വനിതാമതിലും ഹർത്താലും: സർക്കാരിന് 168 കോടി നഷ്ടം

തിരുവനന്തപുരം ∙ പുതുവർഷത്തെ വനിതാമതിലും പിന്നാലെ വന്ന ഹർത്താലും സർക്കാരിനു മാത്രം വരുത്തിയ നഷ്ടം 168 കോടി രൂപ. സർക്കാർ ജീവനക്കാർക്കായി ഒരു മാസം ശമ്പളയിനത്തിൽ ചെലവിടുന്നത് 2520 കോടി രൂപയാണ്. ഒരു ദിവസം 84 കോടി രൂപ. വനിതാമതിലിൽ പങ്കെടുക്കാൻ കടുത്ത സമ്മർദമുണ്ടായിരുന്നതിനാൽ രാവിലെ ഓഫിസിൽ വന്ന് ഒപ്പിട്ട് ജീവനക്കാർ കൂട്ടത്തോടെ പോയതോടെ സംസ്ഥാനത്തെ മിക്കവാറും സർക്കാർ ഓഫിസുകൾ പ്രവർത്തനരഹിതമായി. ജോലി ചെയ്തില്ലെങ്കിലും അന്നത്തെ ശമ്പളം കൃത്യമായി ജീവനക്കാർക്കു ലഭിക്കും. ലഭിക്കാത്തതാകട്ടെ, സാധാരണക്കാർക്ക് സർക്കാർ ഓഫിസുകളിൽ നിന്നു കിട്ടേണ്ട സേവനം മാത്രം.

ഹർത്താൽ ദിനത്തിലും ഓഫിസിലെത്താൻ കഴിയാത്തതിനാൽ ജീവനക്കാർക്ക് ശമ്പളം കിട്ടും. വരുന്ന എട്ടിനും ഒൻപതിനും നടക്കുന്ന പണിമുടക്കിനും ഇതുതന്നെയാകും അവസ്ഥ. ഹർത്താലും പണിമുടക്കും വ്യാപാര മേഖലയെ നിശ്ചലമാക്കുമെന്നതിനാൽ സർക്കാരിന്റെ നികുതി വരുമാനവും ഗണ്യമായി കുറയും. ഈ വർഷം നികുതി വരുമാനം 46795 കോടിയാണു ലക്ഷ്യമെങ്കിലും നികുതി നഷ്ടം ഒരു ദിവസത്തേക്ക് 128 കോടിയാണ്.