എവിടെ പൊലീസ്; എസ്പിമാർക്കു ഡിജിപിയുടെ ശകാരം

Loknath-Behera-1
SHARE

തിരുവനന്തപുരം ∙ സംസ്ഥാനത്തു കഴിഞ്ഞ 2 ദിവസങ്ങളിലുണ്ടായ വ്യാപക അക്രമങ്ങൾ തടയുന്നതിൽ വീഴ്ച വരുത്തിയ ജില്ലാ പൊലീസ് മേധാവികൾക്കു സംസ്ഥാന പൊലീസ് മേധാവിയുടെ ശകാരം. നേരത്തേ നിർദേശിച്ചിട്ടും മുൻകരുതൽ അറസ്റ്റ് നടത്താതിരുന്നതിനും ആവശ്യത്തിനു പൊലീസിനെ വിന്യസിക്കാതിരുന്നതിനുമാണു ഡിജിപി ലോക്നാഥ് ബെഹ്റ വിഡിയോ കോൺഫറൻസിൽ എസ്പിമാരെ വിമർശിച്ചത്. ഹർത്താൽ ദിനത്തിലും തലേന്നും പ്രതിഷേധത്തിന്റെ പേരിൽ വ്യാപക അക്രമമാണു സംസ്ഥാനത്തുണ്ടായത്. അതു തടയുന്നതിൽ പൊലീസിന്റെ ഭാഗത്തു ഗുരുതര വീഴ്ചയുണ്ടായെന്ന വിമർശനം സമ്മതിക്കുന്നതായി ഡിജിപിയുടെ നടപടി. കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിലും തുടർനടപടിയിലും വീഴ്ച വരുത്തിയാൽ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും നൽകി.

ശബരിമലയിൽ 2 യുവതികൾ കയറിയതിനു പിന്നാലെ സംസ്ഥാനത്തു പ്രതിഷേധക്കാരുടെ വ്യാപക അക്രമം നടക്കുമെന്ന് ഇന്റലിജൻസ് വിഭാഗം മുന്നറിയിപ്പു നൽകിയിരുന്നു. അക്രമത്തിനു നേതൃത്വം നൽകാൻ സാധ്യതയുള്ളവരുടെ ജില്ല തിരിച്ചുള്ള പട്ടികയും കൈമാറി. ബുധനാഴ്ച വൈകിട്ടു ചീഫ് സെക്രട്ടറിയും ഡിജിപിയും പങ്കെടുത്ത അടിയന്തര യോഗത്തിനു ശേഷം മുൻകരുതൽ അറസ്റ്റ് നടത്താൻ ജില്ലാ പൊലീസ് മേധാവികൾക്കു ഡിജിപി നിർദേശം നൽകി. എന്നാൽ പല എസ്പിമാരും ഇതിൽ വീഴ്ച വരുത്തി. തിരുവനന്തപുരം സിറ്റി, റൂറൽ, പാലക്കാട്, കാസർകോട്, തൃശൂർ റൂറൽ എന്നിവിടങ്ങളിലാണ് ഗുരുതര വീഴ്ച. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA