കൊച്ചി∙ മൂന്നര പതിറ്റാണ്ടു വിപ്ലവ മനസ്സുകൊണ്ടു ജ്വലിപ്പിച്ചു നിർത്തിയ തളർന്ന ശരീരം ഇനി മെഡിക്കൽ വിദ്യാർഥികൾക്കു പഠനവിധേയമാക്കാം. സിപിഎമ്മിന്റെ ജീവിക്കുന്ന രക്തസാക്ഷിയായിരുന്ന സൈമൺ ബ്രിട്ടോയുടെ മൃതദേഹം അദ്ദേഹത്തിന്റെതന്നെ ആഗ്രഹപ്രകാരം കളമശേരി ഗവ. മെഡിക്കൽ കോളജിലെ വിദ്യാർഥികൾക്കു പഠനത്തിനു വിട്ടുകൊടുത്തു. പ്രിയ സഖാവിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ പാർട്ടി അനുഭാവികളും സുഹൃത്തുക്കളും സ്നേഹിതരുമായ നൂറുകണക്കിനു പേർ ആവേശോജ്വല മുദ്രാവാക്യങ്ങൾ മുഴക്കിയാണ് ബ്രിട്ടോയ്ക്കു യാത്രമൊഴി ചൊല്ലിയത്. അന്ത്യോപചാരത്തിനായി ആരും റീത്തുമായി എത്തിയില്ല. റീത്ത് ഒഴിവാക്കണമെന്നതു ബ്രിട്ടോ ഭാര്യ സീനയോടു മുൻകൂട്ടി പറഞ്ഞേൽപിച്ച ആഗ്രഹമായിരുന്നു.
ഹൃദയാഘാതത്തെത്തുടർന്ന് തിങ്കളാഴ്ച വൈകിട്ട് തൃശൂരിൽ അന്തരിച്ച സൈമൺ ബ്രിട്ടോയുടെ മൃതദേഹം ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് കൊച്ചി വടുതലയിലെ വസതിയിലെത്തിച്ചത്. ഇന്നലെ രാവിലെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അന്ത്യോപചാരം അർപ്പിച്ചു. മന്ത്രിമാരായ ഇ.പി. ജയരാജൻ, കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. നേതാക്കൾ ചേർന്ന് ബ്രിട്ടോയുടെ മൃതദേഹത്തിൽ പാർട്ടിപ്പതാക പുതപ്പിച്ചു.
മഹാരാജാസ് കോളജിൽ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ മാതാപിതാക്കളായ മനോഹരനും ഭൂപതിയും വട്ടവടയിൽ നിന്നെത്തി മകന്റെ വഴികാട്ടിയായ പ്രിയസഖാവിനു കണ്ണീരോടെ വിടചൊല്ലി. ബ്രിട്ടോ അവസാനമായി എഴുതിയത് അഭിമന്യുവിന്റെ ജീവിതപശ്ചാത്തലത്തിലുള്ള മഹാരാജാസ് കോളജിന്റെ രാഷ്ട്രീയ ചരിത്രമാണ്.
പത്തരയോടെ മൃതദേഹം ടൗൺ ഹാളിലേക്കു കൊണ്ടുപോയി. മന്ത്രി തോമസ് ഐസക് ഉൾപ്പെടെ സൈമൺ ബ്രിട്ടോയുടെ സമകാലികരായ നേതാക്കളും ജനപ്രതിനിധികളുമായ പ്രമുഖരുടെ വൻനിര അവിടെയും അന്തിമോപചാരം അർപ്പിച്ചു. കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ എത്തിയ നേതാക്കളുടെയും സാംസ്കാരിക പ്രവർത്തകരുടെയും നിര ബ്രിട്ടോയുടെ വലിയ സൗഹൃദവലയത്തിനു സാക്ഷ്യമായി. ബ്രിട്ടോയുടെ ജീവിതം മാറ്റിമറിച്ച രാഷ്ട്രീയ സംഘടനാവേദിയായ മഹാരാജാസ് കോളജിലും ബ്രിട്ടോ പഠിച്ച ലോ കോളജിലും നിന്നു വിദ്യാർഥികളുടെ വലിയ നിരയും അഭിവാദ്യം അർപ്പിക്കാനെത്തി.
ഉച്ചയ്ക്കു ശേഷം മൃതദേഹം അടക്കം ചെയ്ത പേടകത്തിനു മുകളിൽ വച്ചുതന്നെ മൃതദേഹം മെഡിക്കൽ കോളജിലെ വിദ്യാർഥികൾക്കു പഠനത്തിനു വിട്ടു നൽകാനുള്ള സമ്മതപത്രം ഭാര്യ സീനയും മകൾ കയീനിയയും ചേർന്ന് ഒപ്പിട്ടു നൽകുമ്പോൾ തേങ്ങലുമായി അമ്മ ഐറിനും മറ്റ് ഉറ്റവരും അടുത്തുണ്ടായിരുന്നു. സാക്ഷിയായി ഒപ്പിട്ട സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. രാജീവ് ഉൾപ്പെടെയുള്ളവർ ചേർന്നു സമ്മതപത്രം മെഡിക്കൽ കോളജ് അധികൃതർക്കു കൈമാറി. തേങ്ങലുമായി പ്രിയപ്പെട്ടവരുടെ അന്ത്യ ചുംബനം. റെഡ് വൊളന്റിയർമാർ അന്തിമ സല്യൂട്ട് നൽകി. പരിസരമാകെ മുദ്രാവാക്യങ്ങളിൽ പ്രകമ്പനം കൊള്ളവെ, ബ്രിട്ടോയുടെ മൃതദേഹം ആംബുലൻസിൽ മെഡിക്കൽ കോളജിലേക്ക്.