തിരുവനന്തപുരം ∙ പ്രളയാനന്തര പുനർനിർമ്മാണത്തിനായി ജിഎസ്ടിക്കു മേൽ ഒരു ശതമാനം സെസ് ചുമത്തുന്നതിലൂടെ 2 വർഷം കൊണ്ട് 1000 കോടിയോളം രൂപ ലഭിക്കുമെന്ന് സർക്കാർ വിലയിരുത്തൽ. 10ന് ചേരുന്ന ജിഎസ്ടി കൗൺസിലിലേ ഏതൊക്കെ നികുതി നിരക്കുകൾക്കു മേൽ സെസ് ഏർപ്പെടുത്താൻ കഴിയുമെന്ന് വ്യക്തമാകൂ. ഏതൊക്കെ ഉൽപന്നങ്ങൾക്ക് സെസ് ചുമത്തണമെന്നു തീരുമാനിക്കാൻ സംസ്ഥാന സർക്കാരിന് അധികാരം ലഭിക്കുമെന്നാണു പ്രതീക്ഷ. സാധാരണക്കാരെ ബാധിക്കാത്ത തരത്തിൽ ആഡംബര ഉൽപന്നങ്ങൾക്കും വിലയേറിയ ഉൽപന്നങ്ങൾക്കും മേൽ സെസ് ചുമത്താനാണ് സംസ്ഥാന സർക്കാർ ആലോചിക്കുന്നത്.
അതേസമയം സംസ്ഥാനത്തിന് ഏറ്റവുമധികം നികുതി ലഭിക്കുന്ന ഉൽപന്നങ്ങൾ ഏതൊക്കെയെന്ന കണക്ക് ഇപ്പോൾ സർക്കാരിന്റെ പക്കലില്ല. ജിഎസ്ടി നടപ്പാക്കിയിട്ട് ഒരു വർഷം കഴിഞ്ഞെങ്കിലും കണക്കുകൾ വേർതിരിച്ചെടുക്കുന്ന സോഫ്റ്റ്‌വെയർ തയാറാക്കാത്തതാണ് കാരണം. മറ്റു പല സംസ്ഥാനങ്ങളും സോഫ്റ്റ്‌വെയർ പണം മുടക്കി വാങ്ങിയപ്പോൾ കേരളമാകട്ടെ നാഷണൽ ഇൻഫർമാറ്റിക് സെന്ററിനെക്കൊണ്ട് സോഫ്റ്റ്‌വെയർ തയാറാക്കാമെന്ന നിലപാടെടുക്കുകയായിരുന്നു.