കോട്ടയം ∙ സുരക്ഷ ഉറപ്പാക്കിയാൽ വീടുകളിലേക്കു മടങ്ങാൻ തയാറാണെന്നു കൂമ്പാടി സെന്റ് പോൾസ് ആംഗ്ളിക്കൻ പള്ളിയിൽ അഭയം തേടിയ കാരൾ സംഘാംഗങ്ങൾ അറിയിച്ചു. ഡിവൈഎഫ്ഐ അക്രമത്തിൽ പരുക്കേറ്റ് പള്ളിയിൽ കഴിയുന്നവരെ സബ് കലക്ടർ ഈശ പ്രിയ സന്ദർശിച്ച് തെളിവെടുപ്പു നടത്തി. കലക്ടർ പി. സുധീർ ബാബുവിന്റെ നിർദേശ പ്രകാരമായിരുന്നു സബ് കലക്ടറുടെ സന്ദർശനം.
ആക്രമണം നടത്തിയവരും പ്രതികളും പുറത്തുള്ള സാഹചര്യത്തിൽ വീടുകളിലേക്കു മടങ്ങുന്നതു സുരക്ഷിതമല്ലെന്നു കാരൾ സംഘം സബ് കലക്ടറോടു പറഞ്ഞു. നിയമപരമായ നടപടി എടുത്തതായി ജില്ലാ പൊലീസ് മേധാവി ഇന്നലെ കലക്ടർക്കു റിപ്പോർട്ടു നൽകി. പ്രശ്നം പരിഹരിക്കുന്നതിനായി ബന്ധപ്പെട്ടവരുടെ യോഗം വിളിക്കുമെന്നു കലക്ടർ അറിയിച്ചു. പള്ളിയിൽ താമസിക്കുന്ന കുട്ടികളെ കണ്ട് ചൈൽഡ് ലൈൻ പ്രവർത്തകർ തെളിവെടുപ്പു നടത്തി. വീടുകളിലേക്കു തിരികെ പോകുന്നതു വരെ കുട്ടികൾക്കു സുരക്ഷിതമായ താമസ സൗകര്യം ഒരുക്കാമെന്നു ചൈൽഡ് ലൈൻ പ്രവർത്തകർ വാഗ്ദാനം ചെയ്തു.
ഡിസംബർ 23ന് രാത്രിയായിരുന്നു പള്ളിയിൽ നിന്നുള്ള കാരൾ സംഘത്തിനു നേരെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആക്രമണമുണ്ടായത്. ആക്രമണത്തിന് ഇരയായവരിൽ 25 പേർ അന്നു മുതൽ വീടുകളിലേക്ക് പോകാനാവാതെ കൂമ്പാടി പള്ളിയിൽ തന്നെ കഴിയുകയാണ്. പ്രദേശത്തെ സംഘർഷാവസ്ഥയ്ക്ക് ഇപ്പോഴും അയവു വന്നിട്ടില്ല. കഴിഞ്ഞ ദിവസം പള്ളിയിൽ ഒരു സംസ്കാര ചടങ്ങുകൾ നടക്കുന്ന സമയത്തേക്കു മാത്രം കാരൾ സംഘക്കാർ മറ്റൊരിടത്തേക്കു മാറി. സംസ്കാര ചടങ്ങിനു ശേഷം തിരിച്ചെത്തുകയും ചെയ്തു.
അതേസമയം ഡിവൈഎഫ്ഐക്ക് സംഭവുമായി ബന്ധമില്ലെന്ന് സിപിഎം പനച്ചിക്കാട് ലോക്കൽ സെക്രട്ടറി കെ. രാധാകൃഷ്ണൻ അറിയിച്ചു. രണ്ടു കാരൾ സംഘങ്ങൾ തമ്മിലാണ് തർക്കം. ഇതിൽ ഒരു സംഘം പള്ളിയിൽ കഴിയുന്നതു രാഷ്ട്രീയ ലക്ഷ്യം വച്ചാണ്. മാധ്യമങ്ങളും നേതാക്കളും എത്തുമ്പോൾ മാത്രം ഇവർ പള്ളിയിൽ എത്തുകയും മറ്റുള്ള സമയത്തു സ്വന്തം വീടുകളിൽ തന്നെ കഴിയുകയുമാണ് ചെയ്യുന്നതെന്നും കെ. രാധാകൃഷ്ണൻ പറയുന്നു.
കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച് ഇന്ന്
കോട്ടയം ∙ പാത്താമുട്ടം കൂമ്പാടി പള്ളിയിൽ അഭയം തേടിയിരിക്കുന്ന കുടുംബങ്ങൾക്കു നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഇന്നു ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേക്ക് ലോങ് മാർച്ച് നടത്തും. പരുത്തുംപാറ കവലയിൽ നിന്നു 9ന് മാർച്ച് തുടങ്ങും. എസ്പി ഓഫിസിനു മുൻപിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. ശുചിമുറി സൗകര്യം പോലും ഇല്ലാത്ത പള്ളിയിൽ പുറത്തിറങ്ങാനാവാതെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 11 ദിവസമായി കഴിയുന്നതായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു. ഭരണകക്ഷിയുടെ സ്വാധീനത്താൽ പൊലീസ് ഏകപക്ഷീയമായി പെരുമാറുകയാണെന്നും തിരുവഞ്ചൂർ ആരോപിച്ചു.