കോട്ടയം∙ സംസ്ഥാനത്ത് കലാപമുണ്ടാക്കുന്നത് സർക്കാർ തന്നെയാണെന്ന എൻഎസ്എസിന്റെ പ്രസ്താവനയിൽ വാസ്തവമുണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ.
പൊലീസിന്റെ കൃത്യ വിലോപത്തിനെതിരെ എൻഎസ്എസ് സ്വീകരിച്ച നിലപാടിനോട് യോജിക്കുന്നു. ഈ പൊലീസുമായി സർക്കാർ അധികം മുന്നോട്ടു പോവില്ല. മികവുള്ള ഉദ്യോഗസ്ഥരെല്ലാം പുറത്താണ്. സർക്കാരിന്റെ അജൻഡ നടപ്പാക്കുന്ന ഉപകരണങ്ങൾ മാത്രമായി സേനയെ മാറ്റുകയാണ്. ടി.പി സെൻകുമാറിനെതിരെ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ആരോപിക്കുന്ന സർക്കാർ നടപടിയെടുക്കാനുള്ള ആർജവം കൂടി കാണിക്കണമെന്നും തിരുവഞ്ചൂർ പറഞ്ഞു.
അനിഷ്ട സംഭവങ്ങളുടെ ഉത്തരവാദിത്തം പൊലീസിനു മാത്രമാണ്. ക്രമസമാധാനം തകർന്നു എന്ന് ഇനിയെങ്കിലും സമ്മതിക്കാൻ സർക്കാർ തയാറാകണം. ചെന്നിത്തല ആർഎസ്എസിനു വേണ്ടി സംസാരിക്കുന്നു എന്ന സിപിഎം വാദം പൊളിഞ്ഞ ചെണ്ടയിൽ വീണ്ടും വീണ്ടും കൊട്ടുന്നതു പോലെയാണ്.
പാത്താമുട്ടം സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ ലോങ് മാർച്ചിനെ അടിച്ചമർത്താനും പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കാനുമാണ് ശ്രമിച്ചത്. ഇതേ പൊലീസ് അക്രമിക്കപ്പെട്ടവരോട് കാണിച്ചത് ഇരട്ടത്താപ്പാണ്. ഡിവൈഎസ്പി ആർ. ശ്രീകുമാറിനെതിരെ നടപടി എടുത്ത് സത്യം പുറത്തു കൊണ്ടു വരണം. പാത്താമുട്ടം ആക്രമം കള്ളക്കഥയാണെന്ന വാദങ്ങളെ തള്ളിക്കളയുന്നുവെന്നും തിരുവഞ്ചൂർ പറഞ്ഞു.