ആലപ്പുഴ ∙ പൊതുമേഖലാ മൊബൈൽ ഫോൺ സേവന ദാതാക്കളായ ബിഎസ്എൻഎല്ലിനു 4ജി സ്പെക്ട്രം അനുവദിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിനു പദ്ധതിയൊന്നുമില്ല. 4 ജി സ്പെക്ട്രം സംബന്ധിച്ചു രാജ്യസഭയിൽ ബിനോയ് വിശ്വത്തിന്റെ ചോദ്യത്തിനു കേന്ദ്ര സഹമന്ത്രി മനോജ് സിൻഹ വ്യക്തമായ ഉത്തരം നൽകിയില്ല. നിലവിലുള്ള സ്പെക്ട്രം 4ജി അടക്കമുള്ള ഏതു ടെക്നോളജിക്കും വേണ്ടി ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്നു മാത്രമായിരുന്നു മന്ത്രിയുടെ മറുപടി. പുതുതായി സ്പെക്ട്രം അനുവദിക്കുന്ന കാര്യത്തിൽ നടപടികൾ മന്ത്രി അറിയിച്ചില്ല.
കഴിഞ്ഞ ഒക്ടോബറിനു മുൻപു 4ജി സ്പെക്ട്രം അനുവദിക്കുന്ന കാര്യത്തിൽ തീരുമാനമാകുമെന്നായിരുന്നു നേരത്തെ മന്ത്രിയുടെ ഉറപ്പ്. 3ജി ഉപയോഗത്തിനായുള്ള 2100 മെഗാഹെട്സ് ബാൻഡ് ഉപയോഗിച്ചാണ് ഇപ്പോൾ ബിഎസ്എൻഎൽ 4ജി സേവനം പല സ്ഥലങ്ങളിലും നൽകുന്നത്. 3ജി ടവറുകൾ 4 ജിയാക്കി മാറ്റിയാണു സേവനം. എന്നാൽ ഉപയോക്താക്കൾക്കു പൂർണ 4ജി സേവനം ലഭിക്കാൻ പുതിയ സ്പെക്ട്രം ഇല്ലാതെ സാധിക്കില്ല. 3ജി ടവറുകൾ 4ജി ആകുമ്പോൾ 2 ജി, 4ജി സേവനങ്ങൾ മാത്രമാകും ലഭിക്കുക. ഇതു ഡേറ്റാ സ്പീഡിൽ കാര്യമായ വ്യത്യാസം ഉണ്ടാക്കും.
3ജി സ്പെക്ട്രം ഉപയോഗിച്ചു 4ജി സേവനം നൽകുമ്പോൾ പല മൊബൈൽ ഹാൻഡ്സെറ്റുകളും സപ്പോർട്ട് ചെയ്യുന്നില്ലെന്നും പരാതിയുണ്ട്. 4 ജി ലാഭകരമാകില്ലെന്ന നിതി ആയോഗിന്റെ കണ്ടെത്തലാണു സ്പെക്ട്രം അനുവദിക്കുന്നതിനു തടസ്സമെന്നും ആരോപണമുണ്ട്. എന്നാൽ മറ്റു സ്വകാര്യ സേവനദാതാക്കൾ ലാഭകരമായി മുന്നോട്ടു കൊണ്ടുപോകുന്ന 4ജി സേവനം ബിഎസ്എൻഎല്ലിനു മാത്രം നഷ്ടമാകുന്നത് എങ്ങനെയെന്നാണ് ഈ മേഖലയിലുള്ളവർ ചോദിക്കുന്നത്.