ഗാർഹിക മാലിന്യ സംസ്‌കരണം: ഇനി 90% സബ്‌സിഡി

food-waste
SHARE

മലപ്പുറം ∙ വീടുകളിൽ സ്‌ഥാപിക്കുന്ന ബയോഗ്യാസ് പ്ലാന്റുകൾക്കും കംപോസ്‌റ്റ് യൂണിറ്റുകൾക്കും സർക്കാർ നൽകി വരുന്ന സബ്‌സിഡി വർധിപ്പിച്ചു. ഗുണഭോക്‌തൃ വിഹിതം 10 ശതമാനമാക്കി. നിലവിൽ ഇത് പൊതുവിഭാഗത്തിന് 50 ശതമാനവും പട്ടികജാതി–വർഗ വിഭാഗത്തിന് 25 ശതമാനവുമായിരുന്നു. 2019–20 സാമ്പത്തിക വർഷത്തിൽ നിലവിൽ വരുമെന്നു തദ്ദേശ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു. 2019 ഏപ്രിൽ ഒന്നിനു ശേഷമായിരിക്കും ആനുകൂല്യം ലഭിക്കുക.

5 സെന്റോ അതിൽ കുറവോ ഭൂമിയുള്ളവർക്കു മുൻഗണന ലഭിക്കും. പദ്ധതിക്കുള്ള സബ്‌സിഡി വിഹിതം തദ്ദേശഭരണ വകുപ്പും ശുചിത്വ മിഷനും ചേർന്നാണു വഹിക്കുന്നത്. നഗരസഭകളിലും പഞ്ചായത്തുകളിലും രണ്ടു തരത്തിലായിരുന്നു സബ്‌സിഡി നൽകി വന്നിരുന്നത്. പുതിയ ഉത്തരവിൽ ഇത് ഏകീകരിച്ചു. പഞ്ചായത്തുകളിലെ ഗുണഭോക്‌താക്കൾക്കു കിട്ടുന്ന സബ്‌സിഡി ആനുകൂല്യം നഗരസഭകളിലുള്ളവർക്കും ലഭിക്കും. യൂണിറ്റ് കോസ്‌റ്റിന്റെ 90% സബ്‌സിഡിയായി ലഭിക്കും. നേരത്തേ ഇത് പൊതുവിഭാഗത്തിന് 50 ശതമാനവും പട്ടികജാതി–വർഗ വിഭാഗത്തിന് 75 ശതമാനവുമായിരുന്നു. യൂണിറ്റുകൾ സ്‌ഥാപിക്കാനുള്ള ചെലവിന്റെ 30 % ശുചിത്വമിഷൻ വഹിക്കും. ബാക്കി തദ്ദേശ സ്‌ഥാപനമാണു വഹിക്കേണ്ടത്.

വീടുകൾക്കുള്ള വിവിധതരം കംപോസ്‌റ്റ് യൂണിറ്റുകൾക്ക് 90 % സബ്‌സിഡി ലഭിക്കും. ഗാർഹിക ബയോഗ്യാസ് യൂണിറ്റുകൾക്ക് 90 ശതമാനമോ 7200 രൂപയോ ഏതാണു കുറവ് അതുപ്രകാരമായിരിക്കും സബ്‌സിഡി ലഭിക്കുക.

ശുചിത്വമിഷൻ അംഗീകരിച്ച ഏജൻസികളെയായിരിക്കണം തദ്ദേശ സ്‌ഥാപനങ്ങൾ യൂണിറ്റ് തുടങ്ങാൻ ഏൽപിക്കേണ്ടത്. ഇവയ്‌ക്ക് ഒരു വർഷത്തെ വാറന്റിയും ഉണ്ടായിരിക്കണം. 

1000 രൂപയുടെ ചെറിയ കംപോസ്‌റ്റ് യൂണിറ്റ് മുതൽ 12,000 രൂപയുടെ ബയോഗ്യാസ് പ്ലാന്റുകൾ വരെ ശുചിത്വമിഷൻ അംഗീകരിച്ച വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ സംവിധാനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA