തിരുവനന്തപുരം ∙ വനിതാ മതിലിനു നേതൃത്വം നൽകിയതിന്റെ പേരിൽ കലക്ടർ കെ. വാസുകിക്കെതിരെ പൊട്ടിത്തെറിച്ചു കെ. മുരളീധരൻ എംഎൽഎ. മതിലിൽ പങ്കെടുത്ത നാല് ഐഎഐസ് ഉദ്യോഗസ്ഥകൾക്കുമെതിരെ നിയമനടപടി കോൺഗ്രസ് ആലോചിക്കും. രാഷ്ട്രീയ പരിപാടിയിൽ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ ഉദ്യോഗസ്ഥകൾക്ക് എന്തു കാര്യമെന്നു മുരളീധരൻ ചോദിച്ചു.
ഇന്ത്യയിലെ മുഖ്യപ്രതിപക്ഷമായ കോൺഗ്രസിനെ സിപിഎം നേതാവ് വൃന്ദാ കാരാട്ട് വിമർശിച്ചു പ്രസംഗിക്കുമ്പോൾ അതു കേട്ട് അടുത്തു സന്തോഷിച്ചിരിക്കാൻ വാസുകിക്ക് ആരാണ് അധികാരം നൽകിയത്? സർക്കാർ പരിപാടിയാണു മതിലെന്നാണു ഭാഷ്യമെങ്കിൽ അതിൽ വൃന്ദാ കാരാട്ടിന് എന്താണു കാര്യം? അവിടെ രാഷ്ട്രീയപ്രസംഗം നടത്താൻ പാടുണ്ടോ? ജില്ലാ വികസനസമിതി യോഗങ്ങളിൽ ഈ കലക്ടർ പങ്കെടുക്കാറുണ്ടോ? ഓരോ പ്രാവശ്യവും വരാതിരിക്കാൻ ഓരോ കാരണം പറയും. അതിനു സമയം കിട്ടാത്ത അവർക്കു പക്ഷേ മതിലിൽ കൈകോർക്കാൻ സമയമുണ്ട്– മുരളി പറഞ്ഞു.