തിരുവനന്തപുരം ∙ സാമ്പത്തിക സംവരണത്തെ എതിർത്തു മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ. മുന്നാക്കക്കാരിലെ പാവപ്പെട്ടവർക്കു സംവരണം നൽകുന്നതിനോടു നയപരമായി യോജിക്കുന്നുവെന്നു പാർട്ടിയുടെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾ വ്യക്തമാക്കിയപ്പോഴാണ് വിഎസിന്റെ പരസ്യ വിയോജിപ്പ്.
സംവരണം എന്നത് സാമ്പത്തിക പദ്ധതിയല്ലെന്നു വിഎസ് പറഞ്ഞു. അതുകൊണ്ടാണു ജനകീയ ജനാധിപത്യത്തിന്റെ സത്തയുമായി ഒരുതരത്തിലും യോജിച്ചുപോവാത്ത സാമ്പത്തിക സംവരണത്തെ സിപിഎം പിന്തുണയ്ക്കാതിരുന്നത്. വാജ്പേയ് സർക്കാരിന്റെ കാലത്ത് ഇതുപോലെ മന്ത്രിസഭാ തീരുമാനമുണ്ടായപ്പോൾ അതിന്റെ പൊള്ളത്തരം സിപിഎം തുറന്നുകാട്ടിയിട്ടുണ്ട്. രാജ്യവ്യാപകമായി ചർച്ച ചെയ്ത ശേഷമേ മുന്നാക്കക്കാരിലെ സാമൂഹിക പിന്നാക്കാവസ്ഥയുള്ളവരുടെ കാര്യത്തിൽ തീരുമാനമെടുക്കാവൂ.
ഹീനമായ കുലത്തൊഴിലുകളും തൊട്ടുകൂടായ്മയുംമൂലം അടിച്ചമർത്തപ്പെട്ടവർക്കു വിദ്യാഭ്യാസവും തൊഴിലും അപ്രാപ്യമാവുന്ന സാമൂഹിക അനീതിക്കെതിരെ വേണ്ട ജനാധിപത്യ അവകാശമായാണു സംവരണത്തെ കാണേണ്ടത്. ഈ കാരണം കൊണ്ടു തന്നെ വ്യാപകവും സമഗ്രവുമായ ആശയ രൂപീകരണം നടത്തിയാണ് അതു നേടിയെടുക്കേണ്ടത്. ഇതൊന്നും ചെയ്യാതെ സവർണ വോട്ടുകൾ പരമാവധി സ്വരൂപിക്കുകയെന്ന ലക്ഷ്യം മാത്രമാണു ബിജെപി സർക്കാരിന്റെ പുതിയ പ്രഖ്യാപനത്തിലുള്ളത്. ജനാധിപത്യത്തിൽ സംവരണം എന്ന ആശയത്തിന്റെ സത്ത ചോർത്തിക്കളയുന്ന തീരുമാനമാണു ബിജെപി മന്ത്രിസഭ കൈക്കൊണ്ടതെന്നും വിഎസ് അഭിപ്രായപ്പെട്ടു.
മുന്നാക്കക്കാരിലെ പാവപ്പെട്ടവർക്കു സംവരണമെന്ന കേന്ദ്രതീരുമാനത്തോടു സിപിഎം തത്വത്തിൽ യോജിക്കുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കിയപ്പോഴാണു വിഎസ് എതിർപ്പ് പരസ്യമാക്കിയത്. ലോക്സഭാ തിരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള ചെപ്പടിവിദ്യയാണെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ ഇന്നലെ അഭിപ്രായപ്പെട്ടുവെങ്കിലും പാർട്ടി ഇതു നേരത്തെ ആവശ്യപ്പെട്ടിരുന്നതാണെന്നു കൂടി ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ ഇപ്പോൾ പ്രഖ്യാപിച്ച നിലയിലുള്ള സാമ്പത്തിക സംവരണമല്ല സിപിഎമ്മിന്റെ പതിനഞ്ചാം പാർട്ടി കോൺഗ്രസ് മുന്നോട്ടുവച്ചതെന്ന വാദത്തിലാണ് വിഎസ്. അതിനുശേഷം മറിച്ചൊരു നിലപാട് പാർട്ടി കോൺഗ്രസുകളൊന്നും സ്വീകരിക്കാത്തതിനാൽ പാർട്ടിയെ സംബന്ധിച്ച് അതാണ് ആധികാരികമെന്നു കേന്ദ്രനേതൃത്വത്തെ വിഎസ് അറിയിച്ചുവെന്നാണു വിവരം.
92ലെ ആവശ്യപ്പെട്ടെന്ന് സിപിഐ
മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കു സംവരണമെന്ന ആശയം ഒരു പാർട്ടിയുടെ ആവശ്യമായി ദേശീയ തലത്തിൽ ആദ്യം ഉയർത്തിയ പാർട്ടികളിലൊന്നെന്ന അവകാശവാദവുമായി സിപിഐ. 1992 ലൈ ഹൈദരാബാദ് പാർട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയപ്രമേയത്തിൽ പാർട്ടി ഇങ്ങനെ നിർദ്ദേശിച്ചു: ‘മുന്നാക്കക്കാരിലെ പാവപ്പെട്ടവർക്ക് 10% സംവരണം നടപ്പാക്കണം. ഇതിനായി ഭരണഘടനാഭേദഗതി കൊണ്ടുവരണം’.
കേന്ദ്രത്തെ അനുകൂലിച്ച് തുഷാർ
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു സംവരണം ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ തീരുമാനത്തെ അനുകൂലിക്കുന്നതായി ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റും എൻഡിഎ കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. വനിതാമതിലിനെ പിന്തുണച്ച ബിഡിജെഎസ് നിലപാട് ഇന്നലെ ചേർന്ന എൻഡിഎ യോഗം ചർച്ച ചെയ്തോയെന്ന ചോദ്യത്തിന് അതു സംബന്ധിച്ച വിശദീകരണം നേരത്തേ നൽകിയതാണെന്നും അതു ചർച്ച ചെയ്യാനുള്ള വേദിയല്ല എൻഡിഎ യോഗമെന്നും തുഷാർ പറഞ്ഞു.
∙ 'ജാതി പിന്നോക്കാവസ്ഥപോലെ, സാമ്പത്തിക പിന്നോക്കാവസ്ഥ ശാശ്വതമല്ല. സംവരണം പോലുള്ള കാര്യങ്ങളെ കേവലം വോട്ട് ബാങ്ക് രാഷ്ട്രീയമാക്കി തരം താഴത്താനുള്ള ബി ജെ പിയുടെ നീക്കം തുറന്നു കാട്ടണം.' - വി.എസ്. അച്യുതാനന്ദൻ