈവശാസ്ത്രവും ഒത്തുപോകില്ല. സത്യാന്വേഷണം വളരെ ഗൗരവത്തോടെ, ആരെയും ഭയപ്പെടാതെ ചെയ്യേണ്ട സംഗതിയാണ്. എനിക്കു സഭയിൽനിന്നു കാര്യമായ സമ്മർദ്ദങ്ങൾ ഉണ്ടായിട്ടില്ലെന്നുതന്നെ പറയാം. പ്രോൽസാഹനം തന്നിട്ടുണ്ടോയെന്നു ചോദിച്ചാൽ, എന്റെ വിദ്യാർഥികളിൽനിന്ന്, സഹപ്രവർത്തകരിൽനിന്ന്, എന്റെ ലേഖനങ്ങൾ വായിക്കുന്നവരിൽനിന്ന്, എന്റെ ധ്യാനങ്ങളിൽ സംബന്ധിച്ചവരിൽനിന്നെല്ലാം പ്രോൽസാഹനങ്ങൾ ലഭിച്ചു. എണ്ണപ്പെട്ട ദൈവശാസ്ത്രജ്ഞരൊക്കെയും സഭയുടെ പിന്തുണ നോക്കാതെ ചിന്തിച്ചു മുന്നോട്ടുപോയവരാണ്. നിലവിലിരിക്കുന്നതിനെ ആവർത്തിക്കാനല്ല അവർ ശ്രമിച്ചിട്ടുള്ളത്.’’വൻമരങ്ങളെപ്പോലെ രായനച്ചനും മഹത്തരമായൊരു പ്രാർഥനയായി ജീവിച്ചു, ഹൃദയം ശാന്തമാകുംവരെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA