വനിതാ മതിലിനെത്താത്ത തൊഴിലുറപ്പുകാർക്ക് ജോലി ചെയ്യാൻ വിലക്ക്

മുതുകുളം (ആലപ്പുഴ) ∙ വനിതാ മതിലിൽ പങ്കെടുക്കാതിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾക്കു സിപിഎം പ്രാദേശിക നേതാക്കൾ ഇടപെട്ട് ജോലി നിഷേധിച്ചു. തൃക്കുന്നപ്പുഴ പഞ്ചായത്ത് മൂന്നാം വാർ‍ഡിൽ അമ്പലാശേരിക്കടവ്, തൈപ്പറമ്പ് എന്നിവിടങ്ങളിലാണ് സംഭവം. രണ്ടിടത്തുമായി ആകെ 116 തൊഴിലാളികളാണ് ജോലിക്കെത്തിയത്. എന്നാൽ സ്ഥലത്തെത്തിയ സിപിഎം നേതാക്കൾ വനിതാമതിലിൽ പങ്കെടുത്ത 18 പേരൊഴികെ മറ്റെല്ലാവരെയും തിരിച്ചയച്ചു.

വനിതാ മതിൽ ദിവസം ശിവഗിരി തീർഥാടനത്തിനു പോയിരുന്നതാണെന്നു പല തൊഴിലാളികളും പറഞ്ഞെങ്കിലും ചെവിക്കൊണ്ടില്ല. തർക്കത്തെ തുടർന്ന് ജോലിക്കു മേൽനോട്ടം വഹിക്കുന്ന 2 സ്ത്രീകൾ മസ്റ്റ് റോൾ കൈമാറി തിരിച്ചു പോയി. തുടർന്ന് സിപിഎം അനുഭാവികളായ സ്ത്രീത്തൊഴിലാളികൾ, മറ്റുള്ളവർ ജോലിക്കു ഹാജരായില്ലെന്ന് മസ്റ്റ് റോളിൽ രേഖപ്പെടുത്തി എന്നാണ് പരാതി.

വനിതാ മതിലിൽ പങ്കെടുക്കാത്തവർ ജോലി ചെയ്താൽ വേതനം ലഭിക്കില്ലെന്ന് സിപിഎം നേതാക്കൾ ഭീഷണിപ്പെടുത്തിയെന്നും വാർഡ് അഗം ആർ.ഗീത ആരോപിച്ചു. സാധാരണ ഞായറാഴ്ചകളിൽ തൊഴിലുറപ്പ് ജോലി ഉണ്ടാകാറില്ല. വനിതാമതിലിൽ പങ്കെടുക്കാൻ പോയവർക്ക് തൊഴിൽദിനം ലഭ്യമാക്കാനാണ് ഇന്നലെ ജോലി ഏര്‍പ്പെടുത്തിയതെന്നും ആരോപണമുണ്ട്. തൃക്കുന്നപ്പുഴ പൊലീസ് സ്ഥലത്തെത്തിയിരുന്നു.